കേരളത്തിന്റെ പിന്നോക്കാവസ്ഥ ഇടതു-വലതു ഭരണം മൂലം: അമിത് ഷാ
കേരളത്തിന്റെ പിന്നോക്കാവസ്ഥ ഇടതു-വലതു ഭരണം മൂലം: അമിത് ഷാ
Saturday, December 20, 2014 12:56 AM IST
പാലക്കാട്: കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമായിത്തീര്‍ന്നത് ഇടതു- വലതു മുന്നണികളുടെ ദുര്‍ഭരണമാണെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാലക്കാട് കോട്ടമൈതാനത്തു നടന്ന ബിജെപി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ദേശീയതയില്‍ അധിഷ്ഠിതമായ ഭരണസംവിധാനം നിലവില്‍ വരണം. ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അപ്രസക്തരായിക്കഴിഞ്ഞു. ദേശീയതലത്തിലുണ്ടായ മാറ്റം കേരളത്തിലും സംഭവ്യമാകും.

കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണന നല്കും. കേരളത്തില്‍നിന്നു ജനപ്രതിനിധികള്‍ ഇല്ലെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ അര്‍ഹമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സജ്ജരാകണം. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നു.


കെടുകാര്യസ്ഥതയും ഭരണദൌര്‍ബല്യവുമായിരുന്നു വികസനകാര്യത്തില്‍ കേരളത്തെ പിറകോട്ടടിച്ചത്. ജന്‍ധന്‍ ആവാസ് യോജനയും മറ്റു വികസനപദ്ധതികളും ഭാരതത്തിലെ മുഴുവന്‍ സാധാരണക്കാര്‍ക്കും ഏറെ ഗുണപ്രദമായിട്ടുണ്ട്. ഇറ്റലിയുടെ ഭരണരീതിപ്രകാരമല്ല ഭാരതത്തില്‍ മോദി ഭരണം നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ മോദിക്കു ലഭിക്കുന്ന ജനപിന്തുണയും അംഗീകാരവും അദ്ദേഹത്തിന്റെ മാത്രം കഴിവല്ല, ഭാരതത്തിലെ മുഴുവന്‍ സാധാരണക്കാരനും ലഭിക്കുന്ന അംഗീകാരമാണ്-അമിത് ഷാ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.