എടത്വ സെന്റ് അലോഷ്യസ് കോളജ് പൂര്‍വവിദ്യാര്‍ഥി മഹാസംഗമം നാളെ
Saturday, December 27, 2014 1:20 AM IST
എടത്വ: തലമുറകള്‍ ഓര്‍മച്ചെപ്പ് തുറന്ന് എടത്വ സെന്റ് അലോഷ്യസ് കോളജില്‍ സംഗമിക്കും. കോളേജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള പൂര്‍വവിദ്യാര്‍ഥി മഹാസംഗമം നാളെ വൈകുന്നേരം മൂന്നിനു കോളജില്‍ ആരംഭിക്കും. പ്രീഡിഗ്രി ബാച്ചുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ബാച്ചുതലത്തിലും ബിരുദ ബിരുദാനന്തര ബിരുദവിദ്യാര്‍ഥികള്‍ വകുപ്പുതലത്തിലും ഒത്തുചേരും. മൂന്നിന് പൂര്‍വവിദ്യാര്‍ഥികളെ പൂര്‍വാധ്യാപകരും അധ്യാപക അനധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു സ്വീകരിക്കും.

വൈകുന്നേരം 4.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പൂര്‍വവിദ്യാര്‍ഥിയും സിഎസ്ഐ മധ്യകേരള മഹായിടവക ഡെപ്യൂട്ടി മോഡറേറ്ററുമായ ബിഷപ് ഡോ.തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.സി. അനിയന്‍കുഞ്ഞ് അധ്യക്ഷതവഹിക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി കോളജിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കില്‍നിന്ന് ഉദ്ഘാടന ദീപം പൂര്‍വവിദ്യാര്‍ഥികളും അര്‍ജുന അവാര്‍ഡ് ജേതാക്കളുമായ ഒളിമ്പ്യന്‍ സെബാസ്റ്യന്‍ സേവ്യര്‍, ജോണ്‍സണ്‍ വര്‍ഗീസ്, സജി തോമസ് എന്നിവര്‍ ചേര്‍ന്നു വേദിയിലെത്തിക്കും.

കോളജിന്റെ സ്ഥാപക രക്ഷാധികാരി ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍നിന്നു കൊളുത്തിയ ദീപശിഖയാണു കെടാവിളക്കായി കോളജില്‍ സൂക്ഷിച്ചിരിക്കുന്നത്. 1965ല്‍ ആരംഭിച്ച സെന്റ് അലോഷ്യസ് കോളജ് കുട്ടനാട്ടിലെ ഏക കലാലയമാണ്. വെള്ളക്കെട്ടായിരുന്ന മണ്ണുണ്ണിപ്പാടം മണ്ണിട്ടു നികത്തിയാണു കോളജിനുള്ള സ്ഥലം എടത്വ പള്ളി ഒരുക്കിയത്. കോളജിനനുമതി നല്‍കാനെത്തിയ കമ്മിറ്റി കോളജു നിര്‍മിക്കാന്‍ പോകുന്ന സ്ഥലം വെള്ളത്തിനടിയിലാണെന്നാണെന്നു സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയത്. പിന്നീടാണു കരയുയര്‍ത്തിയത്.


കോളജിന്റെ ആദ്യ ക്ളാസുകള്‍ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് ആരംഭിച്ചത്. ഫാ. സക്കറിയാസ് പുന്നാപ്പാടം ആദ്യമാനേജരും പൂപ്പള്ളില്‍ ഡോ. പി.ടി. ജോസഫ് ആദ്യ പ്രിന്‍സിപ്പലും ആയിരുന്നു. കുട്ടനാട് എഎല്‍എ ആയിരുന്ന ഉമ്മന്‍ മാത്യുവാണ് ആദ്യ ക്ളാസ് നയിച്ചത്. ഇത്തരം സ്മരണകളുടെ വേലിയേറ്റമാകും സ്മൃതിസന്ധ്യാസംഗമം.

നാളെ 4.30നു നടക്കുന്ന പൊതുസമ്മേളനം പൂര്‍വവിദ്യാര്‍ഥികളുടെ മാത്യ-ഗുരു വന്ദനത്തോടെ സമാരംഭിക്കും. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന 50 പൂര്‍വ്വവിദ്യാര്‍ഥികളെ ആദരിക്കും. പൌരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍ മണക്കുന്നേലച്ചനെ ആദരിക്കും.

പരിപാടിയുടെ തത്സമയം ംംം.മഹ്യീശൌെരീെഹഹലഴല.ീൃഴ, ംംം.ലറമവൌേമരവൌൃരവ.രീാ, ംംം.ല്ലിീിമശൃ.രീാഎന്നി വെബ്സൈറ്റുകളില്‍ ലഭിക്കും. സമ്മേളന സമയത്തും രജിസ്ട്രേഷന്‍ സൌകര്യമുണ്ടായിരിക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ ഡോ.ജോച്ചന്‍ ജോസഫ്, കോര്‍ഡിനേറ്റര്‍ പ്രഫ.പി.എസ്. നന്ദകുമാര്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.