അധ്യാപക നിയമനം: പ്രശ്നങ്ങള്‍ പരിഹരിക്കണം
Sunday, December 21, 2014 12:17 AM IST
ഫാ. ജേക്കബ് ജി. പാലയ്ക്കപ്പള്ളി (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍)

മന്ത്രിസഭായോഗ തീരുമാനമായി അങ്ങയുടെ ഓഫീസില്‍നിന്നു ഡിസംബര്‍ 11നു പ്രസിദ്ധീകരിച്ചിരിക്കുന്ന പത്രക്കുറിപ്പ് വിദ്യാഭ്യാസമേഖലയില്‍ വ്യക്തതയും തീരുമാനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണു വായിച്ചു തുടങ്ങിയത്. പത്രക്കുറിപ്പില്‍ ഏതാനും ചില തീരുമാനങ്ങളുണ്െടങ്കിലും ഏറെ അവ്യക്തതകള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ഈ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമാകാതെ നിലവിലുള്ള പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമാകുന്നതാകണം. അതിനായി അങ്ങയുടെ ശ്രദ്ധയും തീരുമാനവും അഭ്യര്‍ഥിക്കുന്നു.

1. അധ്യാപകര്‍ക്കു നിയമന അംഗീകാരം നല്കുന്നതിനു മാത്രമായി 2010- 2011 മുതല്‍ 2013- 2014 വരെ എല്‍പി സ്കൂളില്‍ 1:30, യുപി സ്കൂളില്‍ 1:35 എന്ന അനുപാതപ്രകാരം അനുപാത പുനഃക്രമീകരണം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹവും സന്തോഷകരവുമാണ്. എന്നാല്‍ 2014-2015ല്‍ വീണ്ടും പഴയ അനുപാതത്തിലേക്ക് (1:45) മടങ്ങുന്നു. വിദ്യാഭ്യാസ അവകാശനിയമം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികേന്ദ്രീകൃതമായ അനുപാത പുനഃക്രമീകരണത്തിനു സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ അധ്യയനവര്‍ഷവും തുടര്‍ന്നും എല്‍പിയില്‍ 1:30, യുപിയില്‍ 1:35 എന്നീ അനുപാതത്തിലെങ്കിലും തസ്തികനിര്‍ണയം നടത്തി വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.

2. ഈ അധ്യയനവര്‍ഷം വീണ്ടും പഴയ അനുപാതത്തിലേക്ക് (1:45) മടങ്ങുന്നതു വിദ്യാലയങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രണ്ടു ഡിവിഷനുകളിലായി 2010- 2011 തസ്തിക പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ പലതിലും ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള്‍ നഷ്ടപ്പെടുകയും നിലവിലുള്ള അധ്യാപകര്‍ പുറത്താവുകയും ചെയ്യുന്ന ദുരവസ്ഥയുണ്ടാകും. ഇംഗ്ളീഷ് മീഡിയം ഡിവിഷനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു തുടര്‍പഠനം അസാധ്യമാകും. അതിനാല്‍ 1:30, 1:35 അനുപാതത്തില്‍ തന്നെ ഈ വര്‍ഷവും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതായിരിക്കും പ്രായോഗികമായ ഉചിതമായ തീരുമാനം.

3. അഡീഷണല്‍ ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് ഇനി മുതല്‍ സര്‍ക്കാര്‍ തലത്തിലാണ്. അധ്യയനവര്‍ഷം പകുതി കഴിയാറായിട്ടും ഈ വര്‍ഷത്തെ അഡീഷണല്‍ ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങളായില്ല. വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍ എടുത്തിരുന്ന ഈ തീരുമാനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി സര്‍ക്കാര്‍തലത്തിലേക്കു നീങ്ങുമ്പോള്‍ അനിശ്ചിതാവസ്ഥയ്ക്കു വിരാമമില്ല. 2005 മുതല്‍ 01-06-2011 വരെ അഡീഷണല്‍ തസ്തികകളില്‍ ജോലി ചെയ്തവര്‍ക്ക് 01-06-2011 മുതല്‍ മാത്രമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മുന്‍ സേവന കാലഘട്ടം പിന്നീടു പരിഗണിക്കുമെന്നു പാക്കേജിന് അനുബന്ധമായുള്ള ഉത്തരവുകളില്‍ സൂചിപ്പിച്ചെങ്കിലും കെഇആര്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ 01-06-2011 മുതല്‍ മാത്രമാണ് അംഗീകാരമെന്നും മുന്‍കാല സേവനം അംഗീകരിക്കുകയില്ല എന്നുമുള്ള തീരുമാനമാണു സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. നിയമനനിരോധനമില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്െടങ്കിലും 2005 മുതല്‍ ഫലത്തില്‍ നിയമന നിരോധനമാണു നിലവിലുള്ളത്.

