ബൈക്കിലെത്തി മാല പൊട്ടിക്കല്‍: അഞ്ചംഗ സംഘംകൂടി പിടിയില്‍
ബൈക്കിലെത്തി മാല പൊട്ടിക്കല്‍: അഞ്ചംഗ സംഘംകൂടി പിടിയില്‍
Thursday, December 18, 2014 12:19 AM IST
വൈപ്പിന്‍: കഴിഞ്ഞ ദിവസം ഞാറയ്ക്കല്‍ പോലീസ് പിടികൂടിയ അഞ്ചംഗസംഘ അന്തര്‍ ജില്ലാ മാലപൊട്ടിക്കല്‍ സംഘത്തില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റൊരു അഞ്ചംഗ മോഷണ സംഘം കൂടി വലയിലായി. റൂറല്‍ എസ്പി സതീഷ് ബിനോയുടെ നിര്‍ദേശാനുസരണം ഞാറയ്ക്കല്‍ സിഐ ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

തൃശൂര്‍, എറണാകുളം ജില്ലകളിലായി നടന്ന ഏഴു മാലപൊട്ടിക്കല്‍ കേസിനു കൂടി ഇപ്പോള്‍ തുമ്പായിട്ടുണ്ട്. മുരുക്കുംപാടം ബസ് സ്റോപ്പിനു പടിഞ്ഞാറ് കോഴിക്കുളത്ത് സോഡാക്കുപ്പി കണ്ണന്‍ എന്ന ശരത്(20), സുഹൃത്ത് മാലിപ്പുറം വളപ്പ് മന്ത്രപ്പറമ്പില്‍ ഉടുമ്പ് ഉണ്ണിക്കുട്ടന്‍ എന്ന വി. വിപിന്‍(19), വടക്കന്‍ പറവൂര്‍ പള്ളിത്താഴം തോട്ടുങ്ങപ്പറമ്പില്‍ കണ്ണന്‍ എന്ന റെജില്‍(28), നായരമ്പലം പഴമ്പനാട്ട് ഉണ്ണിക്കൃഷ്ണന്‍, വടക്കന്‍ പറവൂര്‍ ചേന്ദമംഗലം തെക്കുംപുറം മണ്ടാക്കര വീട്ടില്‍ സജു എന്ന സജീഷ്(26). എന്നിവരാണു പിടിയിലായത്.

ഈ സംഘം ഏഴു കേസുകളിലായി 25 പവന്‍ സ്വര്‍ണാഭരണങ്ങളാണു കവര്‍ന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഡിവൈഎസ്പി പി.പി. ഷംസ് അറിയിച്ചു. ഞാറയ്ക്കല്‍ സ്റേഷന്‍ അതിര്‍ത്തിയില്‍ കാളമുക്കിലെ പോസ്റ് വുമണിന്റെ നാലര പവന്റെ മാലയും വടക്കേക്കര സ്റേഷന്‍ അതിര്‍ത്തിയില്‍ ചെട്ടിക്കാട് പള്ളിയില്‍വച്ച് ഒരു സ്ത്രീയുടെ കഴുത്തില്‍നിന്നു മൂന്നര പവന്റെ മാലയും കവര്‍ന്നതു ശരത്തും വിപിനും ചേര്‍ന്നാണെന്നു പോലീസ് പറഞ്ഞു. കൂടാതെ ചെങ്ങമനാട് പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ മൂന്നു കേസുകളിലായി 12 പവനോളം ആഭരണങ്ങളും ചാലക്കുടിയില്‍ രണ്ടു കേസുകളിലായി നാലു പവന്റെ ആഭരണങ്ങള്‍ കവര്‍ന്നതും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ്. ഇരുവരും വൈപ്പിന്‍ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരാണ്. അപഹരിച്ചെടുത്ത സ്വര്‍ണം മുഴുവന്‍ വാങ്ങിയത് ഈ സംഘത്തിലെ തന്നെ അംഗമായ റെജിലാണ്. വടക്കുംപുറത്തെ ഒരു വീട്ടില്‍ പെട്രോള്‍ വാങ്ങിക്കാന്‍ കുപ്പി അന്വേഷിച്ചു ചെന്നു വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന നാലേമുക്കാല്‍ പവന്റെ മാല കവര്‍ന്നത് അറസ്റിലായ ഉണ്ണിക്കൃഷ്ണനാണ്. ഇയാളുടെ സുഹൃത്തും കൂട്ടുപ്രതിയുമായ നായരമ്പലം സ്വദേശി സിബിന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ കസ്റഡിയില്‍ കിട്ടിയാല്‍ കൂടുതല്‍ മോഷണങ്ങള്‍ക്കു തുമ്പുണ്ടാകുമെന്നു ഞാറക്കല്‍ സിഐ ടി.എം. വര്‍ഗീസ് പറഞ്ഞു.


നായരമ്പലത്ത് ഒരു വീട്ടിലിരുന്ന ബൈക്കിനു തീവച്ചതും നായരമ്പലം ഭഗവതി വിലാസം സ്കൂളിലെ ടീച്ചേഴ്സ് റൂമില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതും സിബിനാണെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.