മുഖപ്രസംഗം: ആസാം വീണ്ടും പുകയുമ്പോള്‍
Saturday, December 27, 2014 1:01 AM IST
വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ നിന്നു വീണ്ടും അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണു കേള്‍ക്കുന്നത്. ആസാമിലെ സോണിത്പുര്‍, കൊക്രാജര്‍ ജില്ലകളിലെ ആദിവാസി മേഖലകളില്‍ ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലുമായി എഴുപതിലധികം പേരാണു കൊല്ലപ്പെട്ടത്. കാല്‍ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്തു. കലാപം മറ്റു പ്രദേശങ്ങളിലേക്കു പടരാതിരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസാം സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ആദ്യം 5000 അര്‍ധസൈനികരെക്കൂടി ആസാമിലേക്ക് അയച്ച കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അക്രമികളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിനുതന്നെ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. താത്കാലിക പ്രശ്നപരിഹാരത്തിന് ഈ നടപടികള്‍ സഹായിച്ചേക്കാമെങ്കിലും ആസാമിലും വടക്കുകിഴക്കന്‍ മേഖലയില്‍ മൊത്തത്തിലും സ്ഥായിയായ സമാധാനമുണ്ടാകാന്‍ ഉതകുന്ന നീക്കങ്ങളാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു സ്വാതന്ത്യ്രലബ്ധിയോളം പഴക്കമുണ്ട്. വികസനത്തിലെ അപര്യാപ്ത മൂലമുള്ള ദാരിദ്യ്രവും ചൂഷണവും നിരക്ഷരതയും പിന്നോക്കാവസ്ഥയുമൊക്കെയാണ് അസ്വസ്ഥതകളുടെ അടിസ്ഥാനകാരണം. ആസാമിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ വിഭാഗമായ ബോഡോകള്‍ പ്രത്യേക സംസ്ഥാനത്തിനുവേണ്ടി പ്രക്ഷോഭം തുടങ്ങിയത് 1980കളിലാണ്. ബോഡോ വംശജരും ബ്രഹ്മപുത്ര നദിയുടെ വടക്കെ തീരത്തുള്ള ഇതര വംശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളായി ഇതു പലപ്പോഴും രൂപാന്തരപ്പെട്ടു. പ്രത്യേക അധികാരങ്ങളുള്ള ബോഡോലാന്‍ഡ് സ്വയംഭരണ സമിതി രൂപവത്കരിക്കാന്‍ 1993ല്‍ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടെങ്കിലും ആസാമിലെ രക്തച്ചൊരിച്ചില്‍ അവസാനിച്ചില്ല. ബോഡോലാന്‍ഡ് മുന്നേറ്റം തൊണ്ണൂറുകളുടെ അവസാനം കൂടുതല്‍ അക്രമാസക്തമായി. 2003 ഫെബ്രുവരിയില്‍ ഒപ്പുവയ്ക്കപ്പെട്ട ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൌണ്‍സില്‍ ഉടമ്പടിയും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ പര്യാപ്തമായില്ല. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള ഈ കരാറിനെ ബോഡോ ഇതര വംശജര്‍ എതിര്‍ത്തതോടെ താത്കാലിക ശുഭപ്രതീക്ഷയും അസ്തമിച്ചു. വെടിയൊച്ചകള്‍ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

സോണിത്പൂര്‍, കൊക്രാജര്‍ ജില്ലകളില്‍ ഗോത്രവര്‍ഗ പദവിക്കുവേണ്ടി പോരാടുന്ന 67 ആദിവാസികളെ കഴിഞ്ഞദിവസങ്ങളില്‍ കൊലപ്പെടുത്തിയതു നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് സോംഗിജിത് വിഭാഗമാണെന്നാണു പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അരവിന്ദ രാജ്ഖോവ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം, രഞ്ജന്‍ ഡൈമറി നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്നീ പ്രധാന തീവ്രവാദി വിഭാഗങ്ങള്‍ ചര്‍ച്ചാമേശയിലേക്കു വന്നത് ആസാമില്‍ സമാധാനപ്രതീക്ഷ ഉണര്‍ത്തിയിരൂന്നു. എന്നാല്‍, സമാധാനനീക്കങ്ങളോടു പുറംതിരിഞ്ഞുനിന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് സോംഗിജിത് വിഭാഗം കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതു ബോഡോ മേഖലയില്‍ അസ്വസ്ഥതകള്‍ വളര്‍ത്തി. ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ മേഖലാ ജില്ലകളില്‍ സുരക്ഷാസേന തെരച്ചില്‍ ശക്തമാക്കുകയും നിരവധി തീവ്രവാദികളെ വധിക്കുകയും ചെയ്തു. സുരക്ഷാസേന നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണു തീവ്രവാദികള്‍ കൂട്ടക്കൊല നടത്തി സര്‍ക്കാരിനെതിരേ തിരിച്ചടിക്കു ശ്രമിച്ചത്.


ഗോത്രവര്‍ഗ സമൂഹങ്ങളും തദ്ദേശവാസികളും അതിര്‍ത്തികടന്നുവരുന്ന അഭയാര്‍ഥികളും തമ്മിലുള്ള സംഘട്ടനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാധാരണമാണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പേരിലും തുടര്‍ന്നു വിദ്യാര്‍ഥിനേതാക്കള്‍ സംസ്ഥാനഭരണം പിടിച്ചതിന്റെ പേരിലും ആസാം പതിറ്റാണ്ടുകള്‍ക്കു മുമ്പു ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പിന്നീടു സംസ്ഥാനത്തു കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുകയും പ്രക്ഷോഭകാരികളുടെ പല ആവശ്യങ്ങളും സാധിച്ചുകൊടുക്കുകയും ചെയ്തതോടെ സംഘര്‍ഷസ്ഥിതിക്കു നേരിയ അയവുണ്ടായി. എന്നാല്‍, ഏതാനും വര്‍ഷമായി ബോഡോകളും ബംഗ്ളാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പലതും കലാപമായി വളര്‍ന്നിരുന്നു. 2012 ജൂലൈയില്‍ കൊക്രാജറിലും നാലു സമീപജില്ലകളിലുമുണ്ടായ കലാപത്തില്‍ അമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ പലായനം ചെയ്തു. കലാപം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്ന് ആക്ഷേപമുണ്ടായപ്പോള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണു പ്രശ്നം തണുപ്പിച്ചത്.

ഇക്കൊല്ലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ആസാമില്‍ വലിയ കലാപമുണ്ടായി. ഈ കലാപത്തിനു പിന്നില്‍ ചില രാഷ്ട്രീയ കക്ഷികളുടെയും അവയുടെ നേതാക്കളുടെയും നിരുത്തരവാദപരമായ സമീപനങ്ങളും പ്രസ്താവനകളുമുണ്ടായിരുന്നു. താത്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകളും നീക്കങ്ങളും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിടവു നികത്താന്‍ പിന്നീടു ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. അതുകൊണ്ടു കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ബാധ്യതയുണ്ട്. ആസാമിലെ മാത്രമല്ല, എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങള്‍ക്കു സത്വര പരിഹാരം കണ്െടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയണം. അധികാരശക്തി കൊണ്േടാ സൈനികശക്തി കൊണ്േടാ മാത്രം പരിഹാരം സാധ്യമല്ലെന്ന് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. വംശീയ കലാപങ്ങള്‍ ഏതു രാജ്യത്തിനും ദുരന്തം മാത്രമാവും സമ്മാനിക്കുക. പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം മുറിവുകളുണക്കി സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.