മതപരിവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നു മുഖ്യമന്ത്രി
മതപരിവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നു മുഖ്യമന്ത്രി
Tuesday, December 23, 2014 1:11 AM IST
തിരുവനന്തപുരം: മതപരിവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കേരളസമൂഹം അതിനോടു യോജിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി ലൂര്‍ദ് മാതാ കെയറിന്റെ നേതൃത്വത്തില്‍, പിഎംജി ലൂര്‍ദ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതസൌഹാര്‍ദവും മതേതരത്വവും പ്രാണവായു പോലെ പ്രധാനപ്പെട്ടതായി കാണുന്ന നാടാണു കേരളം.

എന്നാല്‍, ഇതിനു വിരുദ്ധമായ ശ്രമങ്ങള്‍ സമൂഹത്തിലുണ്ടാകുമ്പോള്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയവിദ്വേഷത്തിനു വഴിതെളിക്കും: സുധീരന്‍

തിരുവനന്തപുരം: ഘര്‍ വാപ സി എന്ന പേരില്‍ വിശ്വഹിന്ദു പരിഷത്ത് ഇന്ത്യയിലൊട്ടാകെ നടത്തുന്ന പുനര്‍മതപരിവര്‍ത്തനം വ്യാപകമായ വര്‍ഗീയവിദ്വേഷത്തിനും സംഘര്‍ഷത്തിനും വഴിയൊരുക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

ആര്‍എസ്എസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുഗ്രഹാശിസുകളോടെ സംഘപരിവാര്‍ ശക്തികള്‍ തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാനുള്ള ആസൂത്രിതശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍നിന്നു കൂട്ട മതംമാറ്റം, മതസൌഹാര്‍ദത്തിനു പേരുകേട്ട നാടായ കേരളത്തിലേക്കും വന്നുകഴിഞ്ഞിരിക്കുന്നു എന്നതു ലജ്ജാകരമാണ്. എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട മോദി സര്‍ക്കാര്‍ പൊതുജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നത്.

ആഗോളതലത്തില്‍തന്നെ അവധിദിനമായ ക്രിസ്മസിന് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു നിര്‍ദേശിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വമ്പിച്ച പ്രതിഷേധത്തിനിടവരുത്തി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തെയും മതസ്വാതന്ത്യ്രത്തെയും വെല്ലുവിളിക്കുന്ന ഈ നടപടികള്‍ക്കു തുടക്കത്തിലേ കടിഞ്ഞാണിട്ടില്ലെങ്കില്‍ അതു രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെ യും തകര്‍ക്കുകയും ആത്യന്തികമായി രാജ്യത്തെ വിനാശത്തിലേക്കു നയിക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം നീക്കങ്ങള്‍ക്കെതിരേ എല്ലാ ജനാധിപത്യശക്തികളും അണിനിരക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യണമെന്നു സുധീരന്‍ ആവശ്യപ്പെട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നീതീകരിക്കാനാവില്ല: ആര്‍ച്ച്ബിഷപ് ഡോ. കല്ലറയ്ക്കല്‍

കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനം നീതീകരിക്കാനാവില്ലെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വ്യക്തമാക്കി. ഏതു മതത്തില്‍ വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രം ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. അതിനെതിരേ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമായ പ്രശ്നമായാണു കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണോ യെന്ന് അറിയില്ല. കൂടുതല്‍ അന്വേഷണവും പഠനവും ഇക്കാര്യത്തില്‍ ആവശ്യമാണ്. എന്നാല്‍, പുനര്‍മതപരിവര്‍ത്തനം മൂലം ക്രൈസ്തവ വിഭാഗങ്ങള്‍ പ്രകോപിതരാകില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമനിര്‍മാണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്െടന്നാണറിയുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകാതെ പ്രതികരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


മതപരിവര്‍ത്തന ആഹ്വാനം രാജ്യത്തിന്റെ നാശത്തിന്: കെസിവൈഎം

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലും സമീപ ദിവസങ്ങളില്‍ നടന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം നശിപ്പിക്കുമെന്നു കെസിവൈഎം സംസ്ഥാന സമിതി യോഗം മുന്നറിയിപ്പു നല്‍കി.

രാജ്യത്ത് വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ഹിന്ദു വര്‍ഗീയശക്തികള്‍ നടത്തുന്ന ഗൂഢനീക്കത്തില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. ഭരണകൂടത്തിന്റെ മൌനസമ്മതത്തോടെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ നടത്തുന്ന ഇത്തരം ഗൂഢശ്രമങ്ങളെ ജനാധിപത്യ-മതവിശ്വാസികളുടെ കൂട്ടായ്മയിലൂടെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ വിവിധ കര്‍മപരിപാടികള്‍ നടപ്പിലാക്കാന്‍ രൂപതാ സമിതികളോട് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് റെനി രാജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ജനറല്‍ സെക്രട്ടറി പി.എഫ്. ലോറന്‍സ്, സജിന്‍ ജോസ്, ജെറി പൌലോസ്, ജെസി കുഞ്ഞുമോന്‍, ആന്റോ ആന്റണി, ബിജോ പി. ബാബു, ഷംജി മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു.

നിര്‍ബന്ധിത പരിവര്‍ത്തനം മതസൌഹാര്‍ദം തകര്‍ക്കും: പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം പരിപാലിക്കുന്നതിനും സമുദായ സൌഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര ഗവണ്‍മെന്റ് സത്വര നടപടിയെടുക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. നിര്‍ബന്ധിതമായി മതം മാറ്റുന്നതിനായുള്ള നീക്കം ഏതുഭാഗത്തുനിന്നുണ്ടായാലും അതു നിരുത്സാഹപ്പെടുത്തേണ്ടതു ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത നിലനിര്‍ത്താനും മതസൌഹാര്‍ദം പുലര്‍ത്താനും അത്യാവശ്യമാണെന്നും പരിശുദ്ധ ബാവ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.