4. 2005 മുതല്‍ അംഗീകൃത തസ്തികകളില്‍ നിയമിതരായി നിയമനാംഗീകാരം 01-06-2011 മുതല്‍ മാത്രം ലഭിച്ച അധ്യാപക- അനധ്യാപകരും കെ.ഇ.ആര്‍. ഭേദഗതി നടത്തുമ്പോള്‍ മുന്‍കാല സേവനം പരിഗണിക്കപ്പെടുമെന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. എന്നാല്‍, കെ.ഇ. ആര്‍ ഭേദഗതിയിലോ ഇപ്പോഴിറങ്ങിയ പത്രക്കുറിപ്പിലോ അവര്‍ക്കനുകൂലമായ തീരുമാനങ്ങളൊന്നുമില്ല. വര്‍ഷങ്ങളോളം അംഗീകൃത തസ്തികകളില്‍ ജോലി ചെയ്ത ഈ അധ്യാപക- അനധ്യാപകരുടെ 2005 മുതല്‍ 01-06-2011 വരെയുള്ള നിയമനാംഗീകാരത്തിനുള്ള നടപടികളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

5. 2011-2012 മുതല്‍ 2014-2015 വരെയുള്ള അധ്യയന വര്‍ഷത്തിനിടയില്‍ അധിക തസ്തികയ്ക്ക് അര്‍ഹതയുണ്ടായിരുന്ന സ്കൂളുകളില്‍ തസ്തികകള്‍ക്ക് അംഗീകാരം നല്‍കുമെന്ന നിലപാടു സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഈ തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്കു നിയമനാംഗീകാരം നല്‍കുമെന്നു വ്യക്തമാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഈ തീരുമാനത്തിനു നല്‍കിയേക്കാം. 2011- 2012 മുതല്‍ 2014- 2015 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിതരായവര്‍ക്കു കുട്ടികളുടെ എണ്ണക്കുറവു കാരണം തസ്തിക നഷ്ടപ്പെട്ടാല്‍ അവരെ ബാങ്കില്‍ ഉള്‍പ്പെടുത്തില്ല എന്ന തീരുമാനം കുറേയേറെ അധ്യാപകര്‍ തൊഴില്‍ നഷ്ടപ്പെട്ടു പ്രതിസന്ധികളിലേക്കു നീങ്ങുന്നതിനു കാരണമാകും. ഇപ്രകാരം തസ്തിക നഷ്ടപ്പെട്ടു പുറത്താകുന്ന അധ്യാപകരെ വിദ്യാലയങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു വിന്യസിക്കാന്‍ നടപടിയുണ്ടാകണം.

6. അധ്യാപക ബാങ്കിലേക്കു മാറ്റപ്പെടുന്ന അധ്യാപകരുടെ ലിസ്റ് എയ്ഡഡ്/ സര്‍ക്കാര്‍ മേഖലകളില്‍ പ്രത്യേകം തയാറാക്കണമെന്നാണു നിര്‍ദേശം. എയ്ഡഡ് വിദ്യാലയങ്ങളില്‍ കോര്‍പറേറ്റ് മാനേജ്മെന്റുകളിലെയും വ്യക്തിഗത മാനേജ്മെന്റുകളിലെയും ലിസ്റുകള്‍ പ്രത്യേകം തയാറാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

7. അധ്യാപക ബാങ്കില്‍നിന്ന് എയ്ഡഡ് വിദ്യാലയങ്ങളിലെ ദീര്‍ഘകാല- ഹ്രസ്വകാല ഒഴിവുകളിലേക്കു നിയമിക്കണമെന്ന നിര്‍ദേശം എയ്ഡഡ് മാനേജ്മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. പ്രത്യേകിച്ചു ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കു ഭരണഘടനാദത്തമായ ഭരണനിര്‍വഹണ അവകാശത്തെ പരിമിതപ്പെടുത്തുന്നതുമാണ്. ഹെഡ് ടീച്ചറെ ക്ളാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വേക്കന്‍സിയിലേക്ക് അധ്യാപക ബാങ്കില്‍നിന്നു നിയമിക്കണമെന്നാണു നിര്‍ദേശം. ഇതും സമാനമായ ദുരവസ്ഥയിലേക്ക് എയ്ഡഡ് വിദ്യാലയങ്ങളെ എത്തിക്കും.


