ആംബുലന്‍സ് ബൈക്കിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു
ആംബുലന്‍സ് ബൈക്കിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു
Monday, December 22, 2014 12:03 AM IST
പാലാ: രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ബൈക്കില്‍ സഞ്ചരിച്ചരിച്ചിരുന്ന അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു യുവാക്കള്‍ തത്ക്ഷണം മരിച്ചു. വെള്ളിയാമറ്റം വടക്കേമുളഞ്ഞനാല്‍ പരേതനായ മാത്യുവിന്റെ മകന്‍ ജോര്‍ജ് (ഉണ്ണി-38), വെള്ളിയാമറ്റം വെട്ടത്ത് പരേത നായ തോമസിന്റെ മകന്‍ ജോഷി(32) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നര യോടെ പാലാ-തൊടുപുഴ റൂട്ടില്‍ പ്രവിത്താനം അല്ലപ്പാറയിലാണ് അപകടം.

നിയന്ത്രണംവിട്ടു വന്ന ആംബുലന്‍സ് ബൈക്കിലിടിക്കുകയും തുടര്‍ന്നു സമീപത്തുള്ള മരത്തിലിടിച്ചു മറിയുകയുമായിരുന്നു. താരതമ്യേന അപകടസാധ്യത ഇല്ലാത്ത സ്ഥലത്ത് ദിശതെറ്റിയെത്തിയ ആംബുലന്‍സ് ബൈക്കിലിടിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

ആംബുലന്‍സിന്റെ ഡ്രൈവര്‍ സുമേഷ് അപകടത്തെത്തുടര്‍ന്നു സമീപത്തെ റബര്‍ത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. ഇടുക്കി രാജാക്കാട്ടുനിന്ന് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. യുവാക്കള്‍ പാലായില്‍ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു.

ആംബുലന്‍സിലുണ്ടായിരുന്ന രാജകുമാരി നടുമറ്റം കള്ളികാട്ട് ജോയി(50), ഭാര്യ ചിന്നമ്മ(45), മകള്‍ ജിന്‍സി(22) എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോയിക്ക് നെഞ്ചുവേദന കലശലായതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.


രാജാക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉണ്ണിയും ജോഷിയും ഇന്നലെ രാവിലെ വെള്ളിയാമറ്റത്തുനിന്ന് ജോഷിയുടെ ബൈക്കിലാണ് പാലായ്ക്കു പുറപ്പെട്ടത്. വരുംവഴി പാലായിലുള്ള ജോഷിയുടെ സഹോദരിയുടെ വീട്ടിലും ഇരുവരും കയറിയിരുന്നു. അവിവാഹിതരായ ഇരുവര്‍ക്കും വിവാ ഹാലോചനകള്‍ നടന്നുവരുകയാ യിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരായി ഇരുവര്‍ക്കും സെലക്ഷന്‍ ലഭിച്ചിരുന്നു.

ഉണ്ണിയുടെ മാതാവ് പരേതയായ ത്രേസ്യാമ്മ കളത്തൂക്കടവ് നമ്പുടാകത്ത് കുടുംബാംഗമാണ്. സ ഹോദരങ്ങള്‍: ടോമി, സോജന്‍, വിത്സണ്‍, ആലീസ്, കുട്ടിയമ്മ, പരേതയായ സില്‍വി.

ജോഷിയുടെ മാതാവ് മേരി എലിവാലി മറ്റത്തില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലിസി, ജോയി, മേഴ്സി, ടോമി, സിബി, ജോണി, ആന്‍സമ്മ, ലീലാമ്മ, ലില്ലിക്കുട്ടി, ജെസി. ഇരുവരുടെയും മൃദേഹ ങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.