ശബ്ദരേഖ വ്യാജം: കെ.എം. മാണി
ശബ്ദരേഖ വ്യാജം: കെ.എം. മാണി
Wednesday, January 28, 2015 11:19 PM IST
തിരുവനന്തപുരം: യുഡിഎഫ് ഇവിടെയുണ്െടങ്കില്‍ ധനമന്ത്രിയായ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ധനമന്ത്രി കെ.എം. മാണി. പൊതുപ്രവര്‍ത്തകരെ തേജോവധം ചെയ്യുന്ന ബ്ളാക്ക്മെയില്‍ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രതിപക്ഷം കനത്ത വില നല്കേണ്ടിവരും. ബാര്‍ കോഴ വിവാദത്തിലെ ശബ്ദരേഖ, ആരോപണമുന്നയിച്ചതിനു ശേഷം കൃത്രിമമായി ഉണ്ടാക്കിയ വ്യാജരേഖയാണെന്നും മാണി കുറ്റപ്പെടുത്തി.

ഇവിടെ നടത്തിയ പത്രസമ്മേളനത്തിലാണ് മാണി ആരോപണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ധനകാര്യ മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നതു പ്രതിപക്ഷത്തിന്റെ അധഃപതനമാണു വെളിവാക്കുന്നത്. പ്രതിപക്ഷത്തിന് ഒരു ധര്‍മമുണ്ട്. അവരതു മറക്കരുത്: മാണി പറഞ്ഞു.

എന്റെ ശക്തി യുഡിഎഫാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഉണ്െടങ്കില്‍ ഞാന്‍ ബജറ്റ് അവതരിപ്പിച്ചിരിക്കും. ഇപ്പോള്‍ ബജറ്റിന്റെ പണിപ്പുരയിലാണ്.

50 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനത്തിനുള്ളില്‍ ഇന്നേവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കള്ളപ്രചാരണംകൊണ്ട് തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. ധനകാര്യ വകുപ്പുമായി നേരിട്ടു ബന്ധമില്ലാത്ത, സര്‍ക്കാര്‍ നയപരമായി ഒരുമിച്ചെടുത്ത മദ്യനയത്തിന്റെ പേരിലാണ് ഇപ്പോള്‍ ധനകാര്യ വകുപ്പിനു നേരെ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭാ തെരഞ്ഞടുപ്പ് സമയത്താണ് ആദ്യം ബാര്‍കോഴ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് എട്ടു മാസങ്ങള്‍ക്കുശേഷമാണ് ഒരു ബാറുടമ ആക്ഷേപവുമായി രംഗത്തെത്തിയത്. ഇതില്‍ ബാറുടമ ഉന്നയിച്ച ആരോപണത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയും പൊരുത്തക്കേടുകളും പരിശോധിക്കേണ്ടതാണ്. 10 ലക്ഷത്തില്‍ തുടങ്ങിയ കോഴ ആരോപണം 30 കോടിയില്‍ വരെ എത്തുന്ന വ്യത്യസ്ത ആരോപണങ്ങള്‍ ഒരേ വ്യക്തിയില്‍ നിന്നുതന്നെയാണ് ഉണ്ടായത്. തന്റെ വീട്ടില്‍ പണം എണ്ണുന്ന മെഷീന്‍ വരെയുണ്െടന്ന ആരോപണവും ഉയര്‍ന്നു.


കോഴ ആവശ്യപ്പെട്ടു എന്നു പറയുന്നവര്‍ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ധനകാര്യമന്ത്രിക്ക് എന്തു പങ്കാണ് ഉള്ളതെന്ന് വ്യക്തമാക്കണം. നയം തീരുമാനിക്കുന്നതു യുഡിഎഫും തീരുമാനമെടുക്കുന്നതു മന്ത്രിസഭയുമാണ്.

ബാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ചില കേസുകള്‍ ഉള്ളതിനാല്‍ അതുസംബന്ധിച്ചുള്ള നിയമവകുപ്പിന്റെ അഭിപ്രായം ചോദിച്ച് എക്സൈസ് കമ്മീഷണറുടെ ഫയല്‍ ലഭിച്ചിരുന്നു. അത് ഓഫീസില്‍ ലഭിച്ച ദിവസം താന്‍ സ്ഥലത്തില്ലായിരുന്നു, പ്രൈവറ്റ് സെക്രട്ടറി ഫയല്‍ നിയമ സെക്രട്ടറിക്കു കൈമാറി. അദ്ദേഹം പരിശോധിച്ചു ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തി. ഫോണിലൂടെ അതിനു മന്ത്രിയായ താന്‍ അംഗീകാരം നല്കുകയുമായിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകുമെന്നും മാണി പറഞ്ഞു. ബാര്‍ കോഴ ആരോപിക്കുന്ന മദ്യവ്യാപാരി തെളിവെന്ന പേരില്‍ ഇതിനകം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകളെല്ലാം ആരോപണം ഉന്നയിച്ചതിനുശേഷം കൃത്രിമമായി ഉണ്ടാക്കിയെടുത്തവയാണ്. ഇപ്പോഴും ആ പരിപാടികള്‍ നടക്കുന്നു.

ആരോപണം ഉന്നയിച്ച ആള്‍ക്കു തെളിയിക്കാന്‍ ബാധ്യത ഇല്ലെന്നും ആരോപിതന്‍ നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള വിചിത്രമായ വാദഗതിയാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതു തങ്ങള്‍ക്കും ബാധകമാകുന്ന കാര്യമാണെന്നു അവര്‍ മറക്കരുത്. ഒരു ബാറുടമ യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശമാണ്. ബാറുകാരന്‍ ഉന്നയിച്ച കെട്ടുകഥകള്‍ ഏറ്റെടുത്തു രാജിവയ്ക്കണമെന്നു പറയുന്നതും ഹര്‍ത്താല്‍ നടത്തുന്നതും വഴി തടയണമെന്നു ആഹ്വാനം ചെയ്യുന്നതും ജനാധിപത്യ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും കെ.എം. മാണി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.