കൈക്കൂലി; സീനിയര്‍ സര്‍വേയര്‍ അറസ്റില്‍
കൈക്കൂലി; സീനിയര്‍ സര്‍വേയര്‍ അറസ്റില്‍
Sunday, January 25, 2015 12:51 AM IST
മുണ്ടക്കയം: അസിസ്റന്റ് എന്‍ജിനിയര്‍ ചമഞ്ഞു കൈക്കൂലി വാങ്ങിയ മുണ്ടക്കയം ജലവിതരണ അഥോറിറ്റി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ ഇന്‍ചാര്‍ജും സീനിയര്‍ സര്‍വേയറുമായ കാഞ്ഞിരപ്പള്ളി കപ്പാട് തൈപ്പറമ്പില്‍ മാനുവേല്‍ (52) വിജിലന്‍സ് പിടിയില്‍. വിജിലന്‍സ് ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണു മാനുവേലിനെ പിടികൂടിയത്.

സംഭവത്തെപ്പറ്റി വിജിലന്‍സ് പറയുന്നതിങ്ങനെ: കാഞ്ഞിരപ്പള്ളി പൊടിമറ്റം കരിപ്പാപ്പറമ്പില്‍ സുനീഷ് ജോര്‍ജ് വാങ്ങിയ വീടിന്റെ പഴയ ജലവിതരണ കണക്ഷന്‍ ഒഴിവാക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മുണ്ടക്കയം ജലവിതരണ വകുപ്പിന്റെ സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിക്കേണ്ടത് ഓവര്‍സിയറാണെന്നും എന്നാല്‍, അസിസ്റന്റ് എന്‍ജിനിയറായ താനെത്തി പരിശോധിക്കാമെന്നും പറഞ്ഞ് അനീഷിന്റെ വീട്ടിലെത്തുകയായിരുന്നു. പരിശോധനയ്ക്കുശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ വന്‍തുക പിഴ ഈടാക്കണമെന്നും പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ മാനുവേലിന്റെ ആവശ്യപ്രകാരം ബാറിലെത്തി മദ്യസത്കാരം നടക്കുന്നതിനിടയില്‍ മാനുവേല്‍ സുനീഷിനോട് രണ്ടായിരം രൂപ ആവശ്യപ്പെട്ടു. ഇപ്പോള്‍ തന്റെ കൈവശം ഈ തുകയില്ലെന്നും പിന്നീട് നല്‍കാമെന്നും സുനീഷ് പറഞ്ഞു. എന്നാല്‍, പഴ്സിലുണ്ടായിരുന്ന ആയിരം രൂപയും തന്റെ സഹപ്രവര്‍ത്തകനു നല്‍കാനായി മൂന്നൂറു രൂപയും മാനുവേല്‍ സുനീഷിന്റെ കൈയില്‍നിന്നു വാങ്ങി.


ബാക്കി പണത്തിനായി നിരവധി തവണ സുനീഷിനെ മാനുവേല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പണത്തിനായുള്ള മാനുവേലിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ സുനീഷ് വിജിലന്‍സില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അധികാരികള്‍ പൊടി പുരട്ടിയ നോട്ട് സുനീഷിന് നല്‍കി. മാനുവലെത്തി പണം വാങ്ങിയപ്പോള്‍ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

ഗസറ്റഡ് ഓഫീസര്‍മാരായ എഇഒ ഓഫീസ് സീനിയര്‍ സൂപ്രണ്ടന്റ് എന്‍. ഉണ്ണികൃഷണന്‍, കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എ.ഇ.എന്‍.എസ്. ശ്രീനിഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് പി.സാരഥി, എസ്ഐമാരായ കെ.ടി. തോമസ്കുട്ടി, പി.എം. തോമസ്കുട്ടി, സുധാകരന്‍, എഎസ്ഐമാരായ ഹരികുമാര്‍, മധുസൂദനന്‍, എസ്സിപിഒമാരായ രാജീവ് എസ്. നായര്‍, അനില്‍കുമാര്‍, ജയകുമാരന്‍ നായര്‍, അജിത് ശങ്കര്‍,സിപിഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.