നിലപാടു മാറ്റാതെ ഇരുപക്ഷവും; കോണ്‍ഗ്രസില്‍ പടയൊരുക്കം
Sunday, December 21, 2014 12:06 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു. തീരുമാനങ്ങളില്‍നിന്നു പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച ഭരണനേതൃത്വം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ പടയൊരുക്കം തുടങ്ങി. നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു സുധീരനും ആവര്‍ത്തിച്ചതോടെ തികഞ്ഞ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണു കോണ്‍ഗ്രസ് രാഷ്ട്രീയം.

മദ്യനയത്തില്‍ സുധീരനെതിരായ നിലപാടെടുക്കുന്നതില്‍ എ- ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ തിരുവനന്തപുരത്തു യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭരണരംഗത്തു നിലവിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെടും. ഭരണനേതൃത്വവും പാര്‍ട്ടി പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം ഭരണരംഗത്തു നിശ്ചലാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനങ്ങളോടു വിശദീകരിക്കാന്‍ സാധിക്കാത്ത നിലയിലാണു തങ്ങളെന്നുമാണ് ഇവര്‍ മുഖ്യമന്ത്രിയോടു പരാതിപ്പെടാന്‍ പോകുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഈ യോഗം ചേരുന്നത്. പാര്‍ട്ടി ഫോറങ്ങള്‍ ചേരാന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമസഭാകക്ഷിയുടെ പിന്തുണ നേടിയെടുക്കാനുള്ള നീക്കമായാണിതിനെ വിശേഷിപ്പിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് വി.എം. സുധീരനിലുള്ള അവിശ്വാസമായും ഇതിനെ വിശേഷിപ്പിക്കാം. ഏതായാലും ജനപ്രതിനിധികളുടെ പിന്തുണ തങ്ങള്‍ക്കുണ്െടന്നു ബോധ്യപ്പെടുത്താനുള്ള നീക്കമായി ഇതിനെ കാണണം.

പാര്‍ട്ടി- സര്‍ക്കാര്‍ തര്‍ക്കത്തില്‍ എംഎല്‍എമാര്‍ യോഗം ചേര്‍ന്നു ഭരണ നേതൃത്വത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതു സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത്യപൂര്‍വ സംഭവമായാണു കാണുന്നത്. ഐ ഗ്രൂപ്പിന്റെ പിന്തുണ എ ഗ്രൂപ്പിനുണ്െടങ്കിലും പരസ്യമായി രംഗത്തു വരേണ്െടന്നാണ് അവരുടെ തീരുമാനം.

ഇതിനിടെ, നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന സൂചനയാണു സുധീരന്‍ നല്‍കുന്നത്. മദ്യനയത്തെ എതിര്‍ക്കുമെന്ന ഉറച്ച നിലപാടാണത്രെ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. നയംമാറ്റം സര്‍ക്കാരിനു ദോഷം ചെയ്യുമെന്ന അഭിപ്രായത്തില്‍ തന്നെ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇന്നലെ തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ സുധീരന്‍ വ്യക്തമാക്കി.

ബാഹ്യശക്തികളാണു സര്‍ക്കാരിന്റെ അജന്‍ഡ നിശ്ചയിക്കുന്നതെന്നും മദ്യലോബി തന്റെ രാജി ആവശ്യപ്പെടുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനം അംഗീകരിച്ച മദ്യനയം മാറ്റുന്നതിനെതിരേ പ്രതികരിക്കേണ്ടതു തന്റെ കടമയാണെന്നും സുധീരന്‍ വ്യക്തമാക്കി.


എന്നാല്‍, സുധീരനെതിരായ പ്രസ്താവനകളുമായി മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ രംഗത്തെത്തി. സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. മദ്യനയം പുനഃപരിശോധിക്കില്ലെന്നു മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. സുധീരന്റേതു വ്യക്തിപരമായ നിലപാടാണെന്നു പറഞ്ഞുകൊണ്ട് പാര്‍ട്ടി നിലപാട് ഇതല്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി.

വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ മുതല്‍ ആരംഭിച്ച പാര്‍ട്ടി- സര്‍ക്കാര്‍ ശീതസമരം മദ്യനയത്തിലെ മാറ്റത്തോടെ പുതിയൊരു തലത്തിലേക്കു കടന്നിരിക്കുകയാണ്. ബാര്‍പൂട്ടല്‍ തീരുമാനത്തെ സംബന്ധിച്ച തര്‍ക്കം ഉയര്‍ന്നുവന്നതു മുതല്‍ ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലായിരുന്നു. സുധീരന്റെ കര്‍ക്കശ നിലപാടുകള്‍ക്കു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടതായും വന്നു.

മുഴുവന്‍ ബാറുകളും പൂട്ടാനുള്ള ഓഗസ്റ് 21 ലെ യുഡിഎഫ് യോഗതീരുമാനം പോലും സുധീരനെ നിര്‍വീര്യനാക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ അറ്റകൈ പ്രയോഗമായിരുന്നു. എന്നാല്‍, ഭരണരംഗത്തെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു ഈ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞത് പാര്‍ട്ടിയിലോ മറ്റു ഫോറങ്ങളിലോ ഔപചാരികമായ കൂടിയാലോചനകളൊന്നും നടത്താതെയായിരുന്നു. തുടര്‍ന്നു വന്ന യുഡിഎഫ് യോഗത്തില്‍ ഈ തീരുമാനം അവതരിപ്പിക്കുകയും അന്തിമതീരുമാനമെ ടുക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. നിയമസഭ പിരിഞ്ഞ ദിവസം തന്നെ മന്ത്രിസഭായോഗം ചേര്‍ന്ന് മദ്യത്തില്‍ മാറ്റം വരുത്തുകയും ചെയ്തു.

ഓഗസ്റ് 21ലെ യുഡിഎഫ് യോഗതീരുമാനം ഉയര്‍ത്തിക്കാട്ടുന്ന സുധീരന്‍ എന്തുകൊണ്ട് കഴിഞ്ഞ യുഡിഎഫ് യോഗത്തിന്റെ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്ന ചോദ്യവും മറുപക്ഷം ഉയര്‍ത്തുന്നു.തര്‍ക്കങ്ങളുടെ പേരില്‍ തീരുമാനങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ തയാറല്ലെന്ന സൂചനയാണു മുഖ്യമന്ത്രി നല്‍കുന്നത്. എന്ത് എതിര്‍പ്പുകളുണ്ടായാലും അവഗണിച്ചു മുന്നോട്ടുപോകാന്‍ തന്നെയാണു തീരുമാനം. സര്‍ക്കാര്‍ ഈ നിലയില്‍ മുന്നോട്ടുപോയാല്‍ സുധീരന്‍ എന്തു നിലപാടെടുക്കും എന്നതു കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സര്‍ക്കാരിനെയും സംബന്ധിച്ചു നിര്‍ണായക മായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.