ചലച്ചിത്രതാരം സാജന്‍ പിറവം നിര്യാതനായി
ചലച്ചിത്രതാരം സാജന്‍  പിറവം  നിര്യാതനായി
Sunday, December 21, 2014 12:16 AM IST
പിറവം: നടനും മിമിക്രി താരവുമായ സാജന്‍ പിറവം (49) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.

രണ്ടരയടിയോളം മാത്രം ഉയരമുണ്ടായിരുന്ന സാജന്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. സിനിമയിലെ നായക കഥാപാത്രമായ ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തിലാണു സാജനും അഭിനയിച്ചത്. ബെസ്റ് ആക്ടര്‍, പട്ടണത്തില്‍ ഭൂതം, ഇമ്മാനുവല്‍, നാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയലുകളിലും, കോമഡി പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. പിറവം ചക്കാലയ്ക്കല്‍ ഉതുപ്പിന്റെയും പരേതയായ അന്നമ്മയുടെയും മകനായ സാജന്‍ മിമിക്രി രംഗത്ത് ശ്രദ്ധേയനായതോടെയാണ് സിനിമയിലേക്കും എത്തുന്നത്. സാജന്റെ നേതൃത്വത്തില്‍ നിരവധി സ്റേജ്ഷോകളും നടന്നു.


രണ്ടാഴ്ചയായി ശ്വാസംമുട്ടലിനെത്തുടര്‍ന്നു പിറവത്തു ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30ന് വീട്ടില്‍ ഉറങ്ങുന്നതിനിടെ വീണ്ടും ശ്വാസതടസമുണ്ടായി. പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിറവം ഹോളി കിംഗ്സ് കത്തോലിക്ക പള്ളിയില്‍ നടത്തി. സഹോദരങ്ങള്‍: സാലി, സാബി, സാനി, ഷൈനി, സാബു, പരേതയായ ലൂസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.