പ്രാര്‍ഥനയ്ക്കു ക്ളീഡോ മൊബൈല്‍ ആപ്ളിക്കേഷനുമായി യാക്കോബായ സഭ
Sunday, December 21, 2014 11:59 PM IST
കൊച്ചി: വിശ്വാസികള്‍ക്കായി യാക്കോബായ സഭ മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. അമേരിക്കന്‍ ഭദ്രാസനത്തിന്റെ യുവജനവിഭാഗമായ എംജിഎസ്ഒഎസ്എ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാവാ പാര്‍ട്ണേഴ്സുമായി ചേര്‍ന്നു തയാറാക്കിയ ക്ളീഡോ എന്ന ആപ് കൊച്ചിയില്‍ നടന്ന ചടങ്ങിലാണു പുറത്തിറക്കിയത്.

സഭയുടെ കലണ്ടറുമായി ബന്ധപ്പെട്ട അനുയോജ്യമായ പ്രാര്‍ഥനകളിലേക്കു സമയാസമയം വിശ്വാസികളെ നയിക്കുകയെന്നതാണ് ആപ്പിന്റെ പ്രാഥമിക പ്രവര്‍ത്തനം. സീസണ്‍, ആഘോഷങ്ങള്‍ തുടങ്ങിയവ കൃത്യമായ മണിക്കൂര്‍ കണക്കിനു പ്രോഗ്രാം ചെയ്തിരിക്കുന്നു. ഇവ വേണ്ട ഭാഷയില്‍ ഡിസ്പ്ളെ ചെയ്യും. വിശുദ്ധരുടെ നാമങ്ങള്‍ വേണ്ടിടങ്ങളില്‍ താനേ പ്രത്യക്ഷപ്പെടും. ബൈബിള്‍ വാക്യങ്ങള്‍ മുഴുവനും എളുപ്പം തെരഞ്ഞുകണ്ടുപിടിക്കാവുന്ന രീതിയില്‍ വിന്യസിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിനു താങ്ങാകുന്ന വേദചിന്തകളും പഠനസഹായിയും ഉള്‍പ്പെട്ടതാണ് ആപ് എന്ന സവിശേഷതയുമുണ്ട്. വൈകാതെ സമയത്തിനും സന്ദര്‍ഭത്തിനും പ്രാര്‍ഥനയ്ക്കുമിണങ്ങുന്ന പള്ളിസംഗീതവും ഉള്‍പ്പെടുത്തും.

പുരോഹിതന്മാരുമായും പരസ്പരവും വിശ്വാസികളെ ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ആയി വര്‍ത്തിക്കാനും ക്ളീഡോയ്ക്കു സാധിക്കും. ഓരോരുത്തരുടെയും താത്പര്യപ്രകാരം പ്രവര്‍ത്തനം ക്രമീകരിക്കാനും സാധ്യമാണ്. ആപ്പിനെ സ്ഥിരമായി നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള സംവിധാനവും ഉണ്ട്. വൈകാതെ ദാനധര്‍മങ്ങള്‍ക്കും വിശ്വാസപ്രചാരണത്തിനുമുള്ള സാധ്യതകളും ഉള്‍പ്പെടുത്താനും പരിപാടിയുണ്ട്. ഈ ആപ്ളിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നീ പ്ളാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കും.


ക്ളീഡോ പദ്ധതിക്കു ധനസഹായം നല്‍കിയ വടക്കേ അമേരിക്കന്‍ ഭദ്രാസനത്തിന്റെ യുവവിഭാഗമായ എംജിസോസ പ്രസിഡന്റ് എല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത, എംജിസോസ വൈസ് പ്രസിഡന്റ് ഫാ.സക്കറിയ വര്‍ഗീസ്, കുര്യാക്കോസ് മാര്‍ ദിയോസ്കോറസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭാ സെക്രട്ടറി കമാന്‍ഡര്‍ ജോര്‍ജ് മാത്യു, ആപ് വികസിപ്പിച്ചെടുത്ത സെറിബ്ടെക് ലാബ്സ് (യുഎസ്) സിഇഒ കുര്യന്‍ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സംസ്കാരങ്ങളുടെയും ഭാഷകളുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യായുഗത്തില്‍ വിശ്വാസികളെയും വിശുദ്ധരെയും പരസ്പരം ബന്ധിപ്പിച്ചു പ്രാര്‍ഥനയ്ക്കു പുതിയ മുഖം നല്‍കാനാണു ക്ളീഡോ ലക്ഷ്യമിടുന്നതെന്നു സഭാ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു ംംം.ാഴീമെ.രീാ അല്ലെങ്കില്‍ ംംം.ഷമരീയശല്യൃേെശമിരവൌൃരവ.ീൃഴശവീുെ സന്ദര്‍ശിക്കുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.