സ്മാര്‍ട്സിറ്റി: അടിസ്ഥാനസൌകര്യത്തിനു നൂറു കോടി രൂപ
സ്മാര്‍ട്സിറ്റി: അടിസ്ഥാനസൌകര്യത്തിനു നൂറു കോടി രൂപ
Saturday, December 20, 2014 12:59 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചിയുടെ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിനു മുന്‍പായി നടത്തും. മാര്‍ച്ച് 15ന് അകം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നു സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ദുബായില്‍നിന്നുള്ള പ്രമുഖരെ അടക്കം കൊണ്ടുവരാനാണ് ഉദ്ഘാടനം ജൂണ്‍ വരെ നീട്ടുന്നത്. സ്മാര്‍ട്സിറ്റിയുടെ പ്രവര്‍ത്തനവും അതോടെ തുടങ്ങും.

റോഡ്, വൈദ്യുതി, കനാല്‍ സൌന്ദര്യവത്ക്കരണം തുടങ്ങിയ അടിസ്ഥാനസൌകര്യ വികസനത്തിനായി 100 കോടി രൂപ ചെലവാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 150 കോടി രൂപ ചെലവില്‍ രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും.

400 കോടി രൂപയാണ് ആദ്യ രണ്ടു കെട്ടിടങ്ങള്‍ക്കും അടിസ്ഥാനസൌകര്യ വികസനത്തിനുമായി ചെലവാക്കുന്നത്. ഇതില്‍ 250 കോടി അടുത്ത വര്‍ഷം മാര്‍ച്ചിനകം ചെലവിടും. രണ്ടാമത്തെ കെട്ടിടം 2016 ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.

പതിനൊന്ന് ഏക്കറില്‍ ആറര ലക്ഷം ചതുരശ്ര അടിയിലാണ് ആദ്യ കെട്ടിടം പണിയുന്നത്. രണ്ടാമത്തെ കെട്ടിടം അഞ്ച് ഏക്കറിലാണ്, എന്നാല്‍, ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. ജെം സ്കൂള്‍ അടക്കമുള്ള മൂന്നു കോ-ഡവലപ്പേഴ്സ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.

ആദ്യ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ 6,000 പേര്‍ക്കു നേരിട്ടു ജോലി കിട്ടും. മൂന്നു കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇവയുടെ പേരുകള്‍ പിന്നീടു പ്രഖ്യാപിക്കും. കൂടുതല്‍ സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.


വിപുലമായ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ നടത്താനും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, പൂന തുടങ്ങിയ വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചു വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനം നടത്തും.

സര്‍ക്കാരിന്റെ മികച്ച പിന്തുണയാണു ലഭിക്കുന്നതെന്നു സ്മാര്‍ട്സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ സന്തുഷ്ടിയുണ്െടന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്സിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം വ്യാഴാഴ്ച ചേര്‍ന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യതയുള്ള വലിയ കമ്പനികളെ സ്മാര്‍ട്സിറ്റിയിലേക്കു കൊണ്ടുവരണമെന്ന ആവശ്യം ഐടി വകുപ്പ് ഉന്നയിച്ചു. ഈ ആവശ്യം ചര്‍ച്ച ചെയ്തു.

നെടുമ്പാശേരിയിലെ ഹോട്ടല്‍ മാരിയറ്റ് കോര്‍ട്ട്യാഡില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രി, അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല എന്നിവര്‍ക്കു പുറമെ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, എം.എ. യൂസഫലി, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ടീകോം ബിസിനസ് പാര്‍ക്സ് സിഇഒ മാലിക് അല്‍ മാലിക്, സ്മാര്‍ട്സിറ്റി കൊച്ചി എംഡി ഡോ.ബാജു ജോര്‍ജ്, സിഇഒ ജിജോ ജോസഫ്, ദുബായ് ഹോള്‍ഡിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ട്രാറ്റജി സഞ്ജീവ് ഖോസ്ല, അനിരുദ്ധ് ഡാങ്കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.