മുല്ലപ്പെരിയാര്‍: സംഘര്‍ഷം സൃഷ്ടിക്കാന്‍ തമിഴ്നാടിന്റെ ശ്രമം
മുല്ലപ്പെരിയാര്‍: സംഘര്‍ഷം സൃഷ്ടിക്കാന്‍ തമിഴ്നാടിന്റെ ശ്രമം
Thursday, December 18, 2014 12:19 AM IST
കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു സംഘര്‍ഷം സൃഷ്ടിച്ചു കേസ് തമിഴ്നാടിന് അനുകൂലമാക്കാന്‍ അണിയറ നീക്കം. തമിഴ്നാട്ടില്‍നിന്നുള്ള സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെന്നപേരില്‍ തേക്കടിയിലെത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശനത്തിനെത്തിയെങ്കിലും കേരള വനംവകുപ്പ് തടസം സൃഷ്ടിക്കുന്നതായി ആരോപിച്ചു സന്ദര്‍ശനം നടത്താതെ മടങ്ങി. മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനത്തിനെത്തുന്നവര്‍ തേക്കടിയിലെ സന്ദര്‍ശക ഡയറിയില്‍ വിവരം രേഖപ്പെടുത്തണമെന്ന കേരള വനംവകുപ്പിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഉപസമിതി മടങ്ങുകയായിരുന്നു.

ഉപസമിതി അധ്യക്ഷന്‍ സന്ദര്‍ശക രജിസ്ററില്‍ പേരു രേഖപ്പെടുത്താന്‍ തയാറായെങ്കിലും ഒപ്പമുണ്ടായിരുന്ന തമിഴ്നാട് പ്രതിനിധികള്‍ ഇതിനു തയാറായില്ല. തങ്ങളുടെ സ്ഥലം സന്ദര്‍ശിക്കാന്‍ കേരള ഫോറസ്റിന്റെ രജിസ്ററില്‍ ഒപ്പിടേണ്ട ആവശ്യമില്ലെന്നായിരുന്നു അവരുടെ നിലപാട്.

ഇവര്‍ക്കു പിന്തുണയുമായി തമിഴ് അഭിഭാഷകസംഘം ഡാം സന്ദര്‍ശനത്തിനെത്തുമെന്നും തേക്കടിയിലെ രജിസ്ററില്‍ ഒപ്പിടാതെ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചേക്കുമെന്നും വിവരമുണ്ട്. ഇന്നലെ സംഘം എത്തുമെന്നായിരുന്നു രഹസ്യവിവരം. ഇതനുസരിച്ച് കേരളപോലീസ് തമിഴ്നാട്ടില്‍ നിരീക്ഷണത്തിനുണ്ടായിരുന്നു. ഇതറിഞ്ഞ സംഘം സന്ദര്‍ശനം ഇന്നത്തേക്കു മാറ്റിയതായാണ് വിവരം.ഡാം സന്ദര്‍ശനത്തിന് അനുമതി നല്‍കാതെ കേരളം കരാര്‍ ലംഘനം നടത്തിയതായും വൈകാരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും കോടതിയെ ബോധ്യപ്പെടുത്തി മുല്ലപ്പെരിയാര്‍ കേസില്‍ തങ്ങള്‍ക്കനുകൂലമായ സ്ഥിതി സൃഷ്ടിക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നത്.


കഴിഞ്ഞമാസം അണക്കെട്ടിലെ ജലനിരപ്പ് 140 അടി കവിഞ്ഞപ്പോള്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഡാമില്‍ സന്ദര്‍ശനം നടത്തിയതു വിവാദമാക്കാന്‍ തമിഴ്നാട് ശ്രമിച്ചിരുന്നു. എംഎല്‍എ ഡാമിന് ആഘാതം സൃഷ്ടിച്ചെന്നായിരുന്നു തമിഴ്നാടിന്റെ ആരോപണം.

ഒരു വ്യക്തിക്ക് ആഘാതമുണ്ടാക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഡാമിനുള്ളതെങ്കില്‍ ഡാം തീര്‍ത്തും ദുര്‍ബലമാണെന്നു മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയിലെ കേരള പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി. ജെ. കുര്യന്‍ തിരിച്ചു പ്രതികരിച്ചതോടെയാണു തമിഴ്നാട് ഈ ആരോപണത്തില്‍നിന്നു പിന്‍വാങ്ങിയത്. ഇതേ തന്ത്രമാണ് വീണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.