ഭരണഘടനയുടെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തരുത്: മാര്‍ പവ്വത്തില്‍
ഭരണഘടനയുടെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തരുത്: മാര്‍ പവ്വത്തില്‍
Monday, January 26, 2015 12:44 AM IST
ചങ്ങനാശേരി: ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന മതേതര സ്വഭാവത്തിനുനേരേ ഉയരുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാന്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഭരണഘടനയുടെ മതേതര സ്വഭാവം എന്നും നിലനില്ക്കണമെന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.

എസ്ബി കോളജിലെ മാര്‍ പടിയറ ഹാളില്‍ അതിരൂപതാ പബ്ളിക്റിലേഷന്‍സ്- ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിലാണു സെമിനാര്‍ സംഘടിപ്പിച്ചത്. കെ.സി. വേണുഗോപാല്‍ എംപി സമ്മേളനം ഉദ്ഘാടനംചെയ്തു. ഭരണഘടനയുടെ മതേതര സ്വഭാവം തകരുന്നതും മറ്റു മതങ്ങളുമായി സംഘര്‍ഷം സൃഷ്ടിക്കപ്പെടുന്നതും സര്‍വലോകത്തിന്റെയും ക്ഷേമം കാംക്ഷിക്കുന്ന ഹൈന്ദവ മതത്തിന്റെ തത്വസംഹിതകള്‍ക്കു വിരുദ്ധമാണെന്ന് എംപി അഭിപ്രായപ്പെട്ടു. ജോസഫ് വാഴക്കന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.


അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, പിആര്‍ഒ പ്രഫ. ജെ.സി. മാടപ്പാട്ട്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, സജി മതിച്ചിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. വര്‍ഗീസ് താനമാവുങ്കല്‍, അഡ്വ.പി.പി. ജോസഫ്, അഡ്വ. ജോജി ചിറയില്‍, പ്രഫ. ജോസഫ് റ്റിറ്റോ, തോമസ് സെബാസ്റ്യന്‍ വൈപ്പിശേരി എന്നിവര്‍ നേതൃത്വം നല്‍കി. ഭരണഘടനാ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് അതിരൂപതയിലെ ഇടവകകളില്‍ ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. റിപ്പബ്ളിക്ദിനമായ ഇന്നു രാവിലെ ഇടവക ദേവാലയങ്ങളില്‍ പതാക ഉയര്‍ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.