പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം
Saturday, December 20, 2014 1:07 AM IST
പാലാ: പങ്കുവയ്ക്കുന്ന ജീവിതശൈലിയിലൂടെയേ ദൈവത്തെ സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും നീതിയും സ്നേഹവും നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കുമ്പോഴാണ് ഈശോയെ നമുക്കു സ്വീകരിക്കാന്‍ കഴിയുന്നതെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. 32-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ സ്വീകരിക്കണമെങ്കില്‍ മാനസാന്തരപ്പെടണം. സ്വാതന്ത്യ്രം ഉള്ളതുകൊണ്ടു സ്വന്തം ഇഷ്ടംപോലെ ജീവിക്കാമെന്നു കരുതുന്നതു തെറ്റാണ്. സ്വാതന്ത്യ്രം നന്മ ചെയ്യുന്നതിനുവേണ്ടിയാണ്. പാപബോധമില്ലാത്തതാണ് ഇന്നത്തെ തലമുറയുടെ ദോഷമെന്നും മാര്‍ പവ്വത്തി ല്‍ കൂട്ടിച്ചേര്‍ത്തു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. അടയാളങ്ങളില്‍ മറഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണു ബൈബിള്‍ കണ്‍വന്‍ഷനുകള്‍. പഴയ ആചാരങ്ങളില്‍ കുടുങ്ങിയ മനുഷ്യര്‍ക്കു രക്ഷയുടെ അനുഭവമുണ്ടായത് ഈശോയുടെ വരവിലൂടെയാണ്. കാനായിലെ കല്യാണത്തില്‍ ഈശോ വാഴ്ത്തിയ വീഞ്ഞ് ആസ്വദിച്ചവര്‍ക്കു നല്ല സ്വാദ് അനുഭവപ്പെട്ടതുപോലെ നമ്മെ കണ്ടുമുട്ടുന്ന മനുഷ്യര്‍ക്കും ആ സ്വാദ് അനുഭവിക്കാന്‍ കഴിയണമെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.


ഇന്നലെ രാവിലെ 9.30ന് അരുണാപുരം പള്ളി വികാരി ഫാ. തോമസ് മലയില്‍പുത്തന്‍പുര ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഉദ്ഘാടന സമ്മേളനത്തിനുശേഷം തൃശൂര്‍ അതിരൂപത സഹായ മെത്രാനും കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ റാഫേല്‍ തട്ടില്‍, അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ എന്നിവര്‍ വ ചനസന്ദേശം നല്‍കി. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ സ്വാഗതം ആശംസിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍മാരായ മോണ്‍.ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, കത്തീഡ്രല്‍ പള്ളി വികാരി ഫാ. സെബാസ്റ്യന്‍ കൊല്ലംപറമ്പില്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് ഞാറക്കാട്ടില്‍, അരുണാപുരം പള്ളി വികാരി ഫാ.തോമസ് മലയില്‍പുത്തന്‍പുര എന്നിവര്‍ സന്നിഹിതരായിരുന്നു. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.കുര്യന്‍ മറ്റം, ഫാ.മാത്യു മതിലകം, ഫാ.ജോസഫ് ആലഞ്ചേരില്‍, ജാന്‍സ് കക്കാട്ടില്‍, ഇ.എം. ദേവസ്യ ഈരൂരിക്കല്‍, സാബു കോഴിക്കോട്ട്, ബാബു തട്ടാംപറമ്പില്‍, ടി.പി. ജോസഫ്, തോമസ് മംഗളഗിരി എന്നിവര്‍ നേതൃത്വം കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.