മുഖപ്രസംഗം: സഹനസമരം ജയിച്ചവരെ ഇനി അവഗണിക്കരുത്
Friday, December 19, 2014 1:06 AM IST
ആദിവാസികളുടെ നില്പുസമരം അവസാനിച്ചു. എന്നും അവഗണനയും അവജ്ഞയും അനുഭവിച്ചുപോരുന്ന ഒരു ജനവിഭാഗം തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ സുദീര്‍ഘമായ സഹനസമരം പരിഷ്കൃതമെന്നവകാശപ്പെടുന്ന സമൂഹത്തിന്റെ പല അപരിഷ്കൃത സമരങ്ങളിലുംനിന്ന് എത്രയോ ഭിന്നമായിരുന്നു. കഴിഞ്ഞ ജൂലൈ ഒമ്പതിനു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച നില്പുസമരത്തിന്റെ പരിസമാപ്തി ആദിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണെന്നത് ആശ്വാസകരംതന്നെ. അക്രമസമരങ്ങളുടെ ഇക്കാലത്ത് ദീര്‍ഘമായ സഹനസമരം നടത്തി വിജയിച്ചതില്‍ അവരെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും വേണം. ആദിവാസികള്‍ ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങള്‍ മാന്യമായി പരിഗണിക്കണമെന്ന ആവശ്യം സമൂഹത്തിലെ വിവിധ കോണുകളില്‍നിന്നുയര്‍ന്നിരുന്നു.

നിരന്തരമായ അവഗണന നേരിടുന്നവര്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിച്ചെന്നുവരാം. അവരെ അക്രമ വഴികളിലേക്കു തള്ളിവിടാതിരിക്കാന്‍ സമൂഹവും ഭരണാധികാരികളും ശ്രദ്ധിക്കേണ്ടതുണ്ട്. അധികാരികളും രാഷ്ട്രീയപാര്‍ട്ടികളും സാംസ്കാരികനായകരുമൊന്നും വേണ്ടവിധത്തില്‍ പരിഗണിക്കാത്ത സമൂഹമാണ് ആദിവാസികളുടേത്. അവര്‍ ചില സന്ദര്‍ഭങ്ങളില്‍ അക്രമത്തിലേക്കു തിരിയുകയും ചെയ്തിട്ടുണ്ട്. അത്തരം സമരങ്ങള്‍ അവര്‍ക്കു കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല.

എന്തെല്ലാം അവഗണനകള്‍ നേരിട്ടാലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അക്രമരഹിത സമരമാര്‍ഗം തന്നെയാണ് ഉത്തമം എന്ന തിരിച്ചറിവ് ആദിവാസി ഗോത്രമഹാസഭയ്ക്കുണ്ടായതു ശ്ളാഘനീയംതന്നെ. വെള്ളക്കോളര്‍ ഉദ്യോഗസ്ഥരും സംഘടിത ശക്തികളുമൊക്കെ നടത്തുന്ന സമരങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലും അക്രമത്തിലും കലാശിക്കാറുണ്ട്. ജലപീരങ്കിയും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ച് പ്രതിഷേധക്കാരെ ഒതുക്കാന്‍ കഷ്ടപ്പെടുന്ന പോലീസ് സേനയുടെ മുന്നില്‍ ആദിവാസി പ്രതിഷേധക്കാര്‍ കഴിഞ്ഞ അഞ്ചര മാസക്കാലം യാതൊരു പ്രകോപനവും ഉണ്ടാക്കാതെ സമരം നടത്തി എന്നതൊരു ചില്ലറക്കാര്യമല്ല.

മികച്ചൊരു പ്രതിഷേധ മാതൃകയും ഗോത്രമഹാസഭ കേരള സമൂഹത്തിനു കാട്ടിത്തന്നിരിക്കുന്നു. നൂറ്റിയറുപത്തിരണ്ടു ദിവസം നിന്നുകൊണ്ടു സമരം നടത്തിയ ഇവര്‍ ഈ ദിവസങ്ങളിലത്രയും തികഞ്ഞ ക്ഷമയും സഹനസന്നദ്ധതയും കാട്ടിയെന്നത് ഏതുവിധത്തിലെങ്കിലും പോലീസിനെ പ്രകോപിപ്പിച്ച് ലാത്തിച്ചാര്‍ജ് വാങ്ങിയെടുക്കുകയും തലസ്ഥാനത്തെ തെരുവീഥികള്‍ യുദ്ധക്കളമാക്കുകയും ചെയ്യുന്ന സമരക്കാര്‍ കണ്ടുപഠിക്കട്ടെ. ആദിവാസി നില്പു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നില്പുസമരങ്ങള്‍ നടന്നു. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരായ ധാരാളംപേരും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നിട്ടും പല രാഷ്ട്രീയ കക്ഷികളും ആദിവാസി പ്രശ്നത്തില്‍ ആത്മാര്‍ഥതയോടെ ഇടപെട്ടില്ല.രാഷ്ട്രീയക്കാരുടെ പൊയ്മുഖങ്ങള്‍ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുവെന്നുമാത്രം. അവര്‍ തന്ത്രപരമായ പിന്തുണയോ പിന്‍വാങ്ങലോ നടത്തി.


