പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്നു ഷോക്കേറ്റു തൊഴിലാളി മരിച്ചു
പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്നു ഷോക്കേറ്റു  തൊഴിലാളി മരിച്ചു
Sunday, December 21, 2014 12:12 AM IST
ചങ്ങനാശേരി: ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊട്ടിവീണു കിടന്ന വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റു പാടത്തു ജോലി ചെയ്തുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കു ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശി തൈമൂ റഹിമാന്‍(36)ആണു മരിച്ചത്. ഇതേ നാട്ടുകാരനായ മോത്തി റഹിമാന്‍നാണു (32)പരിക്കേറ്റത്. പായിപ്പാട് നാലുകോടി സ്വദേശിയായ കര്‍ഷകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30ന് പായിപ്പാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട അയിത്തമുണ്ടകം പാടശേഖരത്തിലാണ് അപകടം.

പയര്‍ കൃഷിക്കു വാരംകോരിക്കൊണ്ടിരുന്ന തൊഴിലാളികള്‍ക്കാണു ഷോക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൈമൂ റഹിമാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഗുരുതരമായി പൊള്ളലേറ്റ മോത്തി റഹിമാനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം ജോലി ചെയ്ത കര്‍ഷകന്‍ നാലുകോടി കുറുക്കന്‍കുഴി ജോസഫാണ് (ജോസ്-56) ഷേക്കേറ്റെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടത്.

ഏഴുപേര്‍ അപകടസ്ഥലത്തു ജോലി ചെയ്യുന്നുണ്ടായിരുന്നു. ഉപയോഗശൂന്യമായി പാടത്തു പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി ഒരു വശത്തേക്കു ചുരുട്ടി മാറ്റി വയ്ക്കമ്പോള്‍ വൈദ്യുതി പ്രവഹിച്ചാണു മൂവര്‍ക്കും ഷോക്കേറ്റത്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


മരിച്ച തൈമൂ റഹിമാന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

നാലുകോടിയിലുള്ള ചെറുകിട വ്യവസായ സ്ഥാപനത്തിലേക്കു കോട്ടമുറി ഭാഗത്തുനിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വലിച്ചിരുന്ന 11 കെവി ലൈന്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി പാടത്തു പൊട്ടി വീണുകിടക്കുകയായിരുന്നു. പൊട്ടിക്കിടക്കുന്ന കമ്പി അപകട സാധ്യതയുള്ളതിനാലും കൃഷിക്കു തടസമായതിനാലും നീക്കം ചെയ്യണമെന്നു കര്‍ഷകരും നാട്ടുകാരും നിരവധി തവണ തൃക്കൊടിത്താനം വൈദ്യുതി ഓഫീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍, വൈദ്യുതി പ്രവാഹം ഇല്ലെന്നും അപകടസാധ്യതയില്ലെന്നും പറഞ്ഞു വൈദ്യുതി അധികൃതര്‍ കമ്പി അഴിച്ചുമാറ്റാന്‍ നടപടിയെടുത്തിരുന്നില്ല. വീടുകളിലേക്കു വൈദ്യുതി എത്തിക്കുന്ന ലൈനില്‍നിന്നു പൊട്ടിക്കിടന്ന കമ്പിയിലേക്കു വൈദ്യുതി പ്രവഹിച്ചാണ് അപകടം സംഭവിച്ചതെന്നു പോലീസ് പറഞ്ഞു.

വൈദ്യുത ബന്ധമില്ലാത്ത ലൈനില്‍ എപ്രകാരമാണു വൈദ്യുതി പ്രവഹിച്ചതെന്നു കണ്െടത്തണമെന്നാവശ്യപ്പെട്ടു ബോര്‍ഡിനു കത്തു നല്‍കിയതായി തൃക്കൊടിത്താനം എസ്ഐ ജയകുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.