ആദിവാസി പാക്കേജിന് അംഗീകാരം; നില്പ് സമരം നിര്‍ത്തി
ആദിവാസി പാക്കേജിന് അംഗീകാരം; നില്പ് സമരം നിര്‍ത്തി
Thursday, December 18, 2014 12:09 AM IST
തിരുവനന്തപുരം: ആദിവാസികളുടെ ഭൂമിവിതരണവുമായി ബന്ധപ്പെട്ട പാക്കേജിനു മന്ത്രിസഭ അംഗീകാരം നല്കി. ഇതോടെ കഴിഞ്ഞ 162 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നില്പ് സമരവും അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള ഗോത്രസഭയുടെ പ്രഖ്യാപനം ഇന്നുണ്ടാകും.

സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പാക്കേജ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നു പാക്കേജിന്റെ വിശദാംശങ്ങള്‍ സമരസമിതി നേതാക്കളായ ഗീതാനന്ദനെയും സി.കെ. ജാനുവിനെയും അറിയിച്ചു. ഇവര്‍ക്കും പാക്കേജ് സ്വീകാര്യമായതോടെയാണു സമരത്തില്‍ തീര്‍പ്പാകുന്നത്. പാക്കേജിലെ വിശദാംശങ്ങള്‍ സംഘടനാനേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം സമരം ഇന്നു പിന്‍വലിക്കുമെന്നു സി.കെ. ജാനു പറഞ്ഞു.

കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയ 7,693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്കു പതിച്ചു നല്‍കാന്‍ വിജ്ഞാപനമിറക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വനാവകാശം കൊടുത്തതിന്റെ പേരിലും പട്ടികവര്‍ഗക്കാര്‍ അല്ലാത്തവര്‍ കൈയേറിയതിന്റെ പേരിലും ആദിവാസികള്‍ക്കു കുറവുവന്ന ഭൂമി കൂട്ടിച്ചേര്‍ക്കാന്‍ കേന്ദ്രത്തെ സമീപിക്കും. കേരള ആദിവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസ(പഞ്ചായത്ത് എക്സ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയ) ആക്ട് നടപ്പാക്കും.


പട്ടികവര്‍ഗ വിഭാഗക്കാര്‍ 40 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളെ പ്രത്യേക പഞ്ചായത്തുകളാക്കി തിരിക്കാനാണു നിയമത്തില്‍ അനുശാസിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടമലക്കുടി, ആറളം മുതലായ നൂറു ശതമാനവും ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും സമാനമായ ആദിവാസി ഊരുകളിലും നിയമം നടപ്പിലാക്കും.

മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കാനായി പ്രത്യേക പദ്ധതി നടപ്പിലാക്കും. കുടിയിറക്കപ്പെട്ട 447 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയും വീടു നിര്‍മിക്കാന്‍ രണ്ടര ലക്ഷം രൂപയും നല്‍കും. മുത്തങ്ങ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോയ 44 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ആറളം ഫാമില്‍ പൈനാപ്പിള്‍ കൃഷി നിരോധിക്കണമെന്ന ആദിവാസികളുടെ ആവശ്യവും അംഗീകരിച്ചു. പ്രോജക്ട് ഫാമുകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു വനാവകാശ നിയമം അനുസരിച്ചും നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ചും കൈവശരേഖ നല്‍കാനും തീരുമാനമായി.

സര്‍ക്കാരിന്റെ പാക്കേജ് അംഗീകരിക്കുന്നതായും സര്‍ക്കാര്‍ എടുത്തതു വിപ്ളവകരമായ തീരുമാനമാണെന്നും ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ. ജാനുവും ഗീതാനന്ദനും വ്യക്തമാക്കി. സര്‍ക്കാരെടുത്ത നിലപാട് ഏറെ പ്രശംസനീയമാണെന്നും അതിനുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോടു ഉണ്ടാവുമെന്നും കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.