ജീവിതം ഉത്സവമാക്കിയ ബാലണ്ണന്‍
ജീവിതം ഉത്സവമാക്കിയ ബാലണ്ണന്‍
Saturday, December 27, 2014 1:11 AM IST
എസ്. മഞ്ജുളാദേവി

എല്ലാ അര്‍ഥത്തിലും ജീവിതം സമ്പൂര്‍ണമായി ആഘോഷിച്ച ഒരു കലാകാരന്‍. അതായിരുന്നു യഥാര്‍ഥത്തില്‍ എന്‍.എല്‍. ബാലകൃഷ്ണന്‍.

ജീവിതം ആസ്വദിക്കാനുള്ളതാണ്, ദുഃഖിക്കാനുളളതല്ല, നിരാശപ്പെടാനുള്ളതല്ല എന്ന ഫിലോസഫി സ്വന്തം ജീവിതത്തിലൂടെ ജീവിച്ചുകാട്ടിയ പുതിയ കാലത്തെ മനുഷ്യന്‍ എന്നു വേണമെങ്കിലും നമുക്ക് അദ്ദേഹത്തെക്കുറിച്ചു പറയാം. ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം ആഘോഷിച്ചു, സൌഹൃദങ്ങള്‍ ആഘോഷിച്ചു. സ്നേഹസമ്പന്നത ആഘോഷിച്ചു. തീര്‍ന്നില്ല, ഫോട്ടോഗ്രാഫിയും സിനിമയും അഭിനയവും വായനയുമെല്ലാം മനംനിറഞ്ഞു തന്നെ ആഘോഷിച്ചു. സാങ്കേതിക സാധ്യതകള്‍ ഇന്നത്തെപ്പോലെ വളര്‍ന്നട്ടില്ലാത്ത, ദൃശ്യാനുഭവങ്ങളുടെ റീച്ച് തിരിച്ചറിയപ്പെടാത്ത ഒരു കാലത്ത് സിനിമയില്‍ നിശ്ചല ഛായാഗ്രാഹകനായി തുടക്കം. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഭരതന്‍, പദ്മരാജന്‍ തുടങ്ങിയ സിനിമാ ലോകത്തെ മഹാപ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തനത്തിന്റെ ആദ്യകാലം.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും കോമഡി റോളുകളും ഒരുപോലെ മികച്ചതാക്കാനുള്ള ഈ നടന്റെ സിദ്ധി മലയാള പ്രേക്ഷകര്‍ അറിഞ്ഞതാണ്.തടിച്ച ശരീരത്തിന്റെ ഒരു ആനുകൂല്യവും കോമഡി റോളുകളില്‍ ബാലകൃഷ്ണന്റെ സഹായത്തിനെത്തി. എന്‍.എല്‍. ബാലകൃഷ്ണന്‍ എന്ന നടന്‍ കോമഡി കൈകാര്യം ചെയ്യാതെ തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗം പട്ടണപ്രവേശത്തിലെ പക്ഷി നിരീക്ഷകന്‍ നമുക്കു കാട്ടിത്തന്നു. പ്രഫ. ഐസക്കിന്റെ രക്തം കുത്തിയെടുക്കാന്‍ മോഹന്‍ലാലും ശ്രീനിവാസനും (വിജയനും ദാസനും) നടത്തുന്ന ശ്രമങ്ങള്‍ ഇന്നും ഓര്‍ത്തോത്തു ചിരിക്കുന്ന ചലച്ചിത്രാസ്വാദകരുണ്ട്.

ജി. അരവിന്ദന്‍ മുതല്‍ ജഗദീഷ്വരെ നീളുന്ന ഒരു വലിയ സൌഹൃദത്തിന് ഉടമ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് സൌഹൃദം തന്നെയായിരുന്നു. ചങ്ങാതിക്കൂട്ടത്തിനു മാത്രല്ല മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ക്കും ബാലണ്ണനായിരുന്നു എന്‍.എല്‍. ബാലകൃഷ്ണന്‍. 72 -ാം വയസിലും കൌമാരക്കാരന്റെ മനസും കുട്ടിയുടെ നിഷ്കളങ്കതയും സൂക്ഷിച്ച ബാലണ്ണന്റെ തമാശക്കഥകള്‍ കേള്‍ക്കാനും രസിക്കാനും അടുത്തുകൂടിയ പല തലമുറക്കാരുണ്ടായിരുന്നു.


ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നടന്‍ അഥവാ ശരിയായി വിലയിരുത്തപ്പെടാത്ത അഭിനേതാവുകൂടിയായിരുന്നു എന്‍.എല്‍. ബാലകൃഷ്ണന്‍. സ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അദ്ദേഹം മലയാള സിനിമാ ലോകത്തിനു നല്‍കിയ സംഭവനകളോ, നടന്‍ എന്ന നിലയിലെ സംഭാവനകളോ ഒന്നും മനസിലാക്കാതെ അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. പലപ്പോഴും ബാലകൃഷ്ണന്‍ തന്നെ അതിനു കാരണമായി എന്നു പറയുന്നതാവും ശരി.

സിനിമയുടെയും ഇമേജിന്റെയും പൊരുള്‍ എന്തെന്നറിയാതെ അഥവാ അതൊക്കെ വിസ്മരിച്ചുള്ള ഒരു ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. മനസില്‍ ഒന്നും മറച്ചുവയ്ക്കാനറിയാത്ത ബാലണ്ണന്‍ തന്റെ മദ്യപാനശീലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരസ്യമായി പറഞ്ഞു. അതേക്കുറിച്ചു രസകരമായ കഥകളും അനുഭവങ്ങളും വളരെക്കൂടുതല്‍ പറഞ്ഞു.

മലയാള സിനിമയുടെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കാലത്തില്‍ തുടങ്ങിയ ആ കാമറാജീവിതവും അഭിനയവും വായനയും എല്ലാം ഇതിനിടയില്‍ എപ്പോഴൊക്കെയോ മുങ്ങിപ്പോയി. ജീവിതത്തെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു ബാലണ്ണന്‍. ഏറ്റവുമൊടുവില്‍ ചികിത്സയ്ക്കുപോലും വഴികാണാതെ അര്‍ബുദവും പ്രമേഹവും കൊണ്ടുവലഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോഴും ആ ചുണ്ടിലെ വിജയച്ചിരി മാഞ്ഞില്ല.

ഇനി എല്ലാം ഈശ്വരന്റെ കൈയില്‍ എന്നും മുകളിലേക്കു വിരല്‍ ചൂണ്ടുന്ന ബാലകൃഷ്ണനെയും മലയാളി കണ്ടു.മലയാള സിനിമയുടെ നിശ്ചല ഛായാഗ്രഹണ ചരിത്രത്തിന്റെ തന്നെ നാഴികക്കല്ലാകുന്ന എത്രയോ ചിത്രങ്ങള്‍ എന്‍.എല്‍. ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്നു.

സിനിമാ ചരിത്രകാരന്മാരോ മാധ്യമങ്ങളോ കണ്ടുപിടിക്കാത്ത അപൂര്‍വ ചലച്ചിത്ര ഏടുകള്‍കാമറയെ അടക്കിവാണ ഫോട്ടോഗ്രാഫര്‍ തന്റെ കാമറ ഒപ്പിയെടുത്ത മായാദൃശ്യങ്ങള്‍ വെള്ളിവെളിച്ചത്തില്‍ പ്രദര്‍ശിപ്പിക്കാതെയാണ് വിടവാങ്ങിയതും. തന്റേതായ ശരികളില്‍ മാത്രം ജീവിച്ച ഒരു കലാകാരന്റെ അവസാന യാത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.