അന്യാധീനപ്പെട്ട തങ്ങളുടെ ഭൂമി തിരിച്ചുനല്‍കണമെന്നതായിരുന്നു ആദിവാസികളുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിലുള്‍പ്പെടെ ആദിവാസികള്‍ക്കനുകൂലമായ ചില തീരുമാനങ്ങളടങ്ങിയ പാക്കേജാണു മന്ത്രിസഭ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയ വനഭൂമി ആദിവാസികള്‍ക്കു പതിച്ചുനല്‍കാന്‍ വിജ്ഞാപനം ഇറക്കും. മുത്തങ്ങാ സമരത്തില്‍ കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്. ആദിവാസി ഊരുകളെ പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്താനുതകുന്ന പെസ നിയമം (പഞ്ചായത്ത്-എക്ടെന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് എരിയ ആക്ട് 1996) നടപ്പിലാക്കാനുള്ള തീരുമാനവും നന്ന്. പ്രത്യേക പട്ടികവര്‍ഗ മേഖലാ പ്രഖ്യാപനം പോലുള്ള കാര്യങ്ങള്‍ക്കു കേന്ദ്രാനുമതി ആവശ്യമായി വരും.

ഇടതു-വലതു സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ച സംസ്ഥാനത്ത് ഈ അടിസ്ഥാന വര്‍ഗത്തിന് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം നല്‍കാന്‍ കഴിഞ്ഞില്ലെന്നതു കടുത്ത അവഗണനയാണ്. മുത്തങ്ങയില്‍ സംഭവിച്ചതുപോലുള്ള അനിഷ്ടസംഭവങ്ങളിലേക്ക് അവരെ എത്തിച്ചത് ഇത്തരം അവഗണനകളാണ്. ഭൂരഹിതരായ മുഴുവന്‍ ആദിവാസികളെയും പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് ഏറെ പഴക്കമുണ്ട്. ആ പ്രഖ്യാപനത്തിനുശേഷം ഭരണകൂടങ്ങള്‍ പലതും വന്നു. ആദിവാസി പുനരധിവാസ മിഷന്‍ രൂപവത്കരിച്ചെങ്കിലും അതും അട്ടിമറിക്കപ്പെട്ടു. ആറളം ഫാമിലെ പുനരധിവാസ പദ്ധതി പ്രദേശത്തെ കുടുംബങ്ങള്‍ കുടിവെള്ളമോ വാസയോഗ്യമായ വീടുകളോ ഇല്ലാതെ ഇപ്പോഴും നരകതുല്യമായ ജീവിതമാണു നയിക്കുന്നത്. ആദിവാസികളുടെ പുനരധിവാസത്തിനായി മുപ്പതിനായിരം ഏക്കര്‍ വനഭൂമി വിട്ടുനല്‍കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല.

കേരളത്തില്‍ അമ്പതിനായിരത്തോളം ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും ഭവനരഹിതമാണെന്നു കണക്കുകള്‍ കാണിക്കുന്നു. ഏറ്റവും കുറവ് ആദിവാസി ജനങ്ങളുള്ള സംസ്ഥാനമാണു കേരളം. അവര്‍ക്ക് ആവശ്യമായ ഭൂമി ഇവിടെ ലഭ്യമാണ്. പക്ഷേ, അതിപ്പോള്‍ കോര്‍പറേറ്റുകളുടെയും മറ്റും കൈയിലാണ്. മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട സ്ഥലംപോലും ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഓരോ കാലത്തും ആദിവാസി ക്ഷേമത്തിനായി നീക്കിവയ്ക്കുന്ന തുക ഉപയോഗിക്കപ്പെടാതെ പോവുകയോ ദുരുപയോഗിക്കപ്പെടുകയോ ചെയ്യുന്നു. അധ്വാനിച്ചു ജീവിക്കാന്‍ അല്പം മണ്ണ് ആവശ്യപ്പെടുന്ന ആ സമൂഹത്തോട് ഇനിയും അനീതി കാട്ടരുത്. അവര്‍ ജോലി ചെയ്തു ജീവിക്കട്ടെ. അവരുടെ കുഞ്ഞുങ്ങള്‍ക്കു ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. കാലങ്ങളായി പട്ടിണിയും അവഗണനയും അനുഭവിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഇപ്പോഴത്തെ സന്തോഷം അസ്തമിക്കാതിരിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.