2001 നു മുമ്പു നല്കിയ പാസ്പോര്‍ട്ടുകള്‍ തിരിച്ചേല്പിക്കണം
Saturday, December 27, 2014 1:13 AM IST
തിരുവനന്തപുരം: 2001 നു മുമ്പ് നല്കിയതും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്തതുമായ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ അവ തിരിച്ചേല്പിച്ചു പുതിയതു കൈപ്പറ്റണമെന്നു തിരുവനന്തപുരം മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 2015 നവംബര്‍ 24 നുശേഷം ഇത്തരം പാസ്പോര്‍ട്ടുകള്‍ക്ക് ആഗോള തലത്തില്‍ നിയമ സാധുത ഉണ്ടാവില്ലെന്ന രാജ്യന്തര സിവില്‍ വ്യോമയാന സംഘടനയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

2001 മുതലാണ് യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയുന്ന പാസ്പോര്‍ട്ടുകള്‍ കേന്ദ്ര ഗവണ്‍മെന്റ് നല്കിവരുന്നത്. എന്നാല്‍ 2001നു മുമ്പ്, പ്രത്യേകിച്ച് 1999 കളുടെ മധ്യത്തില്‍ 20 വര്‍ഷത്തെ കാലാവധിയോടെ നല്കപ്പെട്ട മുഴുവന്‍ പാസ്പോര്‍ട്ടുകളും യന്ത്ര സഹായത്തോടെ വായിക്കാന്‍ കഴിയാത്തവ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ടുകളും അസല്‍ ഫോട്ടോ ഒട്ടിച്ച പാസ്പോര്‍ട്ടുകളും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്തവയാണ്. 2015 നവംബര്‍ 24 നുശേഷം കാലാവധി തീരുന്ന മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള രാജ്യത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൌരന്‍മാര്‍ തങ്ങളുടെ പാസ്പോര്‍ട്ട് പുതിയതായി നല്കുന്നതിന് മുന്‍കൂട്ടി അപേക്ഷിക്കണം. രാജ്യാന്തര യാത്രയ്ക്കു വീസയും മറ്റും ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണിത്. 2014 നവംബര്‍ 14വരെയുള്ള കണക്കുപ്രകാരം യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്ത തരത്തിലുള്ള 2,86,000 പാസ്പോര്‍ട്ടുകളുണ്ട്.പാസ്പോര്‍ട്ടുകള്‍ പുതുക്കി നല്കുന്നതിന് ലഘുവായ ഫാസ്റ്ട്രാക്ക് സംവിധാനം എല്ലാ പാസ്പോര്‍ട്ട് വിതരണകേന്ദ്രങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ുമുീൃശിേറശമ.ഴ്ീ.ശി എന്ന വിലാസത്തിലോ, ദേശീയതലത്തിലുള്ള കോള്‍സെന്ററിന്റെ ടോള്‍ ഫ്രീ നമ്പരായ (1800 - 258-1800) ലോ ബന്ധപ്പെടുക. ഇന്ത്യക്കു പുറത്ത് താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാര്‍ക്ക് അതാത് ഇന്ത്യന്‍ മിഷനുകളുമായി ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.