മാറ്റം മദ്യനയം കുറ്റമറ്റതാക്കാനെന്നു മുഖ്യമന്ത്രി
മാറ്റം മദ്യനയം കുറ്റമറ്റതാക്കാനെന്നു മുഖ്യമന്ത്രി
Thursday, December 18, 2014 12:10 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കുറ്റമറ്റനിലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എക്സൈസ് മന്ത്രി കെ. ബാബുവും അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ഇരുവരും.

മദ്യനിരോധനം അട്ടിമറിക്കാനാണു പുതിയ മദ്യനയവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്നു വാക്കൌട്ട് നടത്തി. മദ്യത്തിനു വിട എന്ന മുദ്രാവാക്യവുമായിട്ടാകും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മദ്യവര്‍ജനവും മദ്യനിരോധനവും സമന്വയിപ്പിച്ച നയമാകും നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ് 21നുള്ള യുഡിഎഫ് തീരുമാനത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ല. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കും. മദ്യമെന്ന സാമൂഹിക വിപത്ത് ഒഴിവാക്കാന്‍ സാമ്പത്തിക നഷ്ടമുണ്ടായാലും മുന്നോട്ടു പോകും.

ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാനുണ്ട്. മദ്യവിതരണത്തിനു ക്ളബുകള്‍ക്കുള്ള ലൈസന്‍സ് ഇതേ രീതിയില്‍ തുടരണോ എന്ന് ആലോചിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ക്ളബുകളില്‍ എല്ലാ മദ്യവും ലഭിക്കും. തൊഴിലാളികള്‍ നേരിടുന്ന പ്രശ്നവും ടൂറിസം മേഖലയിലെ തിരിച്ചടികളും കണക്കാക്കിയാകും തീരുമാനം. ഉദയഭാനു കമ്മീഷന്റെ നിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തിലാകും തീരുമാനം. വീര്യം കൂടിയതായാലും കുറഞ്ഞതായാലും മദ്യത്തിന്റെ വില കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം ക്രമേണ ഇല്ലാതാക്കി വീര്യം കുറഞ്ഞ മദ്യം ജനങ്ങള്‍ക്കു നല്‍കുകയാണു നയം ലക്ഷ്യമിടുന്നത്.


മദ്യനയത്തിലെ മാറ്റവുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക്, സിപിഎം സംസ്ഥാന സെക്രട്ടറിയും തൊഴില്‍ നഷ്ടമാകുന്ന തൊഴിലാളികളുടെ പ്രശ്നമുന്നയിച്ചിരുന്നതായി മന്ത്രി ബാബു പറഞ്ഞു. ഇതോടെ നിങ്ങള്‍ കെപിസിസി പ്രസിഡന്റിന്റെ തീരുമാനങ്ങളാണോ അതോ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നയമാണോ നടപ്പാക്കുന്നതെന്നു കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. തുടര്‍ന്നു മുന്‍ കെപിസിസി പ്രസിഡന്റ് ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണു നടപ്പാക്കുന്നതെന്നു ബാബു പറഞ്ഞു.

മദ്യവിതരണത്തില്‍ റേഷനിംഗ് സമ്പ്രദായം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്േടായെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എ. പ്രദീപ്കുമാര്‍ ചോദിച്ചു. ഒരാള്‍ക്ക് ആഴ്ചയില്‍ ഒരു കുപ്പി മദ്യം മാത്രം ലഭ്യമാക്കി റേഷന്‍ സമ്പ്രദായം നടപ്പാക്കണം. അഞ്ചാം മന്ത്രി സ്ഥാനത്തിനുവേണ്ടി നടത്തിയ പോരാട്ടം മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള തീരുമാനത്തിനെതിരേ എന്തുകൊണ്ടു മുസ്ലിം ലീഗ് നടപ്പാക്കുന്നില്ലെന്നും പ്രദീപ്കുമാര്‍ ചോദിച്ചു.

പൂട്ടിയ 418 ബാറുകള്‍ ഉള്‍പ്പെടെ 730 മദ്യശാലകളും പ്രവര്‍ത്തിപ്പിക്കുന്ന അവസ്ഥയിലേക്കാണു സര്‍ക്കാര്‍ നീങ്ങുന്നതെന്നു പ്രതിപക്ഷ വാക്കൌട്ട് പ്രഖ്യാപിക്കുന്ന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോടതിയെ പഴിചാരി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മദ്യനിരോധനമെന്നു പ്രഖ്യാപിച്ചു മദ്യവര്‍ജന നയമാണു നടപ്പാക്കുന്നതെന്നും വി.എസ് ആരോപിച്ചു. തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.