കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Saturday, December 20, 2014 1:03 AM IST
ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിപ്പട്ടികയിലുള്‍പ്പെട്ട അഞ്ചു പേരും 22ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും ആലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജി മേരി ജോസഫ് ഉത്തരവിട്ടു. വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍സ്റാഫംഗം ലതീഷ് ബി. ചന്ദ്രന്‍, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്ന ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. 22ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങുന്നവരെ ചോദ്യം ചെയ്യലിനു വിധേയമാക്കും. അന്നു ചോദ്യംചെയ്യല്‍ പൂര്‍ത്തിയായില്ലെങ്കില്‍ മറ്റൊരു ദിവസം കൂടി ഇവരെ അന്വേഷണ സംഘത്തിനു വിളിച്ചു വരുത്താം. എന്നാല്‍, രണ്ടാമത് വിളിച്ചുവരുത്തുന്ന ദിവസം തന്നെ കേസ് നിലവിലുള്ള ആലപ്പുഴ ഒന്നാം ക്ളാസ് ജുഡീഷല്‍ മജിസ്ട്രട്ട് മുമ്പാകെ ഇവരെ ഹാജരാക്കണമെന്നും ജില്ലാ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് ആലപ്പുഴ മുഹമ്മയിലെ കണ്ണര്‍കാട്ടുള്ള പി.കൃഷ്ണപിള്ള സ്മാരകത്തിനു തീയിടുകയും പ്രതിമയ്ക്കു കേടുപാടു വരുത്തുകയും ചെയ്ത നിലയില്‍ കണ്െടത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്നു മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന അന്വേഷണത്തിലാണു ലതീഷ് ബി. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി ആര്‍.കെ. ജയരാജന്‍ ആലപ്പുഴ ഒന്നാംക്ളാസ് ജുഡീഷല്‍ മജിസ്ട്രേട്ടിനു സമര്‍പ്പിച്ചത്. വീടുകള്‍, വസ്തുവകകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തീയിടുകയും ആക്രമിക്കുകയും ചെയ്യുന്നവരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 436ല്‍ പെടുത്തുന്നത്.


ഈ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃഷ്ണപിള്ള സ്മാരകം ആരാധനാലയങ്ങളുടെയും താമസക്കാരുടെയും പട്ടികയില്‍പ്പെടുന്നതല്ലെന്നു പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, കൃഷ്ണപിള്ള ഉപയോഗിച്ചിരുന്ന കട്ടില്‍ സൂക്ഷിക്കുന്നയിടം എന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുവകകള്‍ സൂക്ഷിക്കുന്ന സ്ഥലമെന്ന പരിഗണനയിലാണു പ്രതികള്‍ക്കെതിരേ ചുമത്തിയ 436-ാം വകുപ്പ് കോടതി അംഗീകരിച്ചു മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്. ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങുന്നവര്‍ക്കു ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.