എസ്എന്‍ കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചു
Friday, December 19, 2014 1:26 AM IST
കൊല്ലം: എസ്എന്‍ ട്രസ്റിനു കീഴിലുള്ള കോളജുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചു. പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായംകൂടി പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ട്രസ്റ് അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ വിദ്യാര്‍ഥികള്‍ക്കു യോഗം ചേരാനാവില്ലെന്നു മാത്രമല്ല, സമരം ചെയ്യാനോ പഠിപ്പുമുടക്കാനോ അനുവാദവുമുണ്ടാവില്ല.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാല്‍ അത് ഉത്തരവാദികളായ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കും. സംഘര്‍ഷമുണ്ടായാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു പോലീസ് സഹായം തേടാം. കാമ്പസില്‍ മൊബൈല്‍ ഫോണും നിരോധിച്ചിട്ടുണ്ട്.


കുറഞ്ഞ വിജയ ശതമാനം, നാക് അക്രഡിറ്റേഷന്‍-സ്വയംഭരണ പദവി കിട്ടാതിരിക്കല്‍ എന്നിവയ്ക്കു കാരണം വിദ്യാര്‍ഥി രാഷ്ട്രീയവും അതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണു നിരോധനമെന്ന് എസ്എന്‍ ട്രസ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.