മദ്യവില്പനക്കാരില്‍നിന്നു പിരിവെടുത്തെന്നു പറഞ്ഞ ഉദ്യോഗസ്ഥനെതിരേ നടപടി വേണം: സുധീരന്‍
മദ്യവില്പനക്കാരില്‍നിന്നു പിരിവെടുത്തെന്നു പറഞ്ഞ  ഉദ്യോഗസ്ഥനെതിരേ നടപടി വേണം: സുധീരന്‍
Saturday, November 29, 2014 11:51 PM IST
കോട്ടയം. ജനപക്ഷയാത്രയ്ക്കായി മദ്യവില്പനക്കാരില്‍നിന്നു പിരിവെടുത്തതായി വെളിപ്പെടുത്തിയ കോട്ടയത്തെ എക്സൈസ് ഉദ്യോഗസ്ഥനെതിരേ നടപടി ഇനിയും വൈകരുതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. താന്‍ പണപ്പിരിവു നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നയുടനെ നടപടിയുണ്ടാകേണ്ടതായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസെന്നല്ല, ഒരു പാര്‍ട്ടിക്കുവേണ്ടിയും പിരിവെടുക്കരുത്. ഇതുസംബന്ധിച്ച പോലീസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം കോട്ടയം ഡിസിസി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മദ്യവില്പനക്കാരില്‍നിന്നും കളങ്കിതരെന്നു ജനം കരുതുന്നവരില്‍നിന്നും പിരിവെടുക്കാന്‍ പാടില്ലെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. സാധാരണക്കാരില്‍നിന്നുള്ള സംഭാവനകളാണു യാത്രയ്ക്കായി ആവശ്യപ്പെട്ടത്. കോട്ടയത്തെ വിഷയത്തില്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടതു ദൌര്‍ഭാഗ്യകരമാണ്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനം നടത്തുന്ന നേതാക്കളുടെ രാഷ്ട്രീയജീവിതം പെട്ടെന്നുണ്ടായ ആരോപണത്തിന്റെ പേരില്‍ തകര്‍ക്കുന്നതു നല്ലതല്ല. ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്റെ ഉറവിടം അറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ല. കെപിസിസി ജനറല്‍ സെക്രട്ടറി ഡി. ബാബുപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്െടന്നു കണ്െടത്തിയാല്‍ അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.


യാത്രയുടെ ചങ്ങനാശേരിയിലെ സ്വീകരണയോഗത്തില്‍ കേസുകളിലുള്‍പ്പെട്ട പാര്‍ട്ടി നേതാവ് വേദി പങ്കിട്ട സംഭവവും ബാബുപ്രസാദ് അന്വേഷിക്കും. അത്തരത്തില്‍ ആരോപണം നേരിടുന്നയാളെ വേദിയില്‍ കൊണ്ടുവന്ന സാഹചര്യം പരിശോധിക്കും. അതോടൊപ്പം അദ്ദേഹത്തിനെതിരേ ചാര്‍ജ് ചെയ്യപ്പെട്ട കേസുകളേതെന്ന കാര്യവും അന്വേഷിക്കും. അതേസമയം, ജനപക്ഷയാത്രയുടെ പേരിലുണ്ടായ വിവാദങ്ങള്‍ ഒരു തരത്തില്‍ അനുഗ്രഹവുമായിരിക്കുകയാണ്. യാത്ര ഉയര്‍ത്തുന്ന വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടയാക്കി. രാഷ്ട്രീയരംഗത്തെ ശുദ്ധീകരണം യാത്രയുടെ ലക്ഷ്യമാണ്. കോണ്‍ഗ്രസില്‍ അതിന്റേതായിട്ടുള്ള ചില പുരോഗതികള്‍ തുടങ്ങിയിട്ടുണ്ട്. യാത്രയില്‍ പങ്കെടുക്കാതെ അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ വ്യക്തിപരമായ ആരോപണങ്ങളുന്നയിക്കാന്‍ താനില്ല. എന്നാല്‍, യാത്രയില്‍ പങ്കെടുക്കാതെ കാര്യങ്ങളറിയാതെ വിമര്‍ശനമുന്നയിക്കുന്നതു ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, കെപിസിസി ഭാരവാഹികളായ ഡി.ബാബുപ്രസാദ്, ലതികാ സുഭാഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.