മദ്യനയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന പ്രതീതി: മാര്‍ ആലഞ്ചേരി
മദ്യനയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന പ്രതീതി: മാര്‍ ആലഞ്ചേരി
Tuesday, December 23, 2014 1:16 AM IST
കൊച്ചി: പ്രഖ്യാപിച്ച മദ്യനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന പ്രതീതിയാണുള്ളതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തുമെന്നാണു സഭയുടെയും മദ്യനിരോധന പ്രവര്‍ത്തകരുടെയും പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മദ്യവര്‍ജനമാണു സഭ ലക്ഷ്യംവയ്ക്കുന്നത്. ഇതിനു മദ്യനിരോധനം പോലുള്ള നടപടികള്‍ അനിവാര്യമാണ്. വിശ്വാസികളില്‍ മദ്യപാനം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ നടപടികള്‍ സഭ ഊര്‍ജിതമായി നടപ്പാക്കിവരുകയാണ്. അതിനിടെ മദ്യം സുലഭമായി വിളമ്പുന്നത് ബലഹീനരെ ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കും.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമാണെന്നും ഇത് അംഗീകരിക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കേരളത്തില്‍ നടന്നതായി പറയുന്ന മതപരിവര്‍ത്തനത്തിന്റെ നിജസ്ഥിതി അറിഞ്ഞിട്ടില്ല. കെസിബിസിയും സിബിസിഐ യും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി നിലപാടുകള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹനന്മയ്ക്കുതകുന്ന മദ്യനയം സര്‍ക്കാര്‍ സ്വീകരിക്കണം: ആര്‍ച്ച്ബിഷപ് ഡോ. കല്ലറയ്ക്കല്‍


കൊച്ചി: കേരള സര്‍ക്കാരിന്റെ മദ്യനയം എന്തുതന്നെയായാലും അതു സമൂഹനന്മയില്‍ അധിഷ്ഠിതമായിരിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍.

മദ്യവിപത്തിന്റെ അപകടം മുന്നില്‍കണ്ടുകൊണ്ടു മദ്യത്തെ പൂര്‍ണമായി വര്‍ജിക്കുന്നതിനു ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. കേരള സര്‍ക്കാരും മാധ്യമങ്ങളും സാമൂഹിക, സാമുദായിക, രാഷ്ട്രീയ നേതാക്കളും ഈ ബോധവത്കരണ പരിപാടികളിലേക്ക് ഇറങ്ങിത്തിരിക്കണം. മദ്യവര്‍ജനം എന്നതു പെട്ടെന്നുണ്ടാകേണ്ട മാറ്റമല്ല. പടിപടിയായി, അതികഠിനമായ പരിശ്രമങ്ങളിലൂടെ, സമൂഹനന്മയ്ക്ക് ഉതകുന്ന രീതിയില്‍ എന്തു വേണം, എന്തു വേണ്ട എന്നു തീരുമാനമെടുക്കാന്‍ ഓരോ വ്യക്തിയെയും ബോധവത്കരിക്കണം. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ ഇപ്പോള്‍ നടത്തിവരുന്ന മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏവരെയും പ്രോത്സാഹിപ്പിക്കുമെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.