അജം
അജം
Friday, December 19, 2014 1:25 AM IST
താരകവഴിയേ / ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

കാലിത്തൊഴുത്തിലേക്കുള്ള വഴിയില്‍ അജഗണങ്ങളുണ്ട.് നഷ്ടപ്പെട്ടുപോയ ആടുകളെ അന്വേഷിച്ചു വന്നവന്‍ ജനിച്ചയിടത്തിനടുത്ത് ആട്ടിന്‍പറ്റങ്ങള്‍ അന്തിയുറങ്ങിയതില്‍ അതിശയോക്തിയൊന്നുമില്ല. ഇടയന്റെ ചാരേ ആടുകളല്ലാതെ മറ്റാരാണുണ്ടാകേണ്ടത്? ആടുകള്‍ ചുറ്റുമുള്ളവനല്ലേ ആട്ടിടയന്‍? അവ കൂടെയുള്ളപ്പോഴാണ് ഒരുവന്‍ അജപാലകനാകുന്നത്. ആടുകളാണ് അവന്റെ ജീവിതത്തിന് അഴകും അര്‍ഥവും പകരുന്നത്. നിനവിലും നിദ്രയിലും അവയെക്കുറിച്ചുള്ള ചിന്തകളാണ് അവന്റെ ചങ്കിനുള്ളില്‍ നിറയെ.

തങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന അവന്റെ ഹൃദയത്തുടിപ്പുകളും സാമീപ്യഗന്ധവും സ്വരചലനങ്ങളുമൊക്കെ അവയ്ക്കു കൃത്യമായി തിരിച്ചറിയാം. അതുകൊണ്ടല്ലേ ജ്ഞാനികള്‍ക്കും കൊട്ടാരസിദ്ധന്മാര്‍ക്കും മുമ്പേ നല്ലിടയന്‍ പിറന്നുവീഴാനിരുന്ന ഇടം അവയറിഞ്ഞ് അവിടെ കൂട്ടംകൂടിയതും? പൈതലിനെ കാണാന്‍ പുല്ക്കൂട്ടിലേക്കു തങ്ങളുടെ കാവല്ക്കാരുടെ പിന്നാലെ അവയും പോയിട്ടുണ്ടാവണം. അങ്ങനെ ഇടയച്ചെക്കനെ പൊതിഞ്ഞുനില്‍ക്കുന്ന ആട്ടിന്‍പറ്റം! അവന്റെ ആഗമദൌത്യത്തിന്റെ പൂര്‍ണചിത്രം അവതാരമുഹൂര്‍ത്തത്തില്‍ തന്നെ വരയ്ക്കപ്പെട്ടു.

നിന്റെ ഇടയനായി നിന്നോടൊപ്പം നടക്കാനും നിന്നെ നയിക്കാനുമാണു ദൈവം ഇറങ്ങിവന്നത്. കാരണം നീ അവിടുത്തെ അജമാണ്. എന്നാല്‍, അവിടുത്തെ അടുപ്പവും അകല്ചയും, ശബ്ദവും ശ്വാസനിശ്വാസങ്ങളും വിവേചിച്ചറിയുവാന്‍ നിനക്കു സാധിക്കുന്നുണ്േടാ? അവന്‍ തെളിക്കുന്ന വഴിയിലൂടെയാണോ നീ നീങ്ങുന്നത്? അതോ, നിനക്കു നിന്റെ വഴിയാണോ? ആട് വൃത്തിയും വെടിപ്പുമുള്ള മൃഗമാണ്. അഴുക്കില്‍ കിടക്കാന്‍ അതു മടിക്കും. നിന്റെ ആത്മശരീരങ്ങളെ കളങ്കരഹിതമായാണോ നീ കാത്തുസൂക്ഷിക്കുന്നത്? അതോ ചേറ്റിലും നിനക്ക് സുഖവാസമാണോ?


കൂട്ടം തെറ്റിയാല്‍, വഴിപിഴച്ചാല്‍ ആടിനറിയാം. അതു വാവിട്ടു കരയും. അറിഞ്ഞോ അല്ലാതെയോ ഒക്കെ നീ ചെയ്യുന്ന തെറ്റുകള്‍ ഒരുതരം കൂട്ടംതെറ്റലാണ്. അങ്ങനെയുള്ള അവസ്ഥകളെ മനസിലാക്കാന്‍ നിനക്കാവുന്നുണ്േടാ? അപ്പോഴൊക്കെ അനുതാപത്തോടെ നിലവിളിക്കാന്‍ നിന്റെ നാവുയരുന്നുണ്േടാ? അതോ, പാപബോധമില്ലാതെ, തിന്മയെ തിരിച്ചറിയാതെ, വീഴ്ചകളെ വകവയ്ക്കാതെയാണോ നിന്റെ പ്രയാണം? നിന്റെ ഇടയനായ ഉടയോന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കണമെങ്കില്‍ അജമായി നീ മാറുക തന്നെ വേണം. അവനെ മുട്ടിയുരുമ്മി നടക്കണം. അവന്റെ മാത്രം കാലൊച്ചകള്‍ക്കു കാതോര്‍ക്കണം. അവന്‍ നയിക്കുന്ന ഇടങ്ങളിലേക്കും തെളിനീര്‍ത്തടങ്ങളിലേക്കും സധൈര്യം പോകണം. അവിടെയൊക്കെ പൈദാഹങ്ങളകറ്റി നിനക്കു വേണ്ടുവോളം വിശ്രമിക്കാം. കുറവുകളൊന്നും നീ അറിയുകയുമില്ല.

താരകവഴിയേ തൊഴുത്തിലേക്ക് ഇക്കുറി നീ നടന്നുനീങ്ങുമ്പോള്‍ ഇങ്ങനെയുള്ള ചില ചെറുചിന്തകള്‍ നിന്റെ ഊന്നുവടിയായാല്‍ നന്ന്. തട്ടിവീഴാതെ അതു നിന്നെ താങ്ങിക്കൊള്ളും.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.