8. അധ്യാപക ബാങ്കില്‍നിന്ന് എയ്ഡഡ് സ്കൂളുകളിലേക്കുള്ള നിയമനരീതി ഒരു പ്രഹസനമാണ്. അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തി 48 മണിക്കൂറിനുള്ളില്‍ വിദ്യാഭ്യാസ ഓഫീസര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണം. അധ്യാപക ബാങ്കില്‍ നിന്നു നിയമനം നടത്തേണ്ട ഒഴിവുകളില്‍ മാനേജര്‍ മറ്റു രീതിയില്‍ നിയമനം നടത്തിയാല്‍ മാനേജര്‍ക്കെതിരേ നടപടി എടുക്കണമെന്നും നിയമനം ലഭിച്ച അധ്യാപകനെ പിരിച്ചുവിടണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശവും വിദ്യാലയ പ്രവര്‍ത്തനങ്ങളെ പ്രശ്നസങ്കീര്‍ണമാക്കും.

9. അധ്യാപക ബാങ്കിലുള്‍പ്പെട്ട അധ്യാപകര്‍ക്കു മാനേജര്‍മാര്‍ നിയമനം നല്‍കിയാല്‍ 15 ദിവസം വരെ ജോയിന്‍ ചെയ്യാനുള്ള സാവകാശം കൊടുക്കുന്നുണ്ട്. നിലവില്‍ ഒരു മാസത്തിലധികം ദിവസങ്ങള്‍ അധ്യാപകര്‍ ലീവെടുക്കുമ്പോള്‍ പകരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ മാനേജ്മെന്റിനു നല്‍കിയിരിക്കുന്ന അധികാരമാണ് ഇല്ലാതായിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് ലീവിന്റെ ആദ്യ 15 ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങും. ഈ കാലയളവില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആരും ഉണ്ടാകില്ല. വിദ്യാര്‍ഥികളുടെ അധ്യയന അവകാശത്തെ തകര്‍ക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്നു സര്‍ക്കാന്‍ പിന്‍തിരിയണം.

അധ്യാപകബാങ്കില്‍നിന്നു ഹ്രസ്വകാല- ദീര്‍ഘകാല ഒഴിവുകളിലേക്കു നിയമിക്കണമെന്ന തീരുമാനം പിന്‍വലിക്കണം. ബാങ്കില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്കു താത്കാലിക നിയമനങ്ങള്‍ നല്‍കാതെ വിദ്യാഭ്യാസ മേഖലയിലോ ഇതര സേവന മേഖലയിലോ സ്ഥിരനിയമനങ്ങള്‍ നല്‍കുന്നതാണു സമൂഹനന്മയ്ക്കു ഗുണകരമാകുന്നത്. ഹ്രസ്വകാല- ദീര്‍ഘകാല ഒഴിവുകളിലേക്കു പകരം അധ്യാപകരെ നിയമിക്കുന്നതിനു നിലവിലുള്ള സംവിധാനം തുരുന്നതാണു വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദം.

10. എയ്ഡഡ് മാനേജ്മെന്റുകളിലെ 51 എ ക്ളെയ്മെന്റ്സിന് ഉള്ള മുന്‍ഗണനകള്‍ കെ.ഇ.ആര്‍ ഭേദഗതിയില്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. പുതിയ ഉത്തരവിനു മുമ്പുള്ള പത്രക്കുറിപ്പില്‍ എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകളില്‍ നിയമനം ലഭിച്ച ശേഷം കുട്ടികളുടെ എണ്ണക്കുറവു മൂലം പുറത്താകേണ്ടിവന്ന 51 എ ക്ളെയ്മെന്റ്സിനു ഭാവി നിയമനങ്ങളില്‍ ബാങ്കിന്റെ വരവോടെ മുന്‍ഗണനകള്‍ നഷ്ടപ്പെടുന്നു. 51 എ ക്ളെയ്മെന്റ്സിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം.

