സുധീരന്‍ അച്ചടക്കലംഘനം നടത്തുന്നുവെന്നു ഹസന്‍
സുധീരന്‍ അച്ചടക്കലംഘനം നടത്തുന്നുവെന്നു ഹസന്‍
Monday, December 22, 2014 12:15 AM IST
സ്വന്തം ലേഖകന്‍

കാസര്‍ഗോഡ്: പാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടത്താതെ സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്രകടനം നടത്തിയത് സംഘടനാ മര്യാദകള്‍ക്കു നിരക്കാത്തതാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. ഇതിനുമുമ്പ് ഒരു കെപിസിസി പ്രസിഡന്റും ഇത്തരം നയം സ്വീകരിച്ചിട്ടില്ലെന്നും കാസര്‍ഗോഡ് ഗസ്റ്ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. സുധീരനെതിരേ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കുമോയെന്ന ചോദ്യത്തിനു ഹൈക്കമാന്‍ഡ് ഈ സംഭവങ്ങളെല്ലാം കാണുന്നുണ്െടന്നും ഹസന്‍ പറഞ്ഞു.

കെപിസിസി യോഗം വിളിച്ചുകൂട്ടേണ്ടതു പ്രസിഡന്റ് തന്നെയാണ്. അടുത്ത ദിവസം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്െടന്നും അതില്‍ സര്‍ക്കാര്‍ നയത്തെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുമെന്നും ഹസന്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തെ പരസ്യമായി എതിര്‍ക്കുന്ന സുധീരന്‍ അദ്ദേഹത്തിന്റെ നിലപാട് തിരുത്താന്‍ തയാറാവണം.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്ത് അധികാരത്തിലേറ്റിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിപക്ഷത്തിന്റെ ഭാഷയിലാണു കെപിസിസി പ്രസിഡന്റ് വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും പുതിയ മദ്യനയം ഇഷ്ടത്തോടുകൂടി എടുത്ത തീരുമാനമല്ലെന്നു പറഞ്ഞിട്ടുണ്ട്. ഈ തീരുമാനം യുഡിഎഫ് യോഗത്തില്‍ പറയുന്നതിനു മുമ്പ് മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിയോജിച്ചെങ്കിലും സര്‍ക്കാരിന്റെ പ്രായോഗിക നയപ്രശ്നങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


ആയിരക്കണക്കിനു തൊഴിലാളികളുടെ പ്രശ്നങ്ങളും ടൂറിസം രംഗത്തെ മാന്ദ്യവും അക്കമിട്ടു നിരത്തിയാണ് പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ ബിയര്‍-വൈന്‍ പാര്‍ലറുകളാക്കി ലൈസന്‍സ് നല്‍കാമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. യോഗത്തില്‍ സുധീരനൊഴികെ എല്ലാ അംഗങ്ങളും തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. യുഡിഎഫ് യോഗത്തില്‍ മുസ്ലിംലീഗും പുതിയ നയത്തെ എതിര്‍ത്തിരുന്നു.

ഒരു മുന്നണിയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ടാകും. ഇവയെല്ലാം സംയോജിപ്പിച്ചേ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകൂ. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസാണ് ആശയ സമന്വയത്തിനു നേതൃത്വം നല്‍കേണ്ടത്. ഈ ഉത്തരവാദിത്വമുള്ള കെപിസിസി പ്രസിഡന്റാണ് സര്‍ക്കാര്‍ നയത്തെ പരസ്യമായി വിമര്‍ശിക്കുന്നത്. വി.എം.സുധീരന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമല്ല.

പാര്‍ട്ടി യോഗമോ കെപിസിസി എക്സിക്യൂട്ടീവോ വിളിച്ചുചേര്‍ക്കാതെ സുധീരന്‍ വ്യക്തിപരമായ അഭിപ്രായപ്രകടനമാണു നടത്തിയത്. നേരത്തേ മുതല്‍ സ്വന്തം വ്യക്തിത്വത്തിനു മാത്രം പ്രാധാന്യം നല്‍കുന്ന സ്വഭാവക്കാരനാണദ്ദേഹം. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ പാര്‍ട്ടിയുടെ അഭിപ്രായമാണു അദ്ദേഹം പറയേണ്ടത്. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയാണ് കോണ്‍ഗ്രസിന്റെ നയം. മദ്യനയത്തില്‍ സര്‍ക്കാരിന് ഒരു സമ്മര്‍ദ്ദവുമില്ലെന്നും ഹസന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.