മുഖപ്രസംഗം: റെയില്‍വേ: സുരക്ഷയ്ക്കു വേണം മുന്‍ഗണന
Tuesday, December 23, 2014 12:55 AM IST
കേരളത്തിലെ ട്രെയിന്‍ ഗതാഗതരംഗത്തു പരാധീനതകള്‍ ഏറെയാണ്. താങ്ങാവുന്നതിലേറെ ട്രാഫിക് നമ്മുടെ പാതകള്‍ വഹിക്കുന്നു. പാത ഇരട്ടിപ്പിക്കലുള്‍പ്പെടെയുള്ള പല വികസനപദ്ധതികളും ഇഴഞ്ഞാണു നീങ്ങുന്നത്. ട്രെയിനുകള്‍ വൈകിയോടുന്നതു പതിവായിരിക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വൈകിയോടലിനു പ്രധാന കാരണമാണെങ്കിലും ഏറെനാളായി ദീര്‍ഘദൂര യാത്രക്കാര്‍ ഇതുമൂലം വളരെ ക്ളേശമനുഭവിക്കുകയാണ്. സിഗ്നല്‍ തെറ്റുന്നതുള്‍പ്പെടെ അപകടങ്ങളിലേക്കു നയിക്കാവുന്ന സംഭവങ്ങളും ചുരുക്കമല്ല. ഔട്ടറില്‍ പിടിച്ചിടേണ്ട ഒരു ട്രെയിന്‍ ചുവപ്പു സിഗ്നല്‍ തെളിഞ്ഞിട്ടും അതു കാണാതെ മുന്നോട്ടു പോയ സംഭവം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായി. കന്യാകുമാരിയില്‍നിന്നു മുംബൈയിലേക്കു പുറപ്പെട്ട ജയന്തി ജനത എക്സ്പ്രസ് കൊച്ചുവേളി സ്റേഷന്റെ ഔട്ടറില്‍ നിര്‍ത്തിയിടാതെ മുന്നോട്ടു സഞ്ചരിക്കുകയാണു ചെയ്തത്.

റെയില്‍പാതകളിലെ സിഗ്നല്‍ സംവിധാനം കുറ്റമറ്റതായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. കൊച്ചുവേളിയില്‍ ഏതാനും ബോഗികള്‍ മാത്രമേ ചുവന്ന ലൈറ്റ് കടന്നുപോയുള്ളുവെങ്കില്‍പ്പോലും അതു വലിയ അപകടത്തിനു കാരണമാകുമായിരുന്നു. ലോക്കോ പൈലറ്റിനെയും അസിസ്റന്റ് പൈലറ്റിനെയും ഈ സംഭവത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തിനും മുളന്തുരുത്തിക്കുമിടയിലുള്ള ഇരുപതോളം സിഗ്നലുകള്‍ വ്യക്തമായി കാണാനാവുന്നില്ലെന്നു ലോക്കോ പൈലറ്റുമാര്‍ അധികൃതര്‍ക്കു നിവേദനം സമര്‍പ്പിച്ചത് അടുത്ത കാലത്താണ്. ജയന്തിജനത സിഗ്നല്‍ കടന്നു മുന്നോട്ടു പോയതില്‍ ലോക്കോ പൈലറ്റുമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു കണ്െടത്തിയിരുന്നു. ഇതേത്തുടര്‍ന്നു വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അപകടം ഒഴിവായെങ്കിലും ഇത്തരം അന്വേഷണങ്ങളില്‍ അലംഭാവം പാടില്ല.

റെയില്‍വേയില്‍ സിഗ്നലുകള്‍, ലെവല്‍ ക്രോസുകള്‍ എന്നിവയുടെ കാര്യക്ഷമത വളരെ നിര്‍ണായകമാണ്. തീരെ നിസാരമെന്നു തോന്നാവുന്ന ചില പിഴവുകള്‍ വലിയ വിപത്തു വിളിച്ചുവരുത്താം. ലോക്കോ പൈലറ്റുമാര്‍ക്കും അതതു സ്റേഷനുകളില്‍ ട്രെയിനുകള്‍ക്കു കടന്നുപോകാന്‍ നിര്‍ദേശം നല്‍കുന്നവര്‍ക്കും വലിയ ഉത്തരവാദിത്വമാണുള്ളത്. നൂറുകണക്കിനു യാത്രക്കാരുടെ ജീവനാണ് അവരുടെ കൈയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തെപ്പോലെ ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ധാരാളമുള്ള ഒരു സംസ്ഥാനത്ത് റെയില്‍വേ സ്റേഷനുകളില്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലും ഏറെ തിരക്കായിരിക്കും. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ട്രെയിന്‍ വരുന്നതായ അറിയിപ്പ് സ്റേഷനില്‍ മുഴങ്ങുമ്പോഴും യാതൊരു കൂസലുമില്ലാതെ പാളം കുറുകെ കടക്കുന്ന നിരവധി യാത്രക്കാരുണ്ട്. മുന്നറിയിപ്പു ബോര്‍ഡുകളൊന്നും പലരും കാര്യമാക്കാറില്ല. പലേടത്തും പാളം കുറുകെ കടക്കാനുള്ള ഓവര്‍ ബ്രിഡ്ജ് റെയില്‍വേ സ്റേഷന്റെ പ്രധാന വാതിലില്‍നിന്ന് ഏറെ ദൂരെയാണെന്നത് ഇതിനൊരു കാരണമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടന്നപ്പോള്‍ സ്റേഷന്‍ സമുച്ചയങ്ങളുടെ ചുറ്റുപാടുകള്‍ക്കും കാര്യമായ വ്യത്യാസങ്ങളുണ്ടായി. എന്നാല്‍ പലേടത്തും ആധുനിക സൌകര്യങ്ങള്‍ ഇനിയും എത്തിക്കാനായിട്ടില്ല.


കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു പ്രഖ്യാപനമുണ്ടായി. 250 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൌകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് റെയില്‍വേയുടെ വാഗ്ദാനം. എന്നാല്‍ കേരളത്തിന് ഏറ്റവും അത്യാവശ്യമായ പാത ഇരട്ടിപ്പിക്കലിനുപോലും ആവശ്യത്തിനു ഫണ്ട് ലഭിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പൂര്‍ത്തിയാകേണ്ടിയിരുന്ന പാതയിരട്ടിപ്പിക്കല്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. കോട്ടയം, ആലപ്പുഴ പാതകളുടെ ഇരട്ടിപ്പിക്കലിനു കഴിഞ്ഞ സാമ്പത്തികവര്‍ഷം 117 കോടി രൂപയാണ് അനുവദിച്ചത്. ആവശ്യമായതിനേക്കാള്‍ വളരെ കുറവായിരുന്നു ഈ തുക. നടപ്പു സാമ്പത്തികവര്‍ഷം അഞ്ഞൂറു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണു ദക്ഷിണ റെയില്‍വേ. ഇതില്‍ സിംഹഭാഗവും സ്ഥലമേറ്റെടുപ്പിനാവും ചെലവാകുക. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാന്‍ ഇനിയും ഏറെനാള്‍ വേണ്ടിവരുമെന്നു സാരം.

ചിങ്ങവനം-കുറുപ്പന്തറ ഭാഗത്തെ ഇരട്ടിപ്പിക്കലിന് ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. കോട്ടയത്തു രണ്ടു ടണലുകളുടെ വീതികൂട്ടല്‍ സമയവും പണവും ഏറെ ആവശ്യമുള്ള പണിയാണ്. റെയില്‍വേ വികസനത്തിനു സംസ്ഥാന ഫണ്ട് നല്‍കി പല സംസ്ഥാനങ്ങളും നേട്ടങ്ങളുണ്ടാക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിമൂലം കേരളത്തിനതു സാധിക്കുന്നില്ല. തമിഴ്നാടും കര്‍ണാടകവുമൊക്കെ പകുതിച്ചെലവ് ഏറ്റെടുത്തു റെയില്‍വേ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. സാമ്പത്തികഞെരുക്കം പറഞ്ഞ് പദ്ധതികളില്‍നിന്നു പിന്മാറി നിന്നാല്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയാകും കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ നേരിടുക. കേരളത്തില്‍ സ്ഥലമെടുപ്പു വൈകിയതിനാല്‍ 2300 കോടി രൂപയുടെ അഞ്ചു പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള വികസനപദ്ധതികളും ഇതില്‍പ്പെടുന്നു.

റെയില്‍വേ സ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനേക്കാള്‍ ആവശ്യം നിലവിലുള്ള സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനു സൌകര്യങ്ങള്‍ ഒരുക്കുക എന്നതാണ്. ഒന്നാമതായി സിഗ്നല്‍ ലൈറ്റുകള്‍ ശരിയാക്കട്ടെ. ലോക്കോ പൈലറ്റുമാര്‍ക്കു വ്യക്തമായി കാണാവുന്ന വിധത്തില്‍ സിഗ്നലുകള്‍ പ്രവര്‍ത്തിപ്പിക്കണം. അപകടരഹിതമായ യാത്ര സാധ്യമാകട്ടെ. യാത്രക്കൂലി ഇനത്തില്‍ത്തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നല്ലൊരു തുക മലയാളികള്‍ നല്‍കുന്നുണ്ട്. കേരളത്തിന് മാന്യമായ യാത്രാസൌകര്യവും അതിലുപരിയായി സുരക്ഷിതത്വവും നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കു സാധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.