അപകടങ്ങള്‍ കുറഞ്ഞതു ചരിത്രനേട്ടം; കുരുക്കൊഴിഞ്ഞതിന്റെ നേട്ടമായി രണ്ടു കോടി
Monday, January 26, 2015 12:54 AM IST
എരുമേലി: ഇത്തവണ ശബരിമല തീര്‍ഥാടനകാലം പൂര്‍ത്തിയായതിന്റെ കണക്കെടുപ്പില്‍ ചരിത്രനേട്ടം. അപകടങ്ങളുടെ എണ്ണം മുന്‍കാലങ്ങളേക്കാള്‍ തീരെ കുറഞ്ഞതാണു ചരിത്ര നേട്ടമായി മാറുന്നത്. ഒപ്പം വലിയൊരു ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കാനനപാതയില്‍ ഹൃദയാഘാത മരണങ്ങള്‍ ഇത്തവണ വര്‍ധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്.

നദികളിലും കുളിക്കടവുകളിലും മുന്‍കാലങ്ങളില്‍ നിരവധി അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടു മരിച്ചത്. എന്നാല്‍, ഇത്തവണ അത്തരം അപകട സംഭവങ്ങളൊന്നുംതന്നെ ഉണ്ടായില്ല. കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാന്‍ കാരണമായ ഹൈക്കോടതി ഉത്തരവിന്റെ നേട്ടമായി ഇതു മാറുന്നു. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടത് അപകടങ്ങള്‍ കുറയാന്‍ കാരണമായി.

ശബരിമല പാതകളില്‍ നിത്യശാപമായിരുന്ന ഗതാഗതക്കുരുക്ക് ഇത്തവണ കാര്യമായുണ്ടായില്ല. ഇത് വന്‍തോതില്‍ ഇന്ധന ലാഭമാണ് സൃഷ്ടിച്ചത്. ഇതിന്റെ നേട്ടം കെഎസ്ആര്‍ടിസിക്കും ലഭിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ അരലക്ഷം വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ക്കിംഗ് ഗ്രൌണ്ട് പരമാവധി ഉപയോഗിക്കാന്‍ കഴിഞ്ഞതാണു മറ്റൊരുനേട്ടം. ഇവിടെനിന്ന് അയ്യപ്പഭക്തരെ പമ്പയിലേക്കും തിരികെയും എത്തിച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസിന് രണ്ട്കോടി രൂപയാണു വരുമാനമായി ലഭിച്ചത്. നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൌണ്ടിന്റെ ശേഷി വര്‍ധിപ്പിച്ചാല്‍ ഒരു ലക്ഷത്തില്‍പരം വാഹനങ്ങളെ ഉള്‍ക്കൊള്ളും. ഇത് യാഥാര്‍ഥ്യമായാല്‍ ശബരിമല പാതയില്‍ വാഹനക്കുരുക്കുണ്ടാകില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പും പറയുന്നു. ഇത്തവണ 30 ലക്ഷത്തില്‍പരം വാഹനങ്ങള്‍ ശബരിമലയിലേക്ക് സഞ്ചരിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ സീസണിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ് വാഹനങ്ങളുടെ കാര്യത്തില്‍ ഇത്തവണയുണ്ടായിരിക്കുന്നത്. പാതയില്‍ തകരാറിലായ വാഹനങ്ങളുടെ എണ്ണം 6250 ആണ്. തകരാറിലായ വാഹനങ്ങള്‍ വഴിയില്‍ കിടന്ന കാഴ്ചയുണ്ടായതുമില്ല. റോഡ് സേഫ്സോണിന്റെ നേതൃത്വത്തില്‍ എല്ലാ വാഹന കമ്പനികളുടെയും മെക്കാനിക്കുകളും റിക്കവറി വാഹനങ്ങളും തകരാറിലായ വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിരത്തിലുണ്ടായിരുന്നു.


മകരജ്യോതി ദര്‍ശനവും ഇതുകഴിഞ്ഞുള്ള മടക്കവും അപകടരഹിതമാക്കാന്‍ വന്‍ സന്നാഹമാണ് ഉറക്കമൊഴിച്ച് കാവല്‍ നിന്നത്. വണ്ടികള്‍ തമ്മിലുള്ള ഉരസലും തട്ടലും മുട്ടലും ഉള്‍പ്പെടെ ചെറുതും വലുതുമായ 235 അപകടങ്ങളാണ് ഇത്തവണയുണ്ടായത്.

അതേസമയം മറ്റുപാതകളിലും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരക്കേറെയുണ്ടായിട്ടും ശബരിമല പാതകളിലെ അപകടങ്ങളുടെ എണ്ണം വന്‍തോതിലാണ് കുറഞ്ഞത്. അട്ടത്തോടിനും ചാലക്കയത്തിനും മധ്യേ കാര്‍ അപകടത്തില്‍പ്പെട്ട് താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചതു മാത്രമാണ് ഇത്തവണയുണ്ടായ ഏക അപകട മരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.