എച്ച്1 എന്‍ 1 വൈറസും എച്ച്5 എന്‍1 വൈറസും തമ്മിലുള്ള താരതമ്യം
എച്ച്1 എന്‍ 1 വൈറസും എച്ച്5 എന്‍1 വൈറസും തമ്മിലുള്ള താരതമ്യം
Friday, November 28, 2014 1:13 AM IST
സൂക്ഷിക്കുക, ഇവനാണ് ഏറ്റവും അപകടകാരി

എച്ച്1 എന്‍1 മുതല്‍ എച്ച്10 എന്‍7 വരെ 11 ഇനം പനിവൈറസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ മനുഷ്യര്‍ക്ക് ഏറ്റവും മാരകമായിട്ടുള്ളത് എച്ച്5 എന്‍1 ആണ്.

668ല്‍ 393 മരണം

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്ക് ഇതാണ്. 2003നു ശേഷം ഇതുവരെ ലോകത്തു മനുഷ്യരില്‍ സ്ഥിരീകരിച്ച എച്ച്5 എന്‍1 രോഗബാധ 668. അതില്‍ മരണം 393.

ഏറ്റവും ഒടുവിലെ രണ്ടു മരണങ്ങള്‍ ഈജിപ്തിലാണ്. ഈ മാസം 17ന് ഒരു പത്തൊമ്പതുകാരിയും പിറ്റേന്ന് ഒരു മുപ്പതുകാരിയും മരിച്ചു.

ഹോങ്കോംഗില്‍ തുടക്കം

ഹോങ്കോംഗില്‍ 1993ലാണ് എച്ച്5 എന്‍1 രോഗബാധ മനുഷ്യരില്‍ കണ്ടത്. തുടര്‍ന്നു 16 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചു. മരണത്തോത് 60 ശതമാനമാണ്.

കൂടുതല്‍ ഇന്തോനേഷ്യയില്‍

ഏറ്റവും കൂടുതല്‍ രോഗബാധ (193)യും മരണവും (161) ഇന്തോനേഷ്യയിലാണ്. ഈജിപ്തില്‍ 180 പേര്‍ക്കു പിടിച്ചു. 66 പേര്‍ മരിച്ചു. വിയറ്റ്നാമില്‍ 125 പേര്‍ക്കു ബാധിച്ചു. 62 പേര്‍ മരിച്ചു. ചൈനയില്‍ 45 പേര്‍ക്കു പിടിച്ചു. 30 പേര്‍ മരിച്ചു. 38 പേര്‍ക്കു ബാധിച്ച കംബോഡിയയില്‍ 29 പേര്‍ മരിച്ചു.

കാനഡയില്‍ ഒരാള്‍ ഈ രോഗം മൂലം മരിച്ചതൊഴിച്ചാല്‍ എല്ലാ രോഗബാധയും മരണങ്ങളും ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. പാക്കിസ്ഥാനില്‍ മൂന്നുപേര്‍ക്കു രോഗം വന്നു, ഒരാള്‍ മരിച്ചു.

എച്ച്, എന്‍ പ്രോട്ടീനുകള്‍

ഓര്‍ത്തോമിക്സേ വൈറിഡേ കുടുംബത്തില്‍പ്പെട്ടതാണു പക്ഷികളില്‍ ഇന്‍ഫ്ളുവന്‍സ പരത്തുന്ന വൈറസ്. റിബോന്യൂക്ളിയിക് ആസിഡ് (ആര്‍എന്‍എ) വൈറസ് ഇനത്തില്‍പ്പെട്ടതാണ് ഇവ.

വൈറസിന്റെ പേരിലെ എച്ചും എന്നും അതിലുള്ള പ്രോട്ടീനുകളുടെ പേരാണ്. ഹീമാഗ്ളൂട്ടിനിന്‍ (എച്ച്) എന്ന പ്രോട്ടീനിന്റെ ഏതു വകഭേദമാണ് എന്നാണ് എച്ചിനോടൊപ്പമുള്ള അക്കം സൂചിപ്പിക്കുന്നത്. എന്‍ ന്യൂറാമിനിഡേസ് എന്ന പ്രോട്ടീനിനെ സൂചിപ്പിക്കുന്നു. എച്ചിന്റെ അഞ്ചാമത്തെയും എന്നിന്റെ ഒന്നാമത്തെയും വകഭേദങ്ങള്‍ ചേര്‍ന്നതാണ് എച്ച്5 എന്‍1.


തീവ്രത കൂടിയത്

ഏഷ്യയിലും ആഫ്രിക്കയിലുമുള്ള എച്ച്5 എന്‍1 വൈറസുകള്‍ തീവ്രമായി രോഗബാധ ഉണ്ടാക്കുന്നവ (ഹൈലി പാഥോജനിക്) ആണ്. അതുകൊണ്ട് എച്ച്പിഎഐ (ഹൈലി പാഥോജനിക് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ) എച്ച്5 എന്‍1 എന്നാണു വൈറസിനെ വിശേഷിപ്പിക്കുക. വടക്കേ അമേരിക്കയിലുള്ളതു രോഗം ബാധിക്കുന്നതില്‍ തീവ്രത കുറഞ്ഞ ലോ പാഥോജനിക് ഇനമാണ്.

മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരില്ല

പക്ഷികളില്‍നിന്നു മനുഷ്യരിലേക്കു പകരുമെങ്കിലും ഈയിനം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്നതായി തെളിവില്ല.

രോഗം ബാധിച്ചാല്‍

രോഗം ബാധിച്ചാല്‍ നാലഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, ചുമ, ശ്വാസതടസം, കീഴ്വയറ്റില്‍ വേദന, ഛര്‍ദി, സന്ധിവേദന, നെഞ്ചുവേദന തുടങ്ങിയവ ഉണ്ടാകും.

ന്യൂമോണിയ, ശ്വാസംമുട്ടല്‍, കിഡ്നി തകരാര്‍ തുടങ്ങിയവ ഇതിന്റെ ഫലമായി ഉണ്ടാകാം. മരണവും സംഭവിക്കാം.

മുന്‍കരുതല്‍

രോഗബാധയുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര സുരക്ഷിതമായ സംവിധാനങ്ങളോടെയേ പോകാവൂ. രോഗം പിടിച്ചതോ ചത്തതോ ആയ പക്ഷികളെ സ്പര്‍ശിക്കാതിരിക്കുക. കൈയുറയും മാസ്കും ദേഹം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങളും വേണം. മുറിവും മറ്റും ഉള്ളവര്‍ രോഗബാധയുള്ളിടങ്ങളില്‍ പോകരുത്.

നല്ലതുപോലെ വേവിച്ച ഇറച്ചിയിലും മുട്ടയിലുംകൂടി വൈറസുകള്‍ പകരില്ല. എങ്കിലും ഇവ ഒഴിവാക്കുന്നതാണു സുരക്ഷിതം.

ചികിത്സ

താമിഫ്ളു എന്ന ഒസെല്‍ടാമിവിര്‍ ഫോസ്ഫേറ്റാണു നിലവില്‍ ഉപയോഗിക്കപ്പെടുന്ന ഔഷധം. വൈറസ് കോശങ്ങളില്‍ വളരുന്നതു തടയാന്‍ ഇതിനു പറ്റും. താമിഫ്ളുവിനെ ചെറുക്കുന്ന വൈറസ് ഇനങ്ങളെയും കണ്െടത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.