11. സര്‍ക്കാരിന്റെ പത്രക്കുറിപ്പ് ആദ്യാവസാനം വായിക്കുമ്പോള്‍ മാനേജര്‍മാര്‍ക്കെതിരേയുള്ള ഭീഷണിയാണു നിറഞ്ഞുനില്‍ക്കുന്നത്. റവന്യൂ റിക്കവറി നടപടികള്‍, കര്‍ശന നടപടികള്‍, പിരിച്ചുവിടല്‍, ക്രിമിനല്‍ കേസ് എന്നിങ്ങനെ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കെതിരെ എടുക്കുന്ന ശിക്ഷാനടപടികളുടെ വിവരണമാണു പത്രക്കുറിപ്പ്. വിദ്യാഭ്യാസ മേഖയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക വികസനത്തെ ത്വരിതപ്പെടുത്തിയ എയ്ഡഡ് മാനേജര്‍മാരെ കുറ്റവാളികള്‍ എന്നപോലെ സമീപിക്കുന്നതു നീതിപൂര്‍വമല്ല. ഏതാനും മാനേജര്‍മാരുടെ തെറ്റുകള്‍ പര്‍വതീകരിച്ച് എയ്ഡഡ് മാനേജ്മെന്റുകളെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന സര്‍ക്കാര്‍ നിലപാട് സത്യത്തെ തമസ്കരിക്കുന്നതാണ്.

12. അധിക ഡിവിഷന്‍ അനുവദിക്കുന്നതിനു യുഐഡി പ്രകാരമുള്ള കുട്ടികളുടെ എണ്ണം കണക്കിലെടുക്കുന്നതു കൂടാതെ സൂപ്പര്‍ ചെക്ക് ഓഫീസര്‍ പരിശോധന നടത്തി തലയെണ്ണണമെന്നാണു പുതിയ നിര്‍ദേശം. എണ്ണത്തില്‍ വ്യത്യാസമുണ്െടങ്കില്‍ മാനേജര്‍ക്കും ഹെഡ്മാസ്റര്‍ക്കും എതിരേ നടപടിയെടുക്കണമെന്നു നിര്‍ദേശിക്കുന്നു. യുഐഡി പ്രകാരം കൃത്യവും ശാസ്ത്രീയവുമായ രീതിയില്‍ എണ്ണമെടുക്കാമെന്നിരിക്കെ വീണ്ടും അശാസ്ത്രീയമായ രീതിയില്‍ തലയെണ്ണുമ്പോള്‍ വിവിധ കാരണങ്ങളാല്‍ സ്കൂളുകളില്‍ തലയെണ്ണുന്ന ദിവസം എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികളെ ഒഴിവാക്കി ഡിവിഷന്‍ അനുവദിക്കാതിരിക്കുന്നതു ശരിയായ നിലപാടല്ല.

13. സ്പെഷലിസ്റ് അധ്യാപകരുടെ കാര്യത്തില്‍ യാതൊരു തീരുമാനവുമില്ലാതെയാണു പുതിയ ഉത്തരവ് ഇറങ്ങുന്നത്. ബാക്കി അധ്യാപകര്‍ക്ക് അനുപാത പുനഃക്രമീകരണം വഴി ലഭിക്കുന്ന സംരക്ഷണം സ്പെഷലിസ്റ് അധ്യാപകര്‍ക്കില്ല. സ്പെഷലിസ്റ് അധ്യാപകരെ പിഎസ്സി വഴി എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കണമെന്ന തീരുമാനം തിരുത്തുമെന്ന അങ്ങയുടെ വാഗ്ദാനം നാളിതുവരെ നടപ്പായിട്ടില്ല.

14. സര്‍ക്കാര്‍ ഉത്തരവ് 124/2014 ല്‍ ക്ളബിംഗിന് (പൂളിംഗിന്) മാനേജര്‍മാര്‍ക്ക് അധികാരം നല്‍കുന്നുണ്െടങ്കിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നു. നിലവില്‍ ആവശ്യത്തിന് പീരിയഡും തസ്തികകളുമുള്ള അധ്യാപകരെ പൂള്‍ ചെയ്യേണ്ടതില്ലല്ലോ. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പൂള്‍ ചെയ്യുമ്പോള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അംഗീകരിക്കുന്നില്ല. സ്പെഷലിസ്റ് അധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകേണ്ടതാണ്. കലാ-കായിക അധ്യാപകരെ കുട്ടികളുടെ എണ്ണക്കുറവുള്ള വിവിധ സ്കൂളുകളില്‍ ക്ളബു ചെയ്ത് നിയമിക്കാനുള്ള അധികാരം മാനേജര്‍മാര്‍ക്കു നല്‍കണം.
മാനേജര്‍മാരെ വിശ്വാസത്തിലെടുത്തു ചര്‍ച്ചകളിലൂടെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. പുതിയ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പേ ചര്‍ച്ചകളിലൂടെ വ്യക്തത ഉണ്ടാക്കുന്നതു വീണ്ടും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഒഴിവാകുന്നതിനു സഹായിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.