രാജഗിരിവാലിയില്‍ ഇന്ന് ഭാരതസഭയുടെ ആഘോഷം
രാജഗിരിവാലിയില്‍ ഇന്ന് ഭാരതസഭയുടെ ആഘോഷം
Saturday, November 29, 2014 11:59 PM IST
കൊച്ചി: ആഗോള കത്തോലിക്കാസഭയ്ക്കു കേരളത്തില്‍നിന്നു രണ്ടു വിശുദ്ധരെ ലഭിച്ചതിനു നന്ദിചൊല്ലി കാക്കനാട് രാജഗിരിവാലിയിലെ ചാവറ-എവുപ്രാസ്യ നഗറില്‍ ഇന്നു ദേശീയതലത്തില്‍ ഭാരതസഭയുടെ ആഘോഷം. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചു ഭാരതസഭയുടെ കൃതജ്ഞതാബലിയര്‍പ്പണത്തിനു സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളുടെ മേലധ്യക്ഷന്മാരും മറ്റു മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ഇന്ന് ഉച്ചയ്ക്കുശേഷം 1.30ന് പ്രദക്ഷിണമായി ബലിവേദിയിലേക്കെത്തും.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്

ഡോ. എം. സൂസപാക്യം, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവരും മറ്റു മെത്രാപ്പോലീത്തമാരും മെത്രാന്മാരും സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ.പോള്‍ ആച്ചാണ്ടിയും വൈദികരും സഹകാര്‍മികത്വം വഹിക്കും.

പ്രത്യേക വേദിയില്‍ ഇന്നലെ ജാഗരണ പ്രാര്‍ഥന നടന്നു. രാജഗിരിവാലിയില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ 50,000 പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുണ്ട്. പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. സിഎംഐ, സിഎംസി സഭകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യസേവന സംരംഭങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.