പ്രതിച്ഛായ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു കെ.എം.മാണി
പ്രതിച്ഛായ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു കെ.എം.മാണി
Saturday, November 29, 2014 12:12 AM IST
പാലാ: അമ്പതു വര്‍ഷത്തെ സുതാര്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്െടന്നും ധന മന്ത്രി കെ.എം. മാണി. പാലായില്‍ നടന്ന കേരള കോണ്‍ഗ്രസ്-എം നയവിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി പേടിക്കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. ചെളി വാരിയെറിയാന്‍ ശ്രമിക്കുന്നവര്‍ വേറെ പണി നോക്കണം. പ്രതിപക്ഷത്തിന്റെ സമരങ്ങളെല്ലാം ചീറ്റിപ്പോയിരിക്കുകയാണ്. കിട്ടിയ സീറ്റ് വിറ്റ് കാശാക്കിയ സിപിഐയുടെ ആരോപണങ്ങള്‍ ഗൌനിക്കുന്നില്ല.

കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത് അതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയ സിപിഎം നടത്തുന്നത് പിടിച്ചുനില്‍പ്പിന്റെ ശ്രമമാണ്. ഇടതുപക്ഷത്തിനു ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണ്.

സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി ജനനന്മയ്ക്കു വേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റ് റബറിന്റെ ഇറക്കുമതി അവസാനിപ്പിക്കണമെന്നും അഖിലകക്ഷി നിവേദകസംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിക്കു പോകാന്‍ തീരുമാനിച്ചതായും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനത്തിന്റെ പേരില്‍ കൃഷിഭൂമി നശിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


കേരള കോണ്‍ഗ്രസ്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജോസ് കെ. മാണി എം പി, എംഎല്‍എമാരായ സി.എഫ്. തോമസ്, ഡോ.എന്‍. ജയരാജ്, റോഷി അഗസ്റിന്‍, ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവരും പാര്‍ട്ടി സംസ്ഥാന ഭാരവാഹികളും പ്രസംഗിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചനയുണ്െടന്നും ഗൂഡാലോചനക്കാരെ ജനം തിരിച്ചറിയുമെന്നും കര്‍ഷക പെന്‍ഷനും കാരുണ്യ പദ്ധതിയും പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയ മന്ത്രി കെ.എം. മാണിയുടെ പ്രതിഛായ തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്െടന്നും നേതാക്കള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.