പ്ളാസ്റിക് നിര്‍മാര്‍ജനത്തിനു ജനകീയ മാതൃകയുമായി ഗിരിനഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍
പ്ളാസ്റിക് നിര്‍മാര്‍ജനത്തിനു ജനകീയ മാതൃകയുമായി ഗിരിനഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍
Tuesday, December 23, 2014 1:06 AM IST
ഐബിന്‍ കാണ്ടാവനം

കോട്ടയം: പ്ളാസ്റിക് നിര്‍മാര്‍ജനത്തിനു പുതുഭാഷ്യം ചമച്ച് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഗിരിനഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍ ശ്രദ്ധേയമാകുന്നു. മാലിന്യക്കൂമ്പാരങ്ങളില്‍ കുന്നുകൂടുന്ന പ്ളാസ്റിക് ഉത്പന്നങ്ങളുടെ നിര്‍മാര്‍ജനം അത്ര പ്രായോഗികമാകാത്ത സാഹചര്യത്തിലാണു ഗരിനഗര്‍ അസോസിയേഷന്‍ വെല്ലുവിളി ഏറ്റെടുത്തത്.

പൊതുനിരത്തുകളിലും വീട്ടു പടിക്കലുമെല്ലാം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു ശ്രദ്ധയില്‍ പ്പെടുകയും അതുണ്ടാ ക്കു ന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കു കയും ചെയ്തതോ ടെയാണ് അസോസിയേഷന്‍ നൂതന പദ്ധതിയുമായി രംഗത്തിറങ്ങിയത്. പ്രസിഡന്റ് ഷൈജു ജേക്കബിന്റെയും മറ്റു പ്രതിനിധികളുടെയും കൂട്ടായ തീരുമാനത്തിലാണു പദ്ധതി. പഞ്ചായത്തിന്റെ അനുമതിയോടെ വഴിയരികില്‍ വീപ്പകള്‍ സ്ഥാപിച്ചു. 150 കുടുംബങ്ങളാണ് അസോസിയേഷന്റെ പരിധിയിലുള്ളത്. 20 വീടുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ഏഴു വീപ്പകള്‍ സ്ഥാപിച്ചു. 300 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഓരോ വീപ്പയും ഇരുമ്പു ചട്ടക്കൂടിനുള്ളിലാണ് ഉറപ്പിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാലുമുതല്‍ ആറുവരെ ഈ വീപ്പയില്‍ പ്ളാസ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാം.

റീസൈക്ളിംഗ് വഴി പ്ളാസ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുമായി നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം വീപ്പയില്‍ മാലിന്യം നിറയുന്നതനുസരിച്ചു കമ്പനി അധികൃതര്‍ സ്ഥലത്തെത്തി അവ ശേഖരിക്കും. പ്ളാസ്റിക് വസ്തുക്കളായ എന്തും ഈ വീപ്പയ്ക്കുള്ളില്‍ നിക്ഷേപിക്കാം. എന്നാല്‍, അലുമിനിയം അടങ്ങിയിട്ടുള്ള പ്ളാസ്റിക് വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പാടില്ല. പാല്‍, തൈര് തുടങ്ങിയവയുടെ കവറുകള്‍ കഴുകി വൃത്തിയാക്കി നിക്ഷേപിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


ഒന്നരമാസം ശേഖരിച്ച പ്ളാസ്റിക് മാലിന്യങ്ങള്‍ 150 കിലോയോളമുണ്ടായിരുന്നു. ഇതു ശേഖരിച്ച കമ്പനി 1500 രൂപ നല്കുകയും ചെയ്തു. കേവലം പാഴ്വസ്തുവായി പുറംതള്ളുന്നതും കത്തിച്ച് അന്തരീക്ഷമലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതുമായ പ്ളാസ്റിക്കിനെ ഇത്തരത്തില്‍ നിര്‍മാര്‍ജനം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ഇതു ജില്ലാ പദ്ധതിയായി അംഗീകരിച്ചു.

ഈ പ്ളാസ്റിക് മാലിന്യ വിപണനത്തിലൂടെ ലഭിക്കുന്ന പണം തങ്ങളുടെ അസോസിയേഷനില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി വിനിയോഗിക്കാനാണു തീരുമാനം. ഒപ്പം വിഷമുക്തമായ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടു തരിശായി കിടക്കുന്ന കൃഷിഭൂമി പാട്ടത്തിനെടുത്തു പച്ചക്കറികൃഷി ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റിനു പിന്തുണയുമായി സെക്രട്ടറി ഇ.ആര്‍. രവി, സനില്‍ കാട്ടാത്തിയില്‍, ടി.കെ. ജയകുമാര്‍, ജന്‍സി മൂലക്കാട്ട്, ശോഭന, ഗീത തുടങ്ങിയ അസോസിയേഷന്‍ പ്രതിനിധികള്‍ ഒപ്പമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447159911.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.