റബര്‍ പ്രതിസന്ധി: വിലസ്ഥിരതാ ഫണ്ട് ഔദാര്യമല്ല, കര്‍ഷകരുടെ അവകാശമെന്ന് ഇന്‍ഫാം
Tuesday, December 23, 2014 1:12 AM IST
കോട്ടയം: പത്തുവര്‍ഷം മുമ്പ് റബര്‍മേഖലയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരക്ഷയ്ക്കായി കര്‍ഷകരുടെ സഹകരണത്തോടെ സ്വരൂപിച്ച 500 കോടി രൂപയുടെ വിലസ്ഥിരതാഫണ്ട് ഇപ്പോള്‍ പലിശയുള്‍പ്പെടെ 1000 കോടി രൂപയിലേറെയായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കൈവശമുള്ളതു റബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഇന്‍ഫാം ദേശീയ സമിതി.

ഇന്നത്തെ പ്രതിസന്ധിയില്‍ റബര്‍ സംഭരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് ഉപയോഗിക്കാന്‍ തയാറാകണം. കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഈ ഫണ്ട് നേടിയെടുക്കാന്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും വേണം. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ടയര്‍ വ്യവസായികളുടെ സമ്മേളന തീരുമാനങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണംചെയ്യുകയില്ല. കര്‍ഷകരില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ഇതിനോടകം റബര്‍ വാങ്ങി വന്‍ സ്റോക്കുകളുള്ള വന്‍കിട കച്ചവടക്കാര്‍ക്കു വിറ്റഴിക്കാന്‍ മാത്രമേ ഈ പ്രഖ്യാപനങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും ഇന്‍ഫാം ആരോപിച്ചു. റബര്‍ പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും ക്രിയാത്മക നടപടികള്‍ക്കു ശ്രമിക്കാതെ മുഖംതിരിഞ്ഞുനില്‍ക്കുന്ന റബര്‍ബോര്‍ഡ് പിരിച്ചുവിടണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വഴിപാട് സമരങ്ങള്‍ കര്‍ഷകര്‍ക്ക് ഒന്നും നേടിത്തരുന്നില്ലെന്നും ഇന്‍ഫാം കുറ്റപ്പെടുത്തി.


ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് പി.സി. സിറിയക്, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍, ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ്, കെ. മൊയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ. ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്. മാത്യു മാമ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.