പ്രവേശനപരീക്ഷ: ക്രീമിലെയര്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി
Sunday, January 25, 2015 1:03 AM IST
കൊച്ചി: സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് (എസ്ഇബിസ്) പ്രഫഷണല്‍ കോഴ്സുകളില്‍ സംവരണം ലഭ്യമാക്കുന്ന ക്രീമിലെയര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്െടന്നു ജസ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2015 അധ്യയനവര്‍ഷം മുതല്‍ പ്രവേശനം നേടുന്നവര്‍ക്ക് ഇതു പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. ഇതു സംബന്ധിച്ചു കമ്മീഷന്‍ നല്‍കിയ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ സംബന്ധിച്ച പ്രോസ്പെക്ടസില്‍ അധികൃതര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ശ്രദ്ധിക്കണം. മേല്‍ത്തട്ടു നിര്‍ണയത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനോ ശ്രദ്ധയിലെത്തുന്നതിനോ മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അവസാന തീയതിയായ ഫെബ്രുവരി മൂന്നിനകം അപേക്ഷ പുതുക്കി നല്‍കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശമ്പളം, കൃഷിയില്‍നിന്നുള്ള ആദായം എന്നിവ മേല്‍ത്തട്ടു പരിധിയായ ആറു ലക്ഷം രൂപയുടെ വരുമാന നിര്‍ണയത്തിനു പരിഗണിക്കില്ല. മറ്റു സ്രോതസുകളില്‍നിന്നുള്ള വരുമാനം, തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ സമ്പത്ത്, പരിധിക്കു മുകളിലുള്ള സ്വത്ത് നികുതി എന്നിവയാണു മേല്‍ത്തട്ടു നിര്‍ണയത്തിനു പരിഗണിക്കുക.

ഭരണഘടനാപദവികള്‍ വഹിക്കുന്നവര്‍, കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെ ക്ളാസ് വണ്‍, ഗ്രൂപ്പ് എ ഓഫീസര്‍മാര്‍, ക്ളാസ് രണ്ടില്‍നിന്ന് 36 വയസിനു മുമ്പ് ക്ളാസ് വണ്ണിലെത്തിയവര്‍ എന്നിവര്‍ മേല്‍ത്തട്ടില്‍ ഉള്‍പ്പെടും. പൊതുമേഖല സ്ഥാപനങ്ങളിലും മറ്റു മേഖലകളിലും തത്തുല്യ പദവിയിലുള്ളവര്‍, സൈനിക അര്‍ധസൈനിക വിഭാഗങ്ങളിലെ കേണല്‍ അഥവാ തത്തുല്യ പദവിയിലോ അതിനു മുകളിലോ ഉള്ളവര്‍, മൊത്തം വാര്‍ഷിക വരുമാന പരിധിക്കോ സ്വത്തു നികുതി നിയമപ്രകാരമുള്ള ഇളവ് പരിധിക്കോ മുകളില്‍ വരുമാനമുള്ള പ്രഫഷണലുകള്‍, വ്യാപാരികള്‍, വ്യവസായികള്‍ അഞ്ചു ഹെക്ടറോ അതിനു മുകളിലോ കൃഷിയിടം അല്ലെങ്കില്‍ തോട്ടം ഉള്ളവര്‍ എന്നിവരുടെ മക്കളും മേല്‍ത്തട്ടു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.


മേല്‍ത്തട്ടില്‍ ഉള്‍പ്പെടാത്തവര്‍ക്കു നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്കു നല്‍കിയും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ തഹസില്‍ദാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിനുള്ള അധികാരം നല്‍കിയിരുന്നത്. എസ്ഇബിസി, ഒഇസി വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഉപയോഗിച്ചാല്‍ മതിയെന്നു പ്രവേശനപരീക്ഷാ കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒഴികെയുള്ള പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഈ ഉത്തരവുകള്‍ ബാധകമാണെന്നു ജസ്റീസ് ശിവരാജന്‍ പറഞ്ഞു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗങ്ങളായ കെ. ജോണ്‍ ബ്രിട്ടോ, മുല്ലൂര്‍ക്കര മുഹമ്മദലി സഖാഫി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.