മത്സരങ്ങള്‍ ഇന്ന് സമാപിക്കും സ്വര്‍ണക്കപ്പില്‍ കണ്ണുംനട്ട് കോഴിക്കോട്
മത്സരങ്ങള്‍ ഇന്ന് സമാപിക്കും സ്വര്‍ണക്കപ്പില്‍ കണ്ണുംനട്ട് കോഴിക്കോട്
Saturday, November 29, 2014 12:08 AM IST
വി.എം.ഷൈജിത്ത്്

തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ മിക്ക ഇനങ്ങളുടെയും ഫലം പുറത്തുവന്നപ്പോള്‍ കോഴിക്കോട് മുന്നില്‍. 22537 പോയിന്റുനേടിയാണ് കോഴിക്കോട് സ്വര്‍ണക്കപ്പിനുള്ള പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. 22008 പോയിന്റുമായി ആതിഥേയരായ മലപ്പുറം തൊട്ടുപിന്നിലുണ്ട്. 21755 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന്. 21353 പോയിന്റുള്ള പാലക്കാടാണ് നാലാം സ്ഥാനത്ത്. പ്രവൃത്തിപരിചയമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 35 ഇനങ്ങളുടെയും ഹൈസ്കൂള്‍ വിഭാഗത്തിലെ 12 ഇനങ്ങളുടെയും ഫലം പുറത്തുവരുന്നതോടെ പ്രഥമ സ്വര്‍ണക്കപ്പിന്റെ അവകാശികളാരെന്ന് വ്യക്തമാകും. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിലെ പോയിന്റുകള്‍ കണക്കാക്കിയാണ് പ്രഥമ സ്വര്‍ണക്കപ്പിന്റെ അവകാശികളെ കണ്െടത്തുക.

ശാസ്ത്രോത്സവത്തിന് നാളെ തിരശീല വീഴും. മേളയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. നാളെ സമാപനസമ്മേളനം മാത്രമാണ് നടക്കുക. ശാസ്ത്രമേളയില്‍ മൂന്നിനങ്ങളിലെ ഫലം പുറത്തുവരാനുള്ളപ്പോള്‍ 154 പോയിന്റുമായി മലപ്പുറം ജില്ലയാണ് മുന്നില്‍. 150 പോയിന്റുള്ള കണ്ണൂര്‍ രണ്ടും 144 പോയിന്റുള്ള കോഴിക്കോട് മൂന്നും സ്ഥാനത്താണ്. കാസര്‍ഗോഡ് (132), തിരുവനന്തപുരം (132), എറണാകുളം (130), പാലക്കാട് (128), തൃശൂര്‍ (128), ഇടുക്കി (127), പത്തനംതിട്ട (127), കൊല്ലം (125), ആലപ്പുഴ (125), വയനാട് (121), കോട്ടയം (111) എന്നിങ്ങനെയാണ് പോയിന്റുനില. ഗണിതശാസ്ത്രമേളയില്‍ 301 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. 292 പോയിന്റുമായി മലപ്പുറവും 290 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നിലുണ്ട്. 280 പോയിന്റുമായി കാസര്‍ഗോഡാണ് നാലാം സ്ഥാനത്ത്.

സാമൂഹ്യശാസ്ത്രമേളയില്‍ തൃശൂര്‍ 147 പോയിന്റുമായി മുന്നിലെത്തി. 141 പോയിന്റുമായി മലപ്പുറവും 136 പോയിന്റുമായി കോഴിക്കോടുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. പ്രവൃത്തിപരിചയമേളയില്‍ കോഴിക്കോടാണ് മുന്നില്‍. 28615 പോയിന്റാണ് കോഴിക്കോടിന്റെ നേട്ടം. തൊട്ടടുത്തുള്ള മലപ്പുറം 27830 പോയിന്റുനേടി. 27573 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തിലെ പത്തിനങ്ങളുടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 24 ഇനങ്ങളുടെയും ഫലം പുറത്തുവരാനുണ്ട്.

ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ 52 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 45 പോയിന്റുമാണ് മലപ്പുറത്തിന് ലഭിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഓരോ ഇനങ്ങളാണ് ഇന്ന് നടക്കാനുള്ളത്.

ഇന്നലെ നടന്ന ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രനാടക മത്സരത്തിന്റെ ഫലവും പുറത്തുവരാനുണ്ട്. സാമൂഹ്യശാസ്ത്രമേളയില്‍ മൂന്നിനങ്ങള്‍ ഇന്നുനടക്കും. ഗണിതശാസ്ത്രമേളയിലെ ഒരിനവും ഇന്നാണ് നടക്കുക.

ഗ്യാസ് ടാങ്കര്‍ സുരക്ഷ ഇനിയും വൈകരുത്

തിരൂര്‍: കണ്ണൂര്‍ ചാലയിലെ ഗ്യാസ് ടാങ്കര്‍ ദുരന്തം കേരളത്തിനു മറക്കാറായിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് ടാങ്കറുകള്‍ മറിയുമ്പോള്‍ ജനം ഭയവിഹ്വലരാകുകയാണ്. ഇതിനൊരു പ്രതിവിധി വേണ്േട. കണ്ണൂര്‍ മമ്പറം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെത്തിയത് ഗ്യാസ് ടാങ്കറിന്റെ സുരക്ഷ ഉറപ്പാക്കുന്ന നൂതനപദ്ധതിയുമായാണ്. സേഫ്ടി എന്‍ഷുവേര്‍ഡ് ഗ്യാസ് ടാങ്കര്‍ എന്ന പേരിലുള്ള പ്രോജക്ട് തയറാക്കിയത് വിദ്യാര്‍ഥികളായ അഭ്യൂദയും ശ്രീഹരിയുമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗം വര്‍ക്കിംഗ് മോഡലിലാണ് വിദ്യാര്‍ഥികള്‍ പദ്ധതി അവതരിപ്പിച്ചത്.


