അനധികൃത ടെലിഫോണ്‍ ശൃംഖല; രണ്ടുപേര്‍ അറസ്റില്‍
Sunday, January 25, 2015 1:02 AM IST
കൊല്‍ഹാപുര്‍: അനധികൃത അന്താരാഷ്ട്ര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്ന രണ്ടുപേരെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് അറസ്റ് ചെയ്തു. കൊല്‍ഹാപുര്‍ ജന്താചൌക്ക് സ്വദേശി ജയ്പാല്‍ കാഗ്വേഡ്(40), ഇയാളുടെ സുഹൃത്ത്് സയാജി രഘുനാഥ് മാനെ(35) എന്നിവരാണു പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ റെയ്ഡില്‍ കൊല്‍ഹാപുര്‍ ആദത്പേട്ടിലെ ഒരു കെട്ടിടത്തില്‍നിന്നാണ് ഇവര്‍ പിടിയിലായത്.

അത്യാധുനിക ഫോണ്‍ കോള്‍ മെഷീനും നൂറിലധികം സിം കാര്‍ഡുകളും പിടിച്ചെടുത്തു. ഇതില്‍ 15 സിംകാര്‍ഡുകള്‍ ഒരാളുടെ പേരില്‍ത്തന്നെ എടുത്തതാണ്. പിടിച്ചെടുത്ത കോള്‍ മെഷീന്‍ ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ ഫോണ്‍ വിളികള്‍ ലോക്കല്‍ കോള്‍ നിരക്കില്‍ സാധ്യമാകുമായിരുന്നു. സര്‍ക്കാരിനു രണ്ടുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക നിഗമനം. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു സുരക്ഷകര്‍ശനമാക്കിയതിനെത്തുടര്‍ന്നാണു റെയ്ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.