തിരയെ തടുക്കുന്ന പാറക്കൂട്ടങ്ങള്‍ കാന്‍വാസായി, വലിയഴീക്കലില്‍ സുനാമിചിത്രങ്ങള്‍ ഒരുങ്ങുന്നു
തിരയെ തടുക്കുന്ന പാറക്കൂട്ടങ്ങള്‍ കാന്‍വാസായി, വലിയഴീക്കലില്‍ സുനാമിചിത്രങ്ങള്‍ ഒരുങ്ങുന്നു
Tuesday, December 23, 2014 1:08 AM IST
സ്വന്തം ലേഖകന്‍

ആലപ്പുഴ: നാടിന്റെയും നാട്ടുകാരുടെയും ദുരന്തങ്ങള്‍ക്കു സാക്ഷ്യപത്രമായിക്കിടക്കുന്ന കല്‍ക്കെട്ടുകളില്‍ നിറച്ചാര്‍ത്തുകളിലൂടെ സ്മരണാഞ്ജലിയൊരുക്കുന്നു. പത്തുവര്‍ഷം മുമ്പ് ആഞ്ഞടിച്ച തിരമാലകളും അതുതീര്‍ത്ത ദുരന്തസ്മൃതിയും ഒരുകൂട്ടം ചിത്രകാരന്‍മാര്‍ തിരയെ തടുക്കാന്‍ നിലകൊള്ളുന്ന പാറക്കൂട്ടങ്ങളിലേക്ക് കരവിരുതിലൂടെ ആവാഹിക്കുകയാണ്. മരണമടഞ്ഞവരുടെ അവശേഷിപ്പുകളും ദുരിതബാധിതരോടുള്ള അവഗണനയും അവരുടെ പുനരധിവാസവുമെല്ലാം വലിയ ചോദ്യചിഹ്നങ്ങളായി ലോക മനഃസാക്ഷിക്കു മുന്നില്‍ നില്‍ക്കുമ്പോഴാണ് ഒരു കൂട്ടം കലാകാരന്‍മാര്‍ ഇത്തരമൊരു സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.

സുനാമിയില്‍ മരണമടഞ്ഞവരുടെ ഭീമാകാരമായ പോര്‍ട്രെയ്റ്റുകള്‍ പുലിമുട്ടില്‍, തിരകളെ പ്രതീക്ഷിച്ചുനില്‍ക്കുന്ന കല്ലുകളുടെ അകംപ്രതലത്തില്‍ വരയ്ക്കുന്നതാണ് ഈ കലാപ്രകാശനത്തിലെ കേന്ദ്രആശയം. വലിയഴീക്കലില്‍ വ്യാവസായിക മത്സ്യബന്ധനത്തിനായി നിര്‍മിച്ച പുലിമുട്ടിലെ പാറകളുടെ പ്രതലത്തിലാണ് ചിത്രങ്ങള്‍ രൂപം കൊള്ളുന്നത്. പോര്‍ട്രെയിറ്റ് എന്ന കലാരീതിക്ക് പരീക്ഷണാത്മകമായ അര്‍ത്ഥങ്ങള്‍ തേടുക എന്നതും അതിനെ ഇടപെടാവുന്ന ദൂരത്തില്‍ പൊതുമണ്ഡലത്തില്‍ സ്ഥാപിക്കുക എന്നതും ഈ സംരംഭത്തിലെ ലക്ഷ്യങ്ങളാണ്.

കലാപ്രവര്‍ത്തനം ഗവേഷണത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിച്ച് ഒരു സ്ഥലത്തെ അതിന്റെ പുരാവൃത്തങ്ങളിലൂടെയും ചരിത്രത്തിലൂടെയും പാഠഭേദങ്ങളിലൂടെയും നോക്കിക്കാണുന്ന നൂതന സൌന്ദര്യ പദ്ധതിയായ പ്രദേശകല-സൈറ്റ് സ്പെസിഫിക് ആര്‍ട്ടിലൂടെയാണ് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ അമ്പതോളം വരുന്ന കലാകാരന്‍മാര്‍ ചിത്രങ്ങളിലൂടെ സുനാമിയുടെ ചരിത്രചിത്രമെഴുതുന്നത്.

ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരുമായി സംവദിച്ച് അവരുടെ ഓര്‍മകളും അനുഭവങ്ങളും ശേഖരിച്ചുമാണ് പദ്ധതിയുടെ പ്രയാണം. അകാലത്തില്‍ പൊലിഞ്ഞ കോല്‍ക്കത്ത ശാന്തിനികേതനിലെ വിദ്യാര്‍ഥി കായംകുളം സ്വദേശി രഞ്ജി വിശ്വനാഥ് രൂപകല്പന ചെയ്തതായിരുന്നു എക്സ്പെക്ടിംഗ് ദ വേവ്സ് എന്ന പേരിട്ടിരിക്കുന്ന വലിയഴീക്കലിലെ ഈ പദ്ധതി. അപ്രതീക്ഷിതമായി എത്തിയ സുനാമിത്തിരകളില്‍പെട്ട് ജീവന്‍ പൊലിഞ്ഞ നൂറ്റമ്പതോളം പേരുടെ ചിത്രങ്ങളാണ് പാറക്കല്ലുകളില്‍ വരയ്ക്കുന്നത്. രൂപങ്ങള്‍ക്കൊപ്പം അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളും ചേര്‍ത്തുവയ്ക്കും.


രഞ്ജി തന്നെയാണ് സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ശേഖരിച്ചത്. സ്വപ്നം സഫലമാക്കാതെ മടങ്ങിയ രഞ്ജിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് സുഹൃത്തുക്കള്‍ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ 20നു ആരംഭിച്ച കലാരചന വിവിധ ഘട്ടങ്ങളിലൂടെ കടന്ന് സുനാമിയുടെ പത്താം വാര്‍ഷികദിനമായ 26നു സമാപിക്കും. ലോകത്തെ നടുക്കിയ സുനാമിയെ ഇത്രത്തോളം കലാകാരന്മാര്‍ ഒന്നിച്ച് ചേര്‍ന്ന് അഭിസംബോധന ചെയ്യുന്ന കലാസംരംഭം ലോകത്തെ തന്നെ അപൂര്‍വമായ ഒരു ഒത്തുചേരല്‍ കൂടിയാണ്.

ലോകപ്രശസ്ത ശില്പി കെ. രഘുനാഥന്‍, കലാചരിത്രകാരന്‍ ടി.വി. ചന്ദ്രന്‍ പ്രശസ്ത കലാകാരന്മാരായ രാജന്‍ എം. കൃഷ്ണന്‍, ജീവന്‍ തോമസ്, എ.എസ്. സജിത്ത്, ടെന്‍സിംഗ് ജോസഫ്, ടി. രതീഷ്, സുധീഷ് കോട്ടേമ്പ്രം, കെ.എസ.് സുജിത്ത്, അനുദേവ് വിവിധ സെഷനുകളിലായി ഇവിടെയെത്തുന്നു. സമാപന സമ്മേളനത്തില്‍, ഇന്ത്യയിലെ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ യുഎന്‍ഡിപിക്കു വേണ്ടി ഏകോപിപ്പിച്ച ജോണ്‍ സാമുവല്‍ ഉദ്ഘാടകനാകും. കുട്ടികള്‍ക്കുള്ള വിവിധ ചിത്രകലാ പരിശീലന പരിപാടികള്‍, രംഗാവതരണ ശില്പശാല, കവിസമ്മേളനം, മിഴാവില്‍ തായമ്പക, സിനിമാ പ്രദര്‍ശനം എന്നിവ വിവിധ സമയങ്ങളില്‍ അനുബന്ധ കലാപ്രവര്‍ത്തങ്ങളായും അരങ്ങേറുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.