ഗ്യാസ് ടാങ്കര്‍ മറിഞ്ഞാല്‍ ഉടനടി വിവരം കൈമാറുന്ന സിഗ്നലുകളും അലാറവുമാണ് സംവിധാനത്തില്‍ തയാറാക്കിയിട്ടുള്ളത്. തീപിടിച്ചാല്‍ ടാങ്കര്‍ അതില്‍തന്നെയുള്ള ബുള്ളറ്റ് പമ്പിലെ വെള്ളം ഉപയോഗിച്ചു തണുപ്പിക്കാം. ടാങ്കര്‍ മറിയുകയാണെങ്കില്‍ ജിപിഎസ് സംവിധാനം, സാറ്റലൈറ്റ് എന്നിവ വഴി സിഗ്നല്‍ വഴി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അലര്‍ട്ട് ചെയ്യാനും സാധിക്കുന്നു.

'സൌമ്യ'ആവര്‍ത്തിക്കരുത്

തിരൂര്‍: സ്ത്രീകളുടെ ട്രെയിനിലെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. സൌമ്യയുടെ ദുരന്തം വേദനയായി വിങ്ങുകയാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലേഡീസ് ഇ മദര്‍ ടെക്നോളജിയുമായാണ് കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെത്തിയത്. സ്കൂളിലെ ശ്വേതയും കാര്‍ത്തികയുമാണ് സഹോദരിമാരുടെ സുരക്ഷയ്ക്കായി നൂതനപദ്ധതിയുമായി ശാസ്ത്രോത്സവത്തിനെത്തിയത്. ഹെല്‍പ് സ്വിച്ച്, ആല്‍ക്കഹോള്‍ സെന്‍സര്‍, ഫയര്‍ അലര്‍ട്ട്, മെഡിക്കല്‍ ഹെല്‍പ് എന്നിവ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം വര്‍ക്കിംഗ് മോഡലില്‍ തയാറാക്കിയിട്ടുള്ളത്.

അപായസൂചന ഉടനെ അറിയിക്കാനും സുരക്ഷ ഏര്‍പ്പെടുത്താനുമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീവണ്ടി പോകുമ്പോള്‍ താനെ അടയുകയും നിര്‍ത്തുമ്പോള്‍ അടയുകയും ചെയ്യുന്ന സംവിധാനം മറ്റൊരു പ്രത്യേകതയാണ്.

ബഹിരാകാശത്തെ സോളാര്‍ പവര്‍ സ്റേഷന്‍

തിരൂര്‍: ഭൂമിയില്‍ സോളാര്‍പാനല്‍ സ്ഥാപിക്കുമ്പോള്‍ നഷ്ടക്കണക്കുകള്‍ മാത്രമാണ് ബാക്കി. ഇനി ബഹിരാകാശമാണ് രക്ഷ. കോട്ടയം ചേര്‍പ്പുങ്കല്‍ ഹോളിക്രോസിലെ വിദ്യാര്‍ഥികളായ അരവിന്ദ് എം.ഗിരിയും അതുലും സ്പേസ് സോളാര്‍ പവര്‍സ്റേഷനുമായെത്തിയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. തിരൂര്‍ ഗവ.ബോയ്സ് ഹൈസ്കൂളില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡലിലാണ് വിദ്യാര്‍ഥികള്‍ ബഹിരാകാശത്തെ ശാസ്ത്രസ്വപ്നങ്ങള്‍ അവതരിപ്പിച്ചത്.

ബഹിരാകാശത്ത് സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിക്കുമ്പോള്‍ പതിന്മടങ്ങ് നേട്ടമാണെന്ന് ഈ കുട്ടിശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയില്‍ 400 വാട്ട് പെര്‍ മീറ്റര്‍ സ്ക്വയറാണെങ്കില്‍ ബഹിരാകാശത്തെ സംവിധാനം വഴി 1300 വാട്ട് പെര്‍ മീറ്റര്‍ സ്ക്വയര്‍ പവറാണ് ലഭിക്കുന്നത്. ഭൂമിയിലെ സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതിവിതരണം മഴക്കാലത്തും രാത്രികാലത്തും പരിമിതമാണ്. എന്നാല്‍ സ്പേസ് സോളാര്‍ എനര്‍ജി 24 മണിക്കൂറുണ്ടാകും. സ്പേസ് സോളാര്‍ പവര്‍ സ്റേഷനില്‍ നിന്ന് മൈക്രോവേവ് വഴി സോളാര്‍ എനര്‍ജി ഡിസിയായി ഭൂമിയിലെ റെറ്റിനയിലേക്ക് അയയ്ക്കാമെന്നും ഇവര്‍ പറയുന്നു. 2.45 ഗിഗാ ഹെര്‍ട്സ് ഉപയോഗിച്ചാണ് തരംഗങ്ങള്‍ ഭൂമിയിലേക്ക് അയക്കുന്നത്. റെറ്റിനയില്‍ നിന്നു ഡിസി എനര്‍ജി ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ചു എസിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. റെറ്റിന ജനവാസം കുറഞ്ഞസ്ഥലങ്ങളിലും മരുഭൂമിയിലും സ്ഥാപിക്കാവുന്നതാണ്. സ്പേസ് സോളാര്‍ പവര്‍സ്റേഷന്‍ പദ്ധതിയുടെ പഠനം ജപ്പാനില്‍ നടന്നുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.