താറാവ് ഇറച്ചി, മുട്ട: നിയന്ത്രണം നീക്കി
താറാവ് ഇറച്ചി, മുട്ട:  നിയന്ത്രണം നീക്കി
Thursday, December 18, 2014 12:18 AM IST
തിരുവനന്തപുരം: പക്ഷിപ്പനി പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നു താറാവ് ഇറച്ചിയും മുട്ടയും ഉപയോഗിക്കുന്നതിനു രോഗബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. പക്ഷിപ്പനിഭീതി പൂര്‍ണമായും മാറിയ സാഹചര്യത്തിലാണു രോഗബാധിത പ്രദേശത്തെ പക്ഷികള്‍, മുട്ട, വളം എന്നിവയുടെ വ്യാപാരത്തിനും കൊണ്ടു പോകുന്നതിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

താറാവ് വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കാനും താറാവ് കര്‍ഷകര്‍ക്കു ബാങ്ക് വായ്പയും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കാനായി സംസ്ഥാനത്തെ എല്ലാ ചെറുകിട, വന്‍കിട താറാവു കര്‍ഷകരെയും ഫാമുകളെയും ഹാച്ചറികളെയും ഒരു മാസത്തിനുള്ളില്‍ രജിസ്റര്‍ ചെയ്യാനും മൃഗസംരക്ഷണ വകുപ്പിന്റെ ലൈസന്‍സ് നല്‍കി ഡേറ്റാ ബേസ് ഉണ്ടാക്കാനും തീരുമാനിച്ചു. രജിസ്റര്‍ ചെയ്ത കര്‍ഷകര്‍ക്കു മാത്രമേ ഇനി താറാവിറച്ചി, മുട്ട തുടങ്ങിയവ വിപണനം നടത്താന്‍ കഴിയൂ.

ശാസ്ത്രീയമായ താറാവ് കൃഷി നടപ്പിലാക്കാനായി സര്‍ക്കാര്‍ തയാറാക്കിയ കര്‍മപദ്ധതിയുടെ കരടു കേന്ദ്ര കൃഷിമന്ത്രാലയത്തിനു സമര്‍പ്പിക്കുകയും ഇതിനായി കൂടുതല്‍ കേന്ദ്ര ഫണ്ട് ആവശ്യപ്പെടുകയും ചെയ്യും.

കുട്ടനാട്ടില്‍ പുതിയ താറാവ് വളര്‍ത്തല്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും പക്ഷികളുടെ സംഖ്യ നിരന്തരമായി മോണിറ്റര്‍ ചെയ്യുന്നതിനും രോഗസാധ്യത മുന്‍കൂട്ടി അറിയുന്നതിനും പക്ഷിരോഗ വിജിലന്‍സ് യൂണിറ്റ് സ്ഥാപിക്കും. തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണയ ലാബിനെ ഭോപ്പാല്‍ നാഷണല്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയുടെ മാതൃകയില്‍ ബയോ സെക്യൂരിറ്റി ലെവല്‍-3 പ്ളസ് സംവിധാനമാക്കി ഉയര്‍ത്തും.

നിലവിലുള്ള ഹാച്ചറികളുടെ സൌകര്യം വിപുലീകരിക്കുന്നതിനൊപ്പം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സര്‍ക്കാര്‍ തലത്തില്‍ ഓരോ പുതിയ ഹാച്ചറികള്‍ തുടങ്ങും. നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിനു പുറമെ പ്രതിവര്‍ഷം 10 ലക്ഷം താറാവ് കുഞ്ഞുങ്ങളെ ഉത്പാദിക്കാന്‍ ക്ഷമതയുള്ള ഹാച്ചറിബ്രൂഡര്‍ കോംപ്ളക്സ് സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിക്കുകയും കര്‍മപദ്ധതി തയാറാക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.


കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, എം.കെ. മുനീര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എമാരായ തോമസ് ഐസക്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, മാത്യു ടി. തോമസ്, സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍, മറ്റ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണു കര്‍മപദ്ധതി അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍മപദ്ധതിയിലെ മറ്റു നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ താറാവുകളെ സൌജന്യമായി തീറ്റാന്‍ സൌകര്യമൊരുക്കും. താറാവ് കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി കര്‍ഷകരും ജനപ്രതിനിധികളും മൃഗസംരക്ഷണ വിദഗ്ധരും ഉള്‍പ്പെടുന്ന മുഖാമുഖം പരിപാടികള്‍ ആസൂത്രണം ചെയ്യും. താറാവിന്റെ വളര്‍ച്ചയ്ക്കും മുട്ട ഉത്പാദനത്തിനും സര്‍ക്കാര്‍ ഏജന്‍സികള്‍ ധാതുലവണ മിശ്രിതം ലഭ്യമാക്കും. സ്വകാര്യ ഹാച്ചറികള്‍ക്കു നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തും. ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനത്തിനു സ്ഥിരം സംവിധാനം ഒരുക്കും.

എല്ലാ സ്വകാര്യ ഹാച്ചറികളും ഇന്‍സിനേറ്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കും. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ ഫാമുകള്‍ മാതൃകാ ഫാമുകളാക്കി മാറ്റും. ഈ മേഖലയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറേയും മതിയായ ജീവനക്കാരേയും സജ്ജമാക്കും. പക്ഷിപ്പനി മൂലം ടൂറിസ്റ് മേഖലയിലും ജനങ്ങള്‍ക്കിടയിലും ഉണ്ടായ ആശങ്ക അകറ്റാനായി കോട്ടയം, ആലപ്പുഴ,എറണാകുളം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.