പരമ്പരാഗത ചടങ്ങുകളോടെ നില്പു സമരം അവസാനിച്ചു
പരമ്പരാഗത ചടങ്ങുകളോടെ നില്പു സമരം അവസാനിച്ചു
Friday, December 19, 2014 12:29 AM IST
തിരുവനന്തപുരം: കഴിഞ്ഞ 163 ദിവസമായി ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന നില്പുസമരം അവസാനിപ്പിച്ചു. കാണി ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത അനുഷ്ഠാന ചടങ്ങുകളോടെയാണു സമരം അവസാനിപ്പിച്ചത്.

അരമണിക്കൂര്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം മന്ത്രിസഭാ മിനിറ്റ്സിലെ പരാമര്‍ശങ്ങള്‍ ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ സമരക്കാരെ വായിച്ചുകേള്‍പ്പിച്ചു. സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ആദിവാസി പാക്കേജിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള മന്ത്രിസഭാ മിനിറ്റ്സ് ലഭിച്ചശേഷം ഇന്നലെ ഉച്ചകഴിഞ്ഞു രണ്േടാടെയാണു സമരം അവസാനിപ്പിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

മന്ത്രിസഭയുടെ തീരുമാനം വന്ന കഴിഞ്ഞ രാത്രി മുതല്‍ നില്പു സമരപ്പന്തല്‍ ആഘോഷത്തിലായിരുന്നു. പുതിയൊരു വിപ്ളവത്തിന്റെ വിത്തായിരുന്നു നില്പുസമരമെന്നു സി.കെ. ജാനു പറഞ്ഞു. വളരെ കൃത്യമായ രാഷ്ട്രീയ തീരുമാനമാണിത്. സമരചരിത്രത്തില്‍ നാന്ദി കുറിക്കുന്ന തരത്തിലേക്കു സര്‍ക്കാരിന്റെ തീരുമാനം മാറി. നില്പുസമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വളരെ വൈകിയാണു തീരുമാനമെങ്കിലും യുഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. വരും നാളുകളിലും നില്പുസമരം മാതൃകയാവും.

ചരിത്രം സൃഷ്ടിച്ച ഈ സമര ത്തിനു മുഴുവന്‍ ആളുകളുടെയും പങ്കാളിത്തവും ഐക്യദാര്‍ഢ്യവുമുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ നില്‍പ്പുസമരം അവസാനിക്കുകയാണ്. എന്നാല്‍, അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഒരിക്കലും അവസാനിക്കുന്നില്ല. ഇവിടെനിന്നു തിരികെ ഗ്രാമങ്ങളിലെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഭോക്താക്കളാവും വരെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു സമരങ്ങള്‍ തുടരണം. ആരോടും നന്ദിപറഞ്ഞാല്‍ തീരില്ല. എന്നാലും സമരത്തോടു ചേര്‍ന്നുനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ജാനു പറഞ്ഞു.


പ്രക്ഷോഭത്തിന്റെ വിജയത്തോ ടെ 2001ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ തുടങ്ങിവച്ച പുനരധിവാസ പദ്ധതി പുനരാരംഭിക്കപ്പെടുമെന്ന് എം. ഗീതാനന്ദന്‍ പറഞ്ഞു. ആദിവാസി ഭൂമി, സംസ്കാരം എന്നിവയ്ക്ക് ഭരണഘടനയുടെ 244-ാം വകുപ്പിന്റെ പരിരക്ഷകിട്ടും. 22,000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കും.

കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ നില്പുസമരം ഗണ്യമായ പങ്കുവഹിച്ചതായും ഗീതാനന്ദന്‍ അറിയിച്ചു. ആദിവാസി പുനരധിവാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ 21ന് രാവിലെ 10ന് എറണാകുളം റിന്യൂവല്‍ സെന്ററില്‍ ഐക്യദാര്‍ഢ്യ സമിതിയും ഗോത്രമഹാസഭയും യോഗം ചേരും. ആദിവാസി പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന ജനകീയ സമിതി റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. പുനരധിവാസ പദ്ധതിക്കായി ജനജാഗ്രതാ സമിതിക്കു രൂപം നല്‍കും. ഈമാസം 28ന് ആദിവാസികളുടെ വിപുലമായ സഭ ആറളം ഫാമില്‍ ചേരുമെന്നും ഗീതാനന്ദന്‍ അറിയിച്ചു.

സിപിഐ നേതാവ് ബിനോയ് വിശ്വം, എസ്ഡിപിഐ ജില്ലാ ജ നറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, പ്രഫ. കുസുമം ജോസഫ്, മോഹന്‍ ത്രിവേണി, മാമന്‍ മാസ്റര്‍, വി.ഡി. മജീന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.