പുതിയ മദ്യനയം അംഗീകരിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍
Tuesday, December 23, 2014 12:16 AM IST
തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു.

ഇന്നലെ ക്ളിഫ് ഹൌസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗമാണു മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെ അംഗീകരിച്ചതും ഇതില്‍ മാറ്റംവരുത്തേണ്െടന്ന് അറിയിച്ചതും. മദ്യനയത്തിലെ മാറ്റത്തിന്റെ പേരില്‍ വി.എം. സുധീരന്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തി പ്രസ്താവനയിറക്കിയ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ യോഗം ചേര്‍ന്നു മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ 39 എംഎല്‍എമാരില്‍ 30 പേര്‍ യോഗത്തിനെത്തി. കൂടാതെ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ലൂഡി ലൂയിസും പങ്കെടുത്തു. സി.എന്‍. ബാലകൃഷ്ണന്‍ ഒഴികെ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും എത്തിച്ചേര്‍ന്നു.

ഈ യോഗം ആര്‍ക്കുമെതിരേല്ലെന്നു ബെന്നി ബഹനാന്‍ പിന്നീടു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചു പോകുന്ന സ്ഥിതിയുണ്ടാകണം. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യണം. പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും യോഗം ചുമതലപ്പെടുത്തി.

സമവായത്തിനുവേണ്ടി പരമാവധി ശ്രമം നടത്തിയതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. എന്നാല്‍, ഒറ്റയാളുടെ കടുംപിടിത്തത്തില്‍ എല്ലാം തകരുകയായിരുന്നു. ബാറിന്റെ കാര്യം പറഞ്ഞ് കോണ്‍ഗ്രസിലെ ഒരു എംഎല്‍എയോ നേതാവോ തന്നെ സമീപിച്ചിട്ടില്ല. ഒടുവില്‍ ബാര്‍ ലോബിയുടെ ആളായി ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായതു വേദനിപ്പിച്ചു. ഈ പ്രശ്നത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രസ്താവനയിറക്കി സുധീരന്‍ അച്ചടക്കലംഘനം നടത്തിയിരിക്കുകയാണെന്നു വരെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സര്‍ക്കാരിനുവേണ്ടി സംസാരിക്കാന്‍ പാര്‍ട്ടി ഇല്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നു പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മദ്യമല്ല രാഷ്ട്രീയമാണ് ഇപ്പോള്‍ വിഷയമെന്നു വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വിഷയം മദ്യമായതിനാല്‍ പലര്‍ക്കും അഭിപ്രായം പറയാന്‍ വൈഷമ്യമുണ്ടാകുമെന്നു മനസിലാക്കി ചൂഷണം ചെയ്യുകയായിരുന്നു എന്നും സതീശന്‍ പറഞ്ഞു.


തെരഞ്ഞെടുപ്പില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരിക്കേണ്ടത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആണെന്നും ഇവിടെ കമാന്‍ഡര്‍ ഇന്‍ ചീഫ് തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു പറഞ്ഞിരിക്കുകയാണെന്നും സി.പി. മുഹമ്മദ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഗതികേട് ഇതിനു മുമ്പുണ്ടായിട്ടില്ലെന്നു കെ. മുരളീധരന്‍ പറഞ്ഞു.

മദ്യനയത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പു മുതിര്‍ന്ന നേതാക്കളുമായി പോലും ആശയവിനിമയം നടത്തിയിരുന്നില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി. എന്നാല്‍, ആര്യാടനും സുധീരന്റെ നിലപാടിനോടു യോജിച്ചില്ല.

സുധീരനെതിരേ എംഎല്‍എമാരെ അണിനിരത്തി യഥാര്‍ഥത്തില്‍ എ- ഐ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമായിരുന്നു ഇന്നലെ നടന്നത്. ജനപ്രതിനിധികളുടെ പിന്തുണ തങ്ങള്‍ക്കുണ്െടന്നു തെളിയിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഐ ഗ്രൂപ്പും സജീവമായി യോഗത്തില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ മുന്‍കൈയിലായിരുന്നു യോഗം സംഘടിപ്പിച്ചത്. ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്ത ആരും സുധീരന് അനുകൂലമായി സംസാരിച്ചില്ല.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ടി.എന്‍. പ്രതാപന്‍, എ.പി. അബ്ദുള്ളക്കുട്ടി, എം.പി. വിന്‍സന്റ്, സണ്ണി ജോസഫ്, തേറമ്പില്‍ രാമകൃഷ്ണന്‍, കെ. അച്യുതന്‍, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരും മന്ത്രിമാരും യോഗത്തിനെത്തി. സ്പീക്കര്‍ സാധാരണ രാഷ്ട്രീയയോഗങ്ങളില്‍ പങ്കെടുക്കാറില്ല. അവശേഷിക്കുന്നവരില്‍

ടി.എന്‍. പ്രതാപന്‍ ഒഴികെയുള്ളവര്‍ തങ്ങളെ അനുകൂലിക്കുന്നു എന്നാണു യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികളില്‍ പങ്കെടുക്കേണ്ടതുള്ളതു കൊണ്ടാണ് ഇവര്‍ യോഗത്തിനെത്താതിരുന്നതെന്നും അവര്‍ പറഞ്ഞു.

യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരണത്തിനു നല്‍കിയ ലേഖനത്തില്‍ മദ്യനയം സംബന്ധിച്ച് ഇനി ഒരു മാറ്റവുമുണ്ടാകില്ലെന്നു വ്യക്തമാക്കി. ഫലത്തില്‍, സുധീരനുളള മറുപടിയാണു ലേഖനം. ബാഹ്യസമ്മര്‍ദമല്ല, സാമൂഹിക യാഥാര്‍ഥ്യങ്ങളാണു സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനമെന്നു പറയുന്ന ലേഖനം, സര്‍ക്കാരിനെ വിവാദങ്ങളില്‍ തളച്ചിടാന്‍ ആര്‍ക്കും കഴിയില്ലെന്നും അവകാശപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.