വിഎസിനൊപ്പം നില്‍ക്കുന്നവരെ പ്രതികളാക്കിയതില്‍ ഗൂഢാലോചന: ലതീഷ്
Sunday, December 21, 2014 11:54 PM IST
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനൊപ്പം നില്‍ക്കുന്നവരെ പ്രതികളാക്കിയതില്‍ ഗൂഢാലോചനയെന്ന് ഒന്നാംപ്രതി ലതീഷ് ബി. ചന്ദ്രന്‍. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇയാള്‍.

സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണു താന്‍. വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്താതിരുന്നതു ദുരൂഹമാണ്. വിഭാഗീയത മുതലാക്കിയാണു പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. മുതിര്‍ന്ന നേതാവ് ടി.കെ. പളനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു താനടക്കം അഞ്ചുപേരെ ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ മൊഴി നല്കിയിട്ടില്ലെന്നു പളനി പറഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഗൂഢാലോചന മനസിലാക്കിയാണു വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നത്.

സ്മാരകം ആക്രമിക്കപ്പെടുന്നതിനുമുമ്പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ നാലുതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രോഗബാധിതനായ ടി.കെ. പളനിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചാണു ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു ഫോണില്‍ വിളിച്ചത്. മറ്റു ജില്ലാ നേതാക്കളും ഫോണില്‍ വിളിച്ചിരുന്നു. ഇതെല്ലാം ദുരൂഹമാണെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം പാര്‍ട്ടി നടപടിയെടുത്തത് എവിടെനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല.


ജില്ലയ്ക്കു പുറത്തുള്ള നേതാക്കള്‍ ഉള്‍പ്പെട്ട പാര്‍ട്ടിതല അന്വേഷണം നടത്തണമെന്നു കാണിച്ചു സംസ്ഥാന സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. വിഷയത്തില്‍ വിഎസ് സ്വീകരിക്കുന്ന നിലപാടില്‍ സംതൃപ്തിയുണ്ട്. ഓഗസ്റ് 19നു കൃഷ്ണപിള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം വിവാഹം കഴിച്ചയാളാണു താന്‍. പുന്നപ്ര വയലാര്‍ സ്വാതന്ത്യ്രസമരസേനാനിയുടെ കൊച്ചുമകനായ താന്‍ പാര്‍ട്ടി ആചാര്യന്റെ പ്രതിമയും സ്മാരകവും തകര്‍ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും നിറകണ്ണുകളോടെ ലതീഷ് പറഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം നിലയ്ക്കു മുന്നോട്ടുപോകുമെന്നും തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകുമെന്നും ലതീഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.