വയല്‍
വയല്‍
Thursday, December 18, 2014 12:24 AM IST
താരകവഴിയേ/ ഫാ. തോമസ്പാട്ടത്തില്‍ചിറ സിഎംഎഫ്

കാലിത്തൊഴുത്തിലേക്കുള്ള യാത്രയില്‍ ഒരുരു വയല്‍ കുറുകെ കടക്കാനുണ്ട്. അന്തിയുറങ്ങിയ ആട്ടിന്‍കൂട്ടങ്ങള്‍ക്ക് ഇടയന്മാര്‍ കാവലിരുന്ന ആ വയല്‍വരമ്പിലെ ചെളിയിലൂടെയും നനവിലൂടെയും നടന്നാലേ ഉണ്ണിയെ കാണാന്‍ സാധിക്കൂ.

വളര്‍ന്നുവന്ന നാളുകളില്‍ വിത്തു വീഴുന്നതിന്റെ താളവും വയലേലകളുടെ പച്ചപ്പും കൊയ്ത്തുപാട്ടിന്റെ ഈണവും കറ്റമെതിക്കുന്നതിന്റെ കറുമുറ ശബ്ദവുമൊക്കെ അവനേറെ ഇഷ്ടമായി. വയലുകളുടെ വിരിമാറിലൂടെ അവന്‍ എത്രയോ ദൂരം സഞ്ചരിച്ചു. വിളഞ്ഞുപാകമായിക്കിടന്ന പാടശേഖരങ്ങള്‍ അവന്റെ കണ്ണുകള്‍ക്കു കുളിര്‍മയേകി. കരിഞ്ഞുണങ്ങിയവയോ അവന്റെ കവിള്‍ത്തടം നനച്ചു. കാരണം വിതക്കാരനും വിളവിന്റെ നാഥനുമാണവന്‍.

വയലേലകളെക്കുറിച്ചു വാചാലനായപ്പോഴൊക്കെ നിന്റെ ഹൃദയനിലത്തേക്കായിരുന്നുരുന്നുഅവന്‍ മിഴികളെറിഞ്ഞിരുന്നത്. കട്ടയും കരിയും നിറഞ്ഞ പാടങ്ങളില്‍ നിന്നുകൊണ്ട് അന്നവന്‍ വാരിവിതറിയ വചനവിത്തുകള്‍ നിന്റെ ഹൃദയനിലത്താണ് ഇന്നും നിപതിക്കുന്നത്. അവയോരോന്നും മുളപൊട്ടി തഴച്ചുവളര്‍ന്നു സമൃദ്ധമായി ഫലം നല്കാനുള്ള അന്തരീക്ഷം നീ ഒരുക്കിക്കൊടുക്കണം. അവയുടെ നടുവിലൂടെ നടന്നുനീങ്ങുമ്പോള്‍ അവനു വിശക്കുകയില്ല. നിന്റെ ഹൃദയവിളഭൂമിയിലെ പോരായ്മകളെ നീ പരിശോധിച്ചറിയുക. കളകളെ കണ്െടത്തി പിഴുതുകളയുക. അതിലങ്ങോളമിങ്ങോളം നിത്യജീവന്റെ നിലയ്ക്കാത്ത നീരോട്ടമുണ്ടാകാന്‍ ഉഴവുചാലുകള്‍ കീറുക. വരണ്ടുണങ്ങി വിണ്ടുകീറാതെ അതിനെ സംരക്ഷിക്കുക. അതിലൂടെ സദാ ഉലാത്തുവാന്‍ കര്‍ത്താവിനെ അനുവദിക്കുക. അവന്റെ പവിത്രമായ പാദസ്പര്‍ശത്താല്‍ അത് അനുഗൃഹീതമാകട്ടെ. നിന്നിലെ പാപക്കളകള്‍ അവന്റെ കാല്‍പാദങ്ങള്‍ക്കടിയില്‍ അമര്‍ന്നു നശിക്കട്ടെ. പകരം അവന്റെ വിശുദ്ധമായ വചനമണികള്‍ ദിനംതോറും പൊട്ടിമുളയ്ക്കട്ടെ. മെച്ചപ്പെട്ട വിളവു കിട്ടാന്‍ ആവശ്യമായ കാര്‍ഷികവിദ്യകള്‍ കര്‍ത്താവിനോടു ചോദിച്ചറിയുക.


വയല്‍പൂവിനെയും വശ്യമായി അണിയിച്ചൊരുക്കുന്നവന്റെ കലാവൈഭവത്തിനു നിന്നെയും പണയം വയ്ക്കുക. നിന്റെ ജീവിതവയലില്‍ നാളിന്നോളം നീ നട്ടുനനച്ചു വളര്‍ത്തിയ വിളകള്‍ എന്തെല്ലാമാണ്? അവയില്‍ നിന്റെ തമ്പുരാന്‍ സംതൃപ്തനാണോ? സുകൃതങ്ങള്‍ വിളയുന്ന വയലാകണം നിന്റെ ഹൃദയം. നീ പാര്‍ക്കുന്ന ഈ മഹീതലവും ദൈവത്തിന്റെ വിളഭൂമിയാണ്. നിന്റെ അകൃത്യങ്ങള്‍ അതിന്റെ പവിത്രതയെയും ഫലപുഷ്ടതയെയും ഇല്ലാതാക്കരുത്. ഒപ്പം നിന്റെ അയല്ക്കാരന്റെ വയലില്‍ അസൂയയുടെയും വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയുമൊക്കെ കളകള്‍ വിതറാതിരിക്കുക. അവന്റെ സ്വൈരജീവിതത്തെ ശല്യപ്പെടുത്താതിരിക്കുക. അവനു യാതൊരുരു രീതിയിലും പാപകാരണമാകാതിരിക്കുക. നൂറുമേനി വിളവ് സ്വപ്നം കണ്ടുകഴിയുന്നവനാണ് അവനും.

താരകവഴിയേ തൊഴുത്തിലേക്ക് ഇക്കുറി നീ നടന്നുനീങ്ങുമ്പോള്‍ ഇങ്ങനെയുള്ള ചില ചെറുചിന്തകള്‍ നിന്റെ ഊന്നുവടിയായാല്‍ നന്ന്. തട്ടിവീഴാതെ അതു നിന്നെ താങ്ങിക്കൊള്ളും.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.