അരങ്ങിലാടിത്തിമിര്‍ത്ത് അബ്രഹാമും കുടുംബവും
അരങ്ങിലാടിത്തിമിര്‍ത്ത് അബ്രഹാമും കുടുംബവും
Sunday, December 21, 2014 11:34 PM IST
കാഞ്ഞിരപ്പള്ളി: വിശുദ്ധ ബൈബിളിലെ അബ്രഹാമിന്റെ ബലി കഥകളിയായി വേദിയില്‍ നിറഞ്ഞപ്പോള്‍ കാണികള്‍ക്കൊരുങ്ങിയതു വിസ്മയക്കാഴ്ച. കാഞ്ഞിരപ്പള്ളി പാസ്ററല്‍ സെന്ററായിരുന്നു വേദി. അബ്രഹാമും കുടുംബവും കാണികളുടെ ഹൃദയംകവര്‍ന്നെന്നതിന്റെ സൂചനയായി നിറഞ്ഞ കരഘോഷം. കാഞ്ഞിരപ്പള്ളി രൂപതയിലെ സഹൃദയരായ ഒരുപറ്റം വൈദികരുടെ കൂട്ടായ്മ സംഘടിപ്പിച്ച ശാസ്ത്രീയ കലാസായാഹ്നം മതസൌഹാര്‍ദത്തിന്റെ വേദിയായി മാറി. 300ലധികം വരുന്ന ക്രൈസ്തവ ഹൈന്ദവ കലാസ്വാദകരാണ് ഇന്നലെ കാഞ്ഞിരപ്പള്ളി പാസ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ കഥകളിയാസ്വദിക്കാനെത്തിയത്.

മീനടം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി രചനയും സംവിധാനവും നിര്‍വഹിച്ച അബ്രഹാമിന്റെ ബലി'യുടെ കഥകളിയാവിഷ്കാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. കുമാരി ശില്പ സജി കഥകളിയെയും കഥാസാരത്തെയും സദസിനു പരിചയപ്പെടുത്തി. മകന്‍ ഇസഹാക്കിനെ വേര്‍പിരിയുന്ന അമ്മയുടെ ദുഃഖവും മകനെ ബലിനല്‍കാനൊരുങ്ങുന്ന പിതാവിന്റെ വ്യഥയും കാണികളെ നൊമ്പരപ്പെടുത്തി. കഴുതയും ദൈവദൂതനുമെല്ലാം അബ്രഹാമിന്റെ ബലി സംഭവം ആസ്വാദകര്‍ക്കു മറക്കാനാവാത്ത നിമിഷങ്ങളൊരുക്കി. അബ്രഹാമിനെ വേദിയിലവതരിപ്പിച്ച കുടമാളൂര്‍ മുരളീകൃഷ്ണനും സാറായ്ക്കു ജീവന്‍ നല്‍കിയ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും ഇസഹാക്കിനു പ്രേക്ഷകഹൃദയത്തില്‍ ഇടം നല്‍കിയ കുമാരി ഗൌരി എസ്. നായരും ഇവരോടൊപ്പം വേദിയിലെത്തിയ കലാരംഗം ശ്രീകുമാറും കലാരംഗം രഘുവും ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. കലാമണ്ഡലം ബാലചന്ദ്രന്റെയും കലാവിഷ്ണുവിന്റെയും കഥകളി പദാലാപനവും കലാമണ്ഡലം പുരുഷോത്തന്റെ ചെണ്ടയും കലാനിലയം ഓമനക്കുട്ടന്റെ മദ്ദളവും 'അബ്രഹാമിന്റെ ബലി'യെ അവിസ്മരണീയമാക്കി.


കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കഥകളിക്കു മീനടം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചു കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം തയാറാക്കിയ ഉപഹാരം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്കു നല്‍കി.

കലാസായാഹ്നത്തിനെത്തിയവര്‍ക്കു രൂപതാ വിശ്വാസജീവിത പരിശീലന കേന്ദ്രം ഡയറക്ടറും പിആര്‍ഒയുമായ റവ.ഡോ.സെബാസ്റ്യന്‍ കൊല്ലംകുന്നേല്‍ സ്വാഗതവും രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസ് പുളിയക്കല്‍ നന്ദിയും പറഞ്ഞു.

ലളിതമായ ശൈലിയില്‍ കേരളത്തിന്റെ തനതുകലയായ കഥകളിയെ സാധാരണക്കാരിലെത്തിക്കുക എന്നതാണു തന്റെ ജീവിത ലക്ഷ്യമെന്നു മീനടം ഉണ്ണിക്കൃഷ്ണന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജാതിമതഭേദമെന്യേയെത്തിയ കലാസ്വാദകര്‍ കലാകാരന്മാരെ അഭിനന്ദിക്കാനും തിരക്കു കൂട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.