കീര്‍ത്തനം
കീര്‍ത്തനം
Tuesday, December 23, 2014 1:19 AM IST
താരകവഴിയേ / ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്


കാലിത്തൊഴുത്തിലേക്കുള്ള വഴിയില്‍ ഒരു കീര്‍ത്തനത്തിന്റെ മാറ്റൊലി ഉയരുന്നുണ്ട്. വാനവഗായകര്‍ ആലപിക്കുന്ന ഇമ്പമാര്‍ന്ന സ്തുതിഗീതകം! സ്വര്‍ഗത്തിന്റെ സ്വരലയം! ആഹ്ളാദത്തിന്റെ അലയടികളാണവ. മണ്ണിനും മാനവര്‍ക്കുംവേണ്ടി വിണ്ണും വാനവരും പാടുന്ന ദേവഗാനം. രക്ഷകന്റെ പിറവിയില്‍ സ്വര്‍ഗം സന്തോഷിക്കുന്നതിന്റെ സൂചനയാണത്. പിറവിയെടുത്ത ദൈവകുമാരനു വിണ്ടലം നല്കുന്ന അംഗീകാരവും സ്തുതിപാടലുമാണത്.

ഇന്നുവരെയുള്ള നിന്റെ ജീവിതത്തില്‍ എവിടെനിന്നുള്ള അംഗീകാരത്തിനാണു നീ കൂടുതല്‍ വില കല്പിച്ചിട്ടുള്ളത്? ആരുടെയൊക്കെ പ്രശംസ കേള്‍ക്കാനാണു നീ കൊതിച്ചിട്ടുള്ളത്? എങ്ങനെയുള്ള ബഹുമതികള്‍ക്കു പിന്നാലെയാണു നീ ബഹുദൂരം ഓടിയിട്ടുള്ളത്? എങ്ങനെയുള്ളവ ലഭിക്കാതെപോയപ്പോഴാണു നിന്റെ കണ്ണ് നനഞ്ഞത്? രോഷാകുലനും നിരാശനുമായി നീ മാറിയത്? ലോകത്തിന്റെ പ്രശംസയും ആദരവും കരഘോഷവുമൊക്കെ നേടിയെടുക്കാനാണു നിന്റെ നെട്ടോട്ടമെങ്കില്‍ നിനക്കു തീര്‍ച്ചയായും തെറ്റി. അവയൊക്കെ വിപണിയില്‍ വിലയ്ക്കുവാങ്ങാന്‍ കിട്ടുമെങ്കിലും അവയൊന്നുപോലും നിലനില്‍ക്കുന്ന സംതൃപ്തി നിനക്കു സമ്മാനിക്കുകയില്ല. ലോകം തരുന്ന പാരിതോഷികങ്ങളും ബഹുമതികളും കീര്‍ത്തിചക്രങ്ങളുമൊക്കെ കാലപ്പഴക്കത്തില്‍ പൊട്ടിയും പൊളിഞ്ഞും പോകും. കരഘോഷങ്ങള്‍ ക്രമേണ നിലയ്ക്കും. നിനക്കുവേണ്ടി ഇന്നു കൈകൊട്ടുന്നവര്‍ നാളെ കിട്ടപ്പോരൊന്നുമില്ലാതെ വരുമ്പോള്‍ നിന്റെ നേരേ കൈയോങ്ങും. ഇന്നു പൂച്ചെണ്ടു നീട്ടുന്നവര്‍ നാളെ പുളിച്ച വര്‍ത്തമാനം പറയും.


നിന്റെ നാടും നാട്ടുനടപ്പുമൊക്കെ അങ്ങനെയാണ്, പറഞ്ഞിട്ടു പ്രയോജനമൊന്നുമില്ല. എന്നാല്‍, സ്വര്‍ഗത്തിന്റെ സദാചാരങ്ങള്‍ നേരേ തിരിച്ചാണ്. അതിന്റെ അംഗീകാരസ്വരമാണു പ്രധാനം. വിണ്ണിന്റെ ബഹുമതിപത്രമാണു സര്‍വോല്‍കൃഷ്ടം. അവ മാത്രമാണ് അനശ്വരമായിട്ടുള്ളതും. കാലങ്ങളോളം നീണ്ടുനില്ക്കുന്ന കൈയടി കര്‍ത്താവിന്റേതു മാത്രം. ആകയാല്‍, സ്വര്‍ഗപ്രീതിക്കായി നീ നിരന്തരം പരിശ്രമിക്കുക. നിന്റെ തലയ്ക്കുമീതെ ദൈവത്തിന്റെ ആഗ്രഹത്തിന്റെയും ആദരവിന്റെയും കരങ്ങളുണ്ടായിരിക്കണം. അവിടുന്നു നിന്നെ ബഹുമാന്യനും ആദരണീയനുമായി പരിഗണിക്കട്ടെ. നിന്റെ ജീവിതശൈലിക്കും നിലവാരത്തിനും വിണ്ടലം വിലയിടട്ടെ. ഭൌതികനേട്ടങ്ങള്‍ നഷ്ടങ്ങളായി കണക്കാക്കുമ്പോഴാണു സ്വര്‍ഗസംപ്രീതിക്കു നീ പാത്രമാകുക. വാഴ്വിലെ നിന്റെ വിശുദ്ധമായ ജീവിതം കണ്ടു സ്വര്‍ഗവാസികള്‍ സന്തോഷിച്ചു സ്തുതിഗീതങ്ങള്‍ പാടട്ടെ.

താരകവഴിയേ തൊഴുത്തിലേക്ക് ഇക്കുറി നീ നടന്നുനീങ്ങുമ്പോള്‍ ഇങ്ങനെയുള്ള ചില ചെറുചിന്തകള്‍ നിന്റെ ഊന്നുവടിയായാല്‍ നന്ന്. തട്ടിവീഴാതെ അതു നിന്നെ താങ്ങിക്കൊള്ളും.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.