ഒരാളെ ലക്ഷ്യമാക്കിയുള്ള ആരോപണത്തില്‍ ഗൂഢലക്ഷ്യം: കത്തോലിക്കാ കോണ്‍ഗ്രസ്
Monday, January 26, 2015 12:47 AM IST
കൊച്ചി: തെളിവു നല്‍കാത്ത ആരോപണത്തിന്റെ പേരില്‍ ധനകാര്യമന്ത്രി കെ.എം. മാണി രാജിവയ്ക്കേണ്ടതില്ലെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നു പറയപ്പെടുന്ന മറ്റു മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താതെ ഒരാളെ മാത്രം ലക്ഷ്യമാക്കിയുള്ള ഈ രാഷ്ട്രീയക്കളി ഉടനെ അവസാനിപ്പിക്കണം. ബാര്‍കോഴ വിവാദത്തിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതാണ്. ഒരു മന്ത്രിയെ മാത്രം ലക്ഷ്യമാക്കിയുള്ള ഈ തന്ത്രത്തിന്റെ പിന്നിലെ ഗൂഢലക്ഷ്യം എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്. ബിജു രമേശ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മറ്റു ബാറുടമകള്‍ നിഷേധിച്ചിട്ടുണ്ട്.

രണ്ടര മാസത്തോളമായിട്ടും തന്റെ കൈവശമുണ്െടന്ന് അവകാശപ്പെടുന്ന രേഖകള്‍ പൂര്‍ണമായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൊടുക്കാതെ, അന്വേഷണത്തെ വഴിതെറ്റിക്കാനും പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ബോധപൂര്‍വം ബിജു രമേശ് നടത്തുന്ന കരുനീക്കങ്ങള്‍ അഴിമതിയാരോപണത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്.


തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കി അവരോടു സഹകരിച്ച് അഴിമതി വെളിച്ചത്തു കൊണ്ടുവരികയാണു മാന്യതയുളളവര്‍ ചെയ്യേണ്ടത്. അഴിമതി ഏതുതരത്തിലുളളതായാലും ആരു നടത്തിയാലും കത്തോലിക്കാ കോണ്‍ഗ്രസ് അംഗീകരിക്കില്ല. അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്െടന്നും പ്രസ്താവന പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.