ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രത്തിനു കഴിയണം: മുഖ്യമന്ത്രി
ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രത്തിനു കഴിയണം: മുഖ്യമന്ത്രി
Wednesday, January 28, 2015 12:39 AM IST
ആലപ്പുഴ: ശുദ്ധജലം, ഊര്‍ജം, ശുചിത്വം, പാര്‍പ്പിടസൌകര്യം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുവാന്‍ ശാസ്ത്രലോകത്തിനു കഴിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴയില്‍ 27-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മൂലം ആലപ്പുഴയില്‍ എത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നു മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മാലിന്യസംസ്കരണം, പരിസ്ഥിതി മലിനീകരണം, പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ശാസ്ത്രലോകം വെല്ലുവിളിയായി സ്വീകരിച്ചു പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കണം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങള്‍ എന്നതു മുഖ്യവിഷയമാക്കിയത് ആലപ്പുഴയില്‍ നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസിന് അനുചിതമാണ്. ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളും ഇത്തരം വ്യവസായ സ്ഥാപനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തിന്റെ സമഗ്രമായ വ്യവസായ വികസനം എന്ന സ്വപ്നം യാഥാര്‍ഥ്യമാകൂ.


കേരള സര്‍ക്കാരിന്റെ പുതിയ നയരേഖ ‘കേരള പരിപ്രേക്ഷ്യം-2030’ ഇത്തരുണത്തില്‍ പ്രസക്തമാണ്. ഇവിടെ വളര്‍ന്നു വരുന്ന യുവശാസ്ത്രജ്ഞരെ ഇവിടെത്തന്നെ നിയമിച്ചു ഗവേഷണം നടത്തുന്നതിനുവേണ്ടി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലെ എല്ലാ സ്ഥാപനങ്ങളിലെയും പ്രധാന ഒഴിവുകള്‍ നികത്തുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ദീര്‍ഘകാലം മുടങ്ങിക്കിടന്ന പ്രമോഷന്‍ ഇപ്പോള്‍ യഥാസമയം നടക്കുന്നുണ്ട്. ശാസ്ത്രജ്ഞരുടെയും അഡ്മിനിസ്്ട്രേറ്റീവ് ജീവനക്കാരുടെയും റിട്ടയര്‍മെന്റ് പ്രായം സര്‍ക്കാര്‍ ഏകീകരിച്ചു. സംസ്ഥാനത്തിന്റെ പിന്നോക്കമേഖലകളില്‍ ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ അതതുപ്രദേശങ്ങളുടെ അനുയോജ്യമായ വികസനപദ്ധതികള്‍ക്കു രൂപം നല്കാന്‍ ശാസ്ത്രകൌണ്‍സിലിനു കഴിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അധ്യക്ഷത വഹിച്ചു. അഗ്നി മിസൈല്‍ പ്രോജക്ട് ഡയറക്ടര്‍ ടെസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ടി.രാമസ്വാമി, ഡോ.വി.ജി.ശ്രീദേവി, ഡോ.ലേഖ എന്നിവര്‍ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.