മുഖപ്രസംഗം: മനുഷ്യത്വമറിയാത്ത മൌലികവാദം
Thursday, December 18, 2014 11:38 PM IST
നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നിരത്തിനിര്‍ത്തി വെടിവച്ചുകൊല്ലുന്നതിന്റെ പിന്നിലുള്ള തത്ത്വശാസ്ത്രം എന്തുതന്നെയായാലും അതു മതിഭ്രമത്തിനുമപ്പുറത്തുള്ള ഭീകരമായൊരു മാനസികാവസ്ഥയുടെ ചെയ്തിയാണ്. ആ കുരുന്നുകളുടെ കണ്ണുകളില്‍ നോക്കി ഈ ക്രൂരകൃത്യം ചെയ്യാന്‍ തുനിഞ്ഞവരെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്? അധ്യാപികയെ കസേരയില്‍ കെട്ടിയിട്ട് കുട്ടികളുടെ കണ്‍മുന്നില്‍വച്ചു തീകൊളുത്തി കൊല്ലുന്നതു മനുഷ്യനിലെ നികൃഷ്ടതയുടെ പാരമ്യമാണ്. വെടിവച്ചുകൊല്ലുന്നതിനുമുമ്പു കുഞ്ഞുങ്ങളോടു പ്രാര്‍ഥന ചൊല്ലിക്കൊള്ളാന്‍ പറയുന്നവരുടെ മനസില്‍ ആധ്യാത്മികതയല്ല, പൈശാചികതയാണുള്ളത്. പാക്കിസ്ഥാനിലെ പെഷവാറില്‍ കഴിഞ്ഞ ദിവസം ഇതെല്ലാം നടന്നു. നൂറ്റിമുപ്പത്തിരണ്ടു സ്കൂള്‍ കുട്ടികളെ നിഷ്കരുണം വെടിവച്ചു കൊന്ന താലിബാനുകളെ കാപാലികര്‍ എന്നു വിശേഷിപ്പിച്ചാലും മതിയാവില്ല.

മൌലികവാദത്തിന്റെ, തീവ്രവാദത്തിന്റെ, അക്രമരാഷ്ട്രീയത്തിന്റെയെല്ലാം അടിസ്ഥാനം മനുഷ്യത്വമില്ലായ്മതന്നെയാണ്. ഇടതായാലും വലതായാലും കൊലപാതക രാഷ്ട്രീയവും തീവ്രവാദവും മതമൌലികവാദവുമൊന്നും മനുഷ്യത്വസ്പര്‍ശമുള്ള ഒരു ആദര്‍ശത്തിന്റെയും സൃഷ്ടിയല്ല, സ്വാര്‍ഥത നിറഞ്ഞ പൈശാചിക മനസുകളുടെ സൃഷ്ടിയാണ്. തങ്ങള്‍ പറയുന്നതുപോലെ മറ്റുള്ളവര്‍ ജീവിച്ചുകൊള്ളണമെന്നും അല്ലെങ്കില്‍ അവരെ ഇല്ലായ്മ ചെയ്യുമെന്നുമുള്ള നിലപാട് ഏതു മതത്തിന്റെയും ദൈവത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിലാണെങ്കിലും മനുഷ്യസമൂഹം അതിനെ അംഗീകരിക്കില്ല. ഹീനമായ അത്തരം തത്ത്വശാസ്ത്രങ്ങളുടെയും രാഷ്ട്രീയാശയങ്ങളുടെയും മതബോധത്തിന്റെയുമൊക്കെ പ്രണേതാക്കള്‍ക്കു ധാരാളം അനുയായികളെ കിട്ടുന്നുവെന്നതു പരിഷ്കൃത സമൂഹത്തിലും പ്രാകൃത മനസോടുകൂടിയവര്‍ കുറവല്ല എന്നാണു കാട്ടുന്നത്.

പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകള്‍ വിവിധ തീവ്രവാദി ഗ്രൂപ്പുകളുടെ വിഹാരരംഗമാണ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മൌനാനുവാദത്തോടെയാണ് ആ പ്രദേശങ്ങള്‍ തീവ്രവാദഗ്രൂപ്പുകള്‍ താവളമാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളത്തിനുനേര്‍ക്കു പല തവണ താലിബാന്‍ ആക്രമണമുണ്ടായി. അമേരിക്ക താലിബാന്‍ മേഖലയില്‍ കനത്ത പ്രത്യാക്രമണം നടത്തുകയും ചെയ്തു. ആളില്ലാ യുദ്ധവിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ഇന്നലെയും അമേരിക്ക താലിബാന്‍ മേഖലയില്‍ ആക്രമണം നടത്തി 11 പേരെ കൊലപ്പെടുത്തി.

താലിബാന്‍ ഭീകരതയെ വളര്‍ത്തിയതില്‍ പാക്കിസ്ഥാനുള്ള പങ്ക് നിസാരമല്ല. വിശേഷിച്ചും പാക് സൈന്യത്തിന്റെ പങ്ക്. പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനത്തിനെതിരേയുള്ള പോരാട്ടം അമേരിക്ക ശക്തമാക്കിയ അവസരത്തിലും പാക്കിസ്ഥാനിലെ മുന്‍ പട്ടാളമേധാവി ജനറല്‍ കയാനി ഒളിച്ചുകളിക്കുകയായിരുന്നു. പുതിയ പട്ടാളമേധാവിയായി ജനറല്‍ റഹീല്‍ ഷറീഫ് വന്നപ്പോള്‍ താലിബാന്‍ മേഖലയില്‍ ഏതാനും ഓപ്പറേഷനുകള്‍ നടത്തി. ചില പ്രമുഖര്‍ പിടിയിലാവുകയുംചെയ്തു. ഖൈബര്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ ഈ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമാണു പെഷവാറിലെ കന്റോണ്‍മെന്റ് സൈനിക സ്കൂളില്‍ തീവ്രവാദികള്‍ നടത്തിയതെന്നു താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിന്റെ പേരില്‍ താലിബാന്റെ ക്രൌര്യത്തിന് ഇരയായ മലാല യൂസഫ്സായിയെന്ന പാക്കിസ്ഥാനി പെണ്‍കുട്ടി മരണവക്ത്രത്തില്‍നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ലോകത്തിനുമുന്നില്‍ ധീരമായൊരു സാക്ഷ്യമായി നൊബേല്‍ ജേത്രി മലാല ജീവിക്കുന്നു. മലാല ഇന്നും താലിബാന്‍ ഭീകരരുടെ ഭീഷണിയുടെ നിഴലിലാണ്.


മതതീവ്രവാദത്തിന്റെ വേരുകള്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമല്ല ആഴത്തില്‍ പടര്‍ന്നിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇറാക്കിലും സിറിയയിലും സുഡാനിലും നൈജീരിയയിലും എന്നുവേണ്ട എല്ലായിടത്തും തീവ്രവാദികള്‍ സജീവം. ഐഎസ് പോലുള്ള മൌലികവാദ പ്രസ്ഥാനങ്ങള്‍ക്കു വന്‍തോതില്‍ സാമ്പത്തികസഹായവും ലഭ്യമാവുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുപോലും ഐഎസിലേക്കു റിക്രൂട്ട്മെന്റ് നടക്കുന്നു. മതത്തിന്റെ പേരില്‍ കൂട്ടക്കുരുതി നടത്താന്‍ ഇറങ്ങിത്തിരിക്കുന്നവരെ പാലൂട്ടി വളര്‍ത്തുന്നവരുടെ താത്പര്യങ്ങളും കണക്കുകൂട്ടലുകളും ഒട്ടുംതന്നെ മതപരമായിരിക്കണമെന്നില്ല.

പെഷവാറിലെ കുരുതിക്ക് തൊട്ടുമുമ്പാണ് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കോഫി ഷോപ്പില്‍ നിരവധിപേരെ ബന്ദികളാക്കി ഒരു ഭീകരന്‍ പതിനെട്ടു മണിക്കൂറോളം ആ രാജ്യത്തെയും ലോകത്തെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇറാനില്‍നിന്നു രാഷ്ട്രീയാഭയം തേടി ഓസ്ട്രേലിയയില്‍ എത്തിയ ഹാറൂണ്‍ മോനിസ് എന്ന അക്രമി പല ക്രിമിനല്‍കേസുകളിലും പ്രതിയായിരുന്നു. വ്യക്തിസ്വാതന്ത്യ്രം പൊതുവേ കൂടുതല്‍ അനുവദിക്കുന്ന രാജ്യങ്ങളില്‍പ്പോലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരം സംഭവങ്ങള്‍ വഴിയൊരുക്കും.

സിഡ്നിയിലെയും പെഷവാറിലെയുമൊക്കെ സംഭവങ്ങള്‍ ഇന്ത്യയും മുന്നറിയിപ്പായി എടുക്കണം. ഭീകരരും തീവ്രവാദികളും രാജ്യത്ത് പല തവണ ആഞ്ഞടിച്ചിട്ടുണ്ട്. മാവോയിസ്റ് തീവ്രവാദം പോലുള്ള ഭീഷണികളുമുണ്ട്. ഇതിനിടെയാണു ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുന്ന വിധത്തിലുള്ള നീക്കങ്ങള്‍. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രഖ്യാപനങ്ങളും രാജ്യം ഭരിക്കുന്നവരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ഉണ്ടാകുന്നു. ഇതിനെതിരേ പ്രതികരിക്കാന്‍പോലും ഉത്തരവാദപ്പെട്ട അധികാരികള്‍ വൈമുഖ്യം കാട്ടുന്നു. വര്‍ഗീയതയെയും വിഭാഗീയ ചിന്തകളെയും വളരാന്‍ അനുവദിക്കുന്നത് എത്രമേല്‍ അപകടകരമാണെന്നു സമകാലിക ചരിത്രത്തില്‍നിന്നു പഠിക്കാവുന്നുതേയുള്ളൂ. പുഴുക്കുത്തുകള്‍ തുടക്കത്തിലേ നുള്ളിക്കളയുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ സമൂലനാശംതന്നെ ഉണ്ടാവാം. അയല്‍ രാജ്യത്തിന്റെ അനുഭവങ്ങളില്‍നിന്നെങ്കിലും അതു നാം പഠിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.