ബിനോയിയുടെ കുടുംബത്തിനു ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം നല്‍കി
ബിനോയിയുടെ കുടുംബത്തിനു ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം നല്‍കി
Monday, January 26, 2015 11:18 PM IST
കൊച്ചി: വരാപ്പുഴ കൂനമ്മാവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ച ചിത്രകാരന്‍ ഓളിപ്പറമ്പില്‍ ബിനോയിയുടെ കുടുംബത്തിനു വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ നല്‍കി. മരണശേഷം ബിനോയിയുടെ കൈപ്പത്തി, നേത്രപടലം, കരള്‍, വൃക്ക എന്നിവ കുടുംബാംഗങ്ങള്‍ ദാനംചെയ്തിരുന്നു. ആന്തരിക അവയവങ്ങള്‍ക്കു പുറമേ ഇന്ത്യയിലാദ്യമായി കൈപ്പത്തികളും ദാനംചെയ്ത മഹാമനസ്കതയ്ക്കുള്ള ആദരവായിട്ടാണു തുക പ്രഖ്യാപിച്ചത്. വരാപ്പുഴ അന്ന ഏജന്‍സീസിലെ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്നേഹസ്പര്‍ശം ബിനോ അനുസ്മരണ ചടങ്ങില്‍ വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോണി അധ്യക്ഷയായി.

ചടങ്ങില്‍ പറവൂര്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.കെ.ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, പറവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കര്‍, അമൃത ആശുപത്രി പ്ളാസ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. രാജേഷ് പൈ, ഡോ. രോഹിത് ശര്‍മ, പറവൂര്‍ താലൂക്ക് തഹസില്‍ദാര്‍ പത്മകുമാര്‍, എറിക് റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.


സംഘാടക സമിതി അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പുള്ളി സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു. വരാപ്പുഴ ഡിവൈഎഫ്ഐ അംഗങ്ങളുടെ അവയവദാന സമ്മതപത്രം ചടങ്ങില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